WORLD

'അക്രമം അവസാനിപ്പിക്കാൻ ഏതറ്റം വരെയും പോകും'; ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന

ഞായറാഴ്ച നടന്ന കയ്റോ ഉച്ചകോടിയിൽ ചൈനയുടെ പ്രത്യേക പ്രതിനിധി ഷായ് ജുൻ ഇസ്രയേൽ - ഹമാസ് സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു

വെബ് ഡെസ്ക്

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് 'അനുയോജ്യമായതെന്തും' ചെയ്യാൻ തയാറെന്ന് ചൈന. പശ്ചിമേഷ്യയിലെ ചൈനയുടെ പ്രത്യേക പ്രതിനിധിയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൈനയുടെ മുതിർന്ന നയതന്ത്രജ്ഞനായ ഷായ് ജുൻ നിലവിൽ പലസ്തീൻ പര്യടനത്തിലാണ്. ഗാസയിലെ സ്ഥിതിഗതികൾ അത്യധികം ഗുരുതരമാണെന്ന് അദ്ദേഹം അറിയിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വലിയ തോതിലുള്ള സംഘർഷങ്ങൾക്ക് വഴിവയ്ക്കാൻ സാധ്യതയുള്ള നിലവിലെ സാഹചര്യവും അയൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സായുധ സംഘർഷങ്ങളും ആശങ്കാജനകമാണെന്നും ഷായ് ജുൻ കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളുമായി ചൈന അടുത്ത ബന്ധം പുലർത്തുമെന്ന് ഞായറാഴ്ച നടന്ന കയ്റോ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കവെ ഷായ് ജുൻ പറഞ്ഞു. രണ്ടാഴ്ചയായി തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, നിലവിലെ 'ഭയാനകമായ യുദ്ധഭീതി' അവസാനിപ്പിക്കാൻ എത്രയും വേഗം നടപടിയെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഈജിപ്ത് റാഫ അതിർത്തി തുറന്നതിനു പിന്നാലെയാണ് സമാധാന ഉച്ചകോടി നടന്നത്. കയ്റോ ഉച്ചകോടിയിൽ യുഎസ് പങ്കെടുത്തിരുന്നില്ല.

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും എത്രയും വേഗം സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഉച്ചകോടിയിൽ ഷായ് ജുൻ ആഹ്വാനം ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

"പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗമല്ല യുദ്ധമെന്നും അക്രമത്തെ പ്രത്യാക്രമണത്തിലൂടെ നേരിടുന്നത് ക്രൂരമായ പ്രതികാര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും ചൈന വിശ്വസിക്കുന്നു," ഷായ് ജുൻ പറഞ്ഞു.

വർഷങ്ങളായി ബീജിങ് ഇസ്രയേലുമായി നല്ല ബന്ധം പുലർത്തുന്നുണ്ടെങ്കിലും പലസ്തീൻ ആവശ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. സംഘർഷം രൂക്ഷമായ പ്രദേശത്തേക്ക് മാനുഷിക സാഹായങ്ങൾ ഉൾപ്പടെ ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കുമായി ചൈനീസ് പ്രതിനിധി സംഘർഷ മേഖലയിൽ നയതന്ത്ര പര്യടനത്തിലാണ്. പലസ്തീൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും യുഎൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായും ഷായ് ഫോണിലൂടെ സംസാരിച്ചു.

യു എൻ മുഖേനയും ഉഭയകക്ഷികളിലൂടെയും പലസ്തീൻകാർക്ക് അടിയന്തര സഹായം ചൈന നൽകിവരുകയാണ്. തുടർന്നും ചൈനയുടെ ഭാഗത്തുനിന്ന് വേണ്ട സാഹായങ്ങൾ ഉണ്ടാകുമെന്ന് ഷായ് ജുൻനെ ഉദ്ധരിച്ച് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസ് - ഇസ്രയേൽ സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ട സാഹചര്യത്തിൽ, പ്രതിരോധത്തിന്റെ പേരില്‍ ഗാസയിലെ പലസ്തീനികളെ ഒന്നടങ്കം ശിക്ഷിക്കുന്ന നടപടികളില്‍നിന്ന് പിന്‍മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ ഇസ്രയേലിന്റെ നടപടികളെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും വിമര്‍ശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ