ഒരു രാജ്യത്ത് ചാരപ്പണിക്കായി ആ രാജ്യത്തിന്റെ തന്നെ സാങ്കേതിക വിദ്യ ഉപയോഗിക്കുമോ? അമേരിക്കയിൽ ചാരപ്പണി ചെയ്യാൻ അവരുടെ തന്നെ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുകയാണ് ചൈന. ഈ വർഷമാദ്യം യുഎസിന് മുകളിലൂടെ പറന്ന ചൈനീസ് ചാര ബലൂണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് അമേരിക്കയുടെ സാങ്കേതിക വിദ്യ തന്നെ ഉപയോഗിച്ചാണ് ചൈന ചാരവൃത്തി ചെയ്തെന്നുള്ള വിവരങ്ങൾ വാൾ സ്ട്രീറ്റ് ജേണൽ പുറത്ത് വിട്ടത്.
വിവിധ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ യുഎസ് ഗിയർ, ഫോട്ടോകൾ, വീഡിയോകൾ, മറ്റ് ഉപകരണങ്ങൾ, ചൈനയുടെ പ്രത്യേക സെൻസറുകൾ തുടങ്ങിയവ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിച്ചതായാണ് കണ്ടെത്തൽ.
കാലാവസ്ഥ നിരീക്ഷണത്തിനായി അയച്ച ബലൂൺ എന്നാണ് ചൈന നൽകിയ വിശദീകരണമെങ്കിലും ചാരപ്പണി ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നതിന് കൂടുതൽ തെളിവുകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ബലൂൺ സഞ്ചരിച്ചെങ്കിലും ചൈനയ്ക്ക് സുപ്രധാന വിവരങ്ങൾ കൈമാറാനായിക്കാണില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
ഈ വർഷം ജനുവരി 28 മുതൽ ഫെബ്രുവരി നാലുവരെയാണ് ചൈനീസ് ചാര ബലൂൺ അമേരിക്കൻ ആകാശത്തിന് മുകളിൽ പറന്നത്. ജോ ബൈഡന്റെ നിർദേശപ്രകാരം ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്ക വെടിവച്ചിട്ടു. അവശിഷ്ടങ്ങൾ ശേഖരിച്ച് പരിശോധനകളുൾപ്പെടെ നടന്നുവരികയാണ്. വൈറ്റ് ഹൗസും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും പുതിയ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.
ചൈനീസ് ചാര ബലൂണിൽ നിർണായക വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നതായി അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ആശയവിനിമയങ്ങൾ പിടിച്ചെടുക്കാനും ജിയോലൊക്കേറ്റ് ചെയ്യാനും കഴിവുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്. ബലൂണിലുണ്ടായിരുന്ന ഉപകരണങ്ങൾ ഇന്റലിജൻസ് നിരീക്ഷണത്തിന് വേണ്ടിയുള്ളതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സ്ഥിരീകരിച്ചിരുന്നു. ആശയവിനിമയങ്ങൾ ശേഖരിക്കുക, ജിയോലൊക്കേറ്റ് ചെയ്യുക എന്നിവ സാധ്യമാക്കാനായി ഒന്നിലധികം ആന്റിനകൾ ബലൂണിലുണ്ടായിരുന്നെന്നായിരുന്നു കണ്ടെത്തൽ.