തായ്‌വാൻ കടലിടുക്കിൽ സുരക്ഷാ ഭീഷണി സൃഷ്ടിച്ച് ചൈനീസ് പോർവിമാനങ്ങൾ. തായ്‌വാന് ചുറ്റും സൈനികാഭ്യാസങ്ങൾ നടത്തുമെന്ന് ചൈന മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും മേഖലയിലെ സാഹചര്യങ്ങൾ രൂക്ഷമാക്കി 42 യുദ്ധവിമാനങ്ങൾ കടലിടുക്കിലെ സെൻസിറ്റിവ് രേഖ മറികടന്നു. തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ, ചൈനയുടെ യുഎസ് പ്രതിനിധി സഭാ സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ചൈനയുടെ സൈനിക നടപടി.
ശനിയാഴ്ച രാവിലെയോടെ ജെ-10, ജെ-11, ജെ-16 എന്നീ വിഭാഗത്തിൽപെടുന്ന 42 യുദ്ധവിമാനങ്ങൾക്ക് പുറമെ എട്ട് കപ്പലുകളും രേഖ മുറിച്ചുകടന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു
അമേരിക്കൻ സന്ദർശനത്തിന് ശേഷം സായ് ഇങ്-വെൻ മടങ്ങിയെത്തി ഒരു ദിവസം മാത്രം പിന്നിടവെയാണ് മൂന്ന് ദിവസം നീണ്ട അഭ്യാസപ്രകടനങ്ങൾക്ക് ചൈന തുടക്കം കുറിച്ചത് . തായ്‌വാനിന്റെ പരമാധികാരം അവകാശപ്പെടുന്ന ചൈനയ്ക്ക്, തങ്ങളുടെ എതിർപ്പ് മറികടന്ന് നടത്തിയ കൂടിക്കാഴ്ച വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിനോടുള്ള പ്രതികരണം എന്താകുമെന്ന് ലോകം ഉറ്റുനോക്കുന്നതിടെയാണ് ചൈനയുടെ പ്രഖ്യാപനം.
തായ്‌വാൻ കടലിടുക്കിലും ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് മേഖലകളിലും പദ്ധതിപ്രകാരം തന്നെ അഭ്യാസപ്രകടനങ്ങൾ നടത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി തായ്‌വാന് ചുറ്റും യുദ്ധ സജ്ജീകരണ പട്രോളിംഗും "ജോയിന്റ് വാൾ" അഭ്യാസങ്ങളും ആരംഭിച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി അറിയിച്ചു. തായ്‌വാനിലെ വിഘടനവാദികൾക്കും സ്വതന്ത്രമാക്കാൻ പരിശ്രമിക്കുന്ന ബാഹ്യശക്തികളുടെ കൂട്ടുകെട്ടിനുമുള്ള ഗുരുതര മുന്നറിയിപ്പാണിതെന്ന് ചൈനീസ് സൈന്യത്തിന്റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് പറഞ്ഞു. പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നും മേധാവി പറഞ്ഞു.
ശനിയാഴ്ച രാവിലെയോടെ ജെ-10, ജെ-11, ജെ-16 എന്നീ വിഭാഗത്തിൽപെടുന്ന 42 യുദ്ധവിമാനങ്ങൾക്ക് പുറമെ എട്ട് കപ്പലുകളും രേഖ മുറിച്ചുകടന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. "സൈനിക അഭ്യാസങ്ങൾ നടത്താനുള്ള ഒരവസരമായി സായ്‌യുടെ യുഎസ് സന്ദർശനത്തെ ചൈന ഉപയോഗിക്കുകയാണ്. ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഗുരുതരമായ നാശമുണ്ടാക്കും", മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കടലിൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങൾ ആകാശത്തും ഇന്ധനം നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പരിശീലന ദൃശ്യങ്ങളും ചൈനീസ് സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിരുന്നു. തായ്‌വാന്റെ പൂർണ അധികാരം സ്വന്തമാക്കാൻ വേണ്ടിവന്നാൽ സൈന്യത്തെ ഉപയോഗിക്കുമെന്ന ചൈനയുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ബുധനാഴ്ച അമേരിക്കയിൽ സായ് ഇങ്-വെന്നും യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയും കൂടിക്കാഴ്ച നടത്തിയത്. യോഗത്തിന് പിന്നാലെ തായ്‌വാനുമായുള്ള ആയുധ ഇടപാട് തുടരുമെന്ന് മക്കാർത്തി അറിയിച്ചിരുന്നു.
ചർച്ചയ്ക്ക് മുതിർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ചൈന നേരത്തെ തന്നെ നൽകിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തായ്‌വാൻ നടപടികളുമായി മുന്നോട്ട് പോയത്. സായ് ഇങ്-വെൻ - കെവിൻ മക്കാർത്തി കൂടിക്കാഴ്ചയെ ചൈന അന്ന് തന്നെ അപലപിക്കുയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ നീക്കങ്ങൾ സജീവമാക്കുന്നത്.