അമേരിക്ക വെടിവെച്ചിട്ട ചൈനയുടെ ചാരബലൂണിന്റെ അവശിഷ്ടങ്ങളെ ചൊല്ലി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷം. ബലൂണിന്റെ അവശിഷ്ടം തിരികെ വേണമെന്ന് ചൈനയും നല്‍കാനാവില്ലെന്ന് അമേരിക്കയും നിലപാടെടുത്തതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ചൈന ബലൂണ്‍ അയച്ചതിന് പിന്നില്‍ ചാരപ്രവര്‍ത്തിയാണോ എന്ന് സ്ഥിരീകരിക്കേണ്ടതിനാല്‍ അവശിഷ്ടങ്ങള്‍ വിട്ടുനല്‍കില്ലെന്ന ശക്തമായ നിലപാടിലാണ് യുഎസ്.
അതിനിടെ ചാരബലൂണുമായി ബന്ധപ്പെട്ട് പ്രതിരോധതല ചര്‍ച്ചയ്ക്കുള്ള അമേരിക്കയുടെ ക്ഷണം ചൈന തള്ളി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെയിംസ് ഓസ്റ്റിന്റെ ക്ഷണം ചൈന നിരസിച്ചതായി പെന്റഗണ്‍ അറിയിച്ചു. അനുനയ നീക്കങ്ങള്‍ തുടരുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയെങ്കിലും, പിന്നാലെ അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണിയാണെങ്കില്‍ ചൈനയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മടിക്കില്ലെന്നറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി.
'' അമേരിക്കന്‍ താല്‍പ്പര്യങ്ങളും നയങ്ങളും മെച്ചപ്പെടുത്താനും, അത് ലോകത്തിന് പ്രയോജനം ചെയ്യുന്നതിനുമായി ചൈനയുമായി സഹകരിക്കാന്‍ തയ്യാറാണ്. പക്ഷെ, അമേരിക്കയുടെ പരമാധികാരത്തിനുമേല്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും. രാജ്യത്തെ സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന'' - ബൈഡന്‍ വ്യക്തമാക്കി. മത്സരമാണ് യുഎസ് മുന്നോട്ടുവയ്ക്കുന്ന നയം. മറിച്ച് സംഘര്‍ഷമല്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ ബലൂണ്‍ ചാരപ്രവര്‍ത്തിക്കാണോ അയച്ചതെന്ന് ഉടന്‍ കണ്ടെത്താനാകുമെന്നാണ് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ചൈനയുടെ ചാര ബലൂണ്‍ കണ്ടെത്തിയതിന് പിന്നാലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ബെയ്ജിങ്ങിലേയ്ക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. ചൈനയുടേത് ചാര ബലൂണാണെന്ന് അമേരിക്ക വ്യക്തമാക്കുമ്പോള്‍, കാലാവസ്ഥാ ബലൂണാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.
ചൈനീസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താനുള്ള മൂന്ന് ശ്രമങ്ങളാണ് ഇതുവരെ പരാജയപ്പെട്ടതെന്ന് യുഎസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ പ്രതിരോധ സെക്രട്ടറിയുമായല്ല, സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ വൈസ് ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയാണ് അമേരിക്ക ആവശ്യപ്പെട്ടതെന്നാണ് ചൈന പറയുന്നത്. നയതന്ത്ര പ്രോട്ടോക്കോളിന് വിരുദ്ധമായ ആവശ്യം യുഎസ് മുന്നോട്ട് വെച്ചതിനാലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതെന്നാണ് ചൈനയുടെ വിശദീകരണമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏഴ് മൈല്‍ ദൂരത്താണ് വ്യാപിച്ച് കിടക്കുന്നത്. രണ്ട് നാവിക കപ്പലുകളും ക്രെയിനും ഉള്‍പ്പെടെ ഉപയോഗിച്ച് പൂര്‍ണമായും അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനാണ് അമേരിക്കന്‍ നാവികസേനയുടെ ശ്രമം. അവശിഷ്ടങ്ങളില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള പൊട്ടിത്തെറിയുണ്ടാകുമോ എന്നും യുഎസ് ഭയക്കുന്നുണ്ട്.