യു എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കയ്‌ക്കെതിരെ കടുത്ത നടപടികളുമായി ചൈന. യുഎസുമായുള്ള പ്രതിരോധ യോഗങ്ങള്‍ റദ്ദാക്കാനും സുപ്രധാന കാലാവസ്ഥാ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാനും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധവും ഏര്‍പ്പെടുത്തി.
ആഗോളതലത്തില്‍ പ്രതീക്ഷയായിരുന്ന കാലാവസ്ഥ ചര്‍ച്ചകളില്‍ നിന്ന് ചൈന പിന്മാറി
എല്ലാ സഹകരണവും റദ്ദാക്കി ചൈന
യുഎസും ചൈനയും സഹകരിക്കുന്ന കാലാവസ്ഥ ചര്‍ച്ചകള്‍ ആഗോളതലത്തില്‍ വലിയ പ്രതീക്ഷ നല്‍കിയവയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന രണ്ട് രാജ്യങ്ങള്‍, വിയോജിപ്പുകള്‍ക്കിടയിലും കാലാവസ്ഥാ സന്തുലനമെന്ന ലക്ഷ്യത്തിന് ഒന്നിച്ചു നില്‍ക്കുന്നതിനെ ലോകരാജ്യങ്ങളെല്ലാം പ്രശംസിച്ചു. ഐക്യരാഷ്ട്രസഭയുടെ ഗ്ലാസ്‌ഗോ COP 26 ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും സഹകരണത്തിനായുള്ള കാലാവസ്ഥാ കരാറിലും ഒപ്പുവച്ചു. കാലാവസ്ഥാ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പതിവായി യോഗം ചേരുമെന്ന ഉറപ്പാണ് ഉടമ്പടിയിലുണ്ടായിരുന്നത്. ഈ സഹകരണത്തില്‍ നിന്നാണ് ചൈന പിന്‍മാറുന്നത്.
പ്രതിരോധ രംഗത്തും സുരക്ഷാ രംഗത്തും ചര്‍ച്ചകള്‍ നടത്തുന്നതിനും യോഗങ്ങള്‍ ചേരുന്നതിനുമുള്ള ധാരണയില്‍ നിന്നും ചൈന പിന്മാറി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള സഹകരണം, നിയമ സഹായം, രാജ്യാന്തര കുറ്റകൃത്യങ്ങള്‍, ലഹരി വിരുദ്ധ ചര്‍ച്ചകള്‍ എന്നിങ്ങനെ യുഎസുമായുള്ള വിവിധ സഹകരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പെലോസി ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടെന്ന് ചൈന
തായ്‌വാന്‍ സന്ദര്‍ശനം പ്രകോപനപരവും ചൈനയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും തുരങ്കം വയ്ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പെലോസിയ്‌ക്കെതിരായ ചൈനീസ് ഉപരോധം. "പെലോസി ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഗൗരവമായി ഇടപെടുകുകയായിരുന്നു. ചൈനയുടെ ആശങ്കകളും എതിര്‍പ്പും പരിഗണിച്ചില്ല. അതിനാല്‍ പെലോസിക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നു" എന്നാണ് ചൈനീസ് വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന. തായ്‌വാനെ ഒറ്റപ്പെടുത്താന്‍ ചൈനയെ അനുവദിക്കില്ലെന്ന്, സന്ദര്‍ശന ശേഷം പെലോസി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ചൈനയുടെ നടപടി.
പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചൈന അന്ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയുടെ പരമാധികാരം സംരക്ഷിക്കാന്‍ സൈന്യം എന്നും പ്രതിജ്ഞാബദ്ധമെന്നും രാജ്യം എന്ത് നടപടിക്കും സജ്ജമാണെന്നുമായിരുന്നു വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ അറിയിച്ചത്. പിന്നാലെ തായ്‌വാന്‍ കടലിടുക്കില്‍ ചൈന ആഗസ്റ്റ് നാല് മുതല്‍ ഏഴുവരെ നീളുന്ന സൈനിക അഭ്യാസത്തിനും തുടക്കമിട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സൈനിക അഭ്യാസത്തില്‍ നൂറിലധികം യുദ്ധവിമാനങ്ങളും 10 യുദ്ധക്കപ്പലുകളും പങ്കെടുത്തതായി ചൈന അറിയിച്ചു. പ്രകോപനപരമായ നടപടികളാണ് ചൈനയുടേതെന്ന് തായ്‌വാന്‍ പ്രതികരിച്ചു. അമേരിക്കയ്ക്ക് പുറമെ ജപ്പാനും യൂറോപ്യന്‍ യൂണിയനുമെല്ലാം സൈനിക അഭ്യാസത്തില്‍ ചൈനയ്‌ക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്. വലിയ മിസൈലുകള്‍ തായ്‌വാനിലേക്ക് തൊടുക്കുന്ന ചൈനീസ് നടപടി അംഗീകരിക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. നീതീകരിക്കാനാവാത്ത നടപടികളാണ് ചൈനയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള അമേരിക്കന്‍ പ്രതിനിധിയാണ് നാന്‍സി പെലോസി.തായ്‌വാനെ ചൊല്ലിയുള്ള യുഎസ്-ചൈനാ തര്‍ക്കം രൂക്ഷമായിരിക്കെയായിരുന്നു പെലോസിയുടെ സന്ദര്‍ശനം. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകള്‍ അവഗണിച്ച്, ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പെലോസി തായ്‌വാനില്‍ എത്തിയത്. പിന്നാലെ ശക്തമായി എതിര്‍പ്പുമായി ചൈന രംഗത്തെത്തി. എന്നാല്‍, എവിടെ യാത്ര ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ് എന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മറുപടി.