വെടിവച്ച് വീഴ്ത്തിയ ചൈനീസ് ചാര ബലൂണിൽ നിർണായക വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നതായി യു എസ്. ഒരാഴ്ചയിലധികം വടക്കേ അമേരിക്കൻ പ്രവിശ്യകൾക്ക് മുകളിലൂടെ പറന്ന ചൈനീസ് ബലൂണിൽ ആശയവിനിമയങ്ങൾ ശേഖരിക്കാനും ജിയോലൊക്കേറ്റ് ചെയ്യാനും കഴിവുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്.
ബലൂണിന്റെ സൂക്ഷ്മ പരിശോധനയിൽ യു 2 ചാരവിമാന ഉപകരണങ്ങൾ തിരിച്ചറിഞ്ഞതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. '' ബലൂണിലുണ്ടായിരുന്ന ഉപകരണങ്ങൾ ഇന്റലിജൻസ് നിരീക്ഷണത്തിന് വേണ്ടിയുള്ളതാണ്, കാലാവസ്ഥാ ബലൂണുകളിലെ ഉപകരണങ്ങളുമായി സാമ്യമില്ലാത്തതാണ്. ആശയവിനിമയങ്ങൾ ശേഖരിക്കുക, ജിയോലൊക്കേറ്റ് ചെയ്യുക എന്നിവ സാധ്യമാക്കാനായി ഒന്നിലധികം ആന്റിനകൾ ബലൂണിൽ ഉണ്ടായിരുന്നു'' - സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നു.
ചൈന ഇത്തരത്തിലുള്ള ബലൂണുകൾ ഉപയോഗിച്ച് 40ഓളം രാജ്യങ്ങളിൽ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ചിട്ടിട്ടുണ്ട് എന്നാണ് യു എസ് അവകാശപ്പെടുന്നത്. എന്നാല്‍, ഉപഗ്രഹങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾക്ക് പുറമെ ഒന്നും ചാര ബലൂണിന് ലഭിച്ചിട്ടില്ലെന്നാണ് അമേരിക്ക ആദ്യം മുതൽ വാദിക്കുന്നത്.
രാജ്യാതിർത്തി കടക്കുന്നതിന് മുൻപ് തന്നെ ബലൂൺ വെടിവയ്ച്ചിടാത്തതിന് ബൈഡൻ സർക്കാരിനെ റിപ്പബ്ലിക്കൻ പാർട്ടി വിമർശിച്ചിരുന്നു. ചൈനീസ് ബലൂൺ ഗുരുതര ഭീഷണി ഉയർത്തിയിട്ടില്ലെന്നും ആളപായമുണ്ടാകുമെന്ന ഭയത്താൽ കരയ്ക്ക് മുകളിലുള്ളപ്പോൾ വെടിവയ്ക്കാൻ കഴിയില്ലെന്നും യു എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ചൈനയുടെത് ചാര ബലൂണാണെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് യുഎസ് നിലപാട്. ആണവ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉൾപ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂൺ സഞ്ചരിച്ചതെന്നും അമേരിക്കയുടെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ പരമാധികാരത്തിലേക്കുളള കടന്നുകയറ്റമാണിതെന്നും അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ ബലൂണ്‍ ദിശ മാറി സഞ്ചരിച്ചുവെന്നാണ് ചൈനീസ് വാദം.
ചൈനീസ് ബലൂണിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനാ യാത്ര മാറ്റിവച്ചിരുന്നു. ബലൂണിന്റെ അവിശിഷ്ടങ്ങള്‍ വീണ്ടെടുത്തതോടെ അതിന്റെ അവകാശവാദത്തെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉടലെടുത്തു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുള്ള യുഎസ് ക്ഷണം ചൈന തള്ളിയിരുന്നു.
പോർ വിമാനങ്ങളെ ഉപയോഗിച്ചാണ് ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിൽ കരോലിന തീരത്തിന് സമീപം വച്ച് യുഎസ് തകർത്തത്. അമേരിക്കൻ തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബലൂൺ പതിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയ ശേഷമായിരുന്നു നടപടി.