WORLD

ഇന്ത്യയുമായുള്ള തർക്കത്തിനിടെ ചൈനയുടെ സൗജന്യ സൈനിക സഹായം; കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്, ഗവേഷണ കപ്പലിനും അനുമതി

വെബ് ഡെസ്ക്

രാജ്യത്തുനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച് മാലദ്വീപ്. മാലദ്വീപിന് സൗജന്യ സൈനിക സഹായം നൽകുന്നതിനുള്ള കരാറിലാണ് മാലദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസ്സാൻ മൗമൂണും ചൈനയുടെ ഇന്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുമെന്ന് കൂടിക്കാഴ്ചയിൽ ഇരുവരും ഉറപ്പുനൽകി. ചൈനയുമായി ശക്തമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുത്തെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രാലയം പിന്നീട് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് എഡിഷൻ ഡോട്ട് എംവി എന്ന ന്യൂസ് പോർട്ടലാണ് പുറത്തുവിട്ടത്. നേരത്തെ ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03-ന് മാലദ്വീപിൽ നങ്കുരമിടാനും പര്യവേഷണത്തിനും മാലദ്വീപ് അനുമതി നൽകിയിരുന്നു.

ഇതേ കപ്പലിന് ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് ശ്രീലങ്ക അനുമതി നിഷേധിക്കുകയും വിദേശ ഗവേഷണ കപ്പലുകൾ ശ്രീലങ്കൻ അധീനതയിലുള്ള കടലിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചൈനീസ് ഗവേഷണ കപ്പലുകൾ അയൽരാജ്യങ്ങളിൽ എത്തുകയും ഇന്ത്യയോട് ചേർന്ന പ്രദേശങ്ങളിലെ സമുദ്രങ്ങളിൽനിന്ന് രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയുടെ നടപടി.

അതേസമയം കടലിലുള്ള ചൈനയുടെ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കും സമുദ്രത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ശാസ്ത്രീയ ധാരണയ്ക്ക് സംഭാവന നൽകാനും ലക്ഷ്യമിടുന്നതാണെന്ന് ചൈനീസ് വക്താവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ ആദ്യസംഘത്തോട് മാർച്ച് 10 നുള്ളിൽ തിരികെ പോകാനാണ് മാലദ്വീപ് സർക്കാരിന്റെ നിർദേശം. നേരത്തെ മാലദ്വീപിൽ ആധുനിക ലൈറ്റ് ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്ന സൈനികർക്ക് പകരമായി സാങ്കേതിക വിദഗ്ധരുടെ ആദ്യ സിവിലിയൻ സംഘം എത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ചൈനീസ് സൈനിക സംഘത്തിന്റെ മാലദ്വീപ് സന്ദർശനം.

മേയ് 10 നകം രണ്ട് ഘട്ടങ്ങളിലായി മുഴുവൻ സൈനികരെയും ഇന്ത്യ പിൻവലിക്കുമെന്ന് ഉന്നതതല കോർ ഗ്രൂപ്പിന്റെ യോഗങ്ങൾക്കുശേഷം മാലദ്വീപ് വിദേശകാര്യ മന്ത്രാലയ, അറിയിച്ചിരുന്നു. മാലദ്വീപ് സർക്കാരിന്റെ കണക്കനുസരിച്ച്, 88 ഇന്ത്യൻ സൈനികരാണ് അവിടെയുളളത്.

പുതിയ പ്രസിഡന്റ് മുയിസു അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യൻ സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുയിസു വാഗ്ദാനം ചെയ്തിരുന്നു. മുൻ സർക്കാരുകൾ ഇന്ത്യയുമായി ഒപ്പിട്ട നൂറിലധികം ഉഭയകക്ഷി കരാറുകൾ അവലോകനം ചെയ്യുകയാണെന്നും മുയിസു സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം, മാലദ്വീപിന് സമീപം പുതിയ നാവിക താവളം നിർമിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപായ മിനിക്കോയിയിൽ ഐഎൻഎസ് ജടായു എന്ന പേരിലാണ് പുതിയ സൈനിക താവളം നിർമിക്കുക. ലക്ഷദ്വീപിൽനിന്ന് 130 കിലോമീറ്റർ (80 മൈൽ) മാത്രമാണ് മാലദ്വീപിലേക്കുള്ള ദൂരം. കൂടുതൽ വിശദമായ പദ്ധതി ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്നും നാവികസേന അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും