WORLD

ചൈനീസ് ഫോര്‍മുലയില്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് പുടിന്‍, പക്ഷേ...

പുടിന്റെ പ്രതികരണം ചൈനീസ് പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍

വെബ് ഡെസ്ക്

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് സൂചന നല്‍കി റഷ്യ. സമാധാന സന്ദേശവുമായി ചൈനീസ് പ്രസിഡന്റ് നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തിയത്. ''ചൈന മുന്നോട്ടു വച്ച പദ്ധതി പ്രകാരം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറാണ്. എന്നാല്‍ അതിന് പാശ്ചാത്യ രാജ്യങ്ങളും യുക്രെയ്‌നും തയ്യാറാകണം'' - ചൈനീസ് പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ വ്യക്തമാക്കി.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ടുവച്ച സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറാണെങ്കിലും മറുവശത്ത് നിന്നും അത്തരം നീക്കം ഉണ്ടാകുന്നില്ലെന്നായിരുന്നു പുടിന്റെ വിമര്‍ശനം.ഇതിന് പിന്നാലെയാണ് റഷ്യയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മോസ്‌കോയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ന്‍ വിഷയത്തില്‍ 'നിഷ്പക്ഷമായ നിലപാടാണ്' ചൈനയ്ക്കുള്ളത് എന്നായിരുന്നു ഷി ജിന്‍ പിങ് നടത്തിയ പ്രതികരണം. പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധം അവസാനിപ്പിക്കുക, സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുക തുടങ്ങി 12 നിര്‍ദേശങ്ങളാണ് ചൈന റഷ്യയ്ക്ക് മുന്‍പില്‍ വച്ചിരുന്നത്. എന്നാല്‍ ചൈനയുടെ പദ്ധതിയില്‍ റഷ്യ യുക്രെയ്ന്‍ വിടണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നില്ല. സമാധാന ചര്‍ച്ചകള്‍ക്ക് ഒപ്പം ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.റഷ്യ തങ്ങളുടെ പ്രദേശത്ത് നിന്ന് പിന്മാറിയാല്‍ മാത്രം ചര്‍ച്ചകള്‍ എന്ന നിലപാടിലാണ് യുക്രെയ്ന്‍.

യുക്രെയ്ന്‍ വിഷയത്തിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഊര്‍ജ്ജം, രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഷീ ജിന്‍ പിങ് ആദ്യമായാണ് മോസ്‌കോയില്‍ എത്തിയത്. പുടിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദര്‍ശനം. ''സമാധാനത്തിന്റെ യാത്ര''യെന്നാണ് റഷ്യന്‍ സന്ദര്‍ശനത്തെ ചൈന വിശേഷിപ്പിക്കുന്നത്. പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഷീയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ