WORLD

ഷി ജിന്‍പിങ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിരക്കില്‍! പൊളിയുന്നത് അഭ്യൂഹങ്ങളുടെ വന്‍മതില്‍

ഒക്ടോബര്‍ 16ന് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള 2296 പ്രതിനിധികളുടെ പട്ടികയില്‍ ജിന്‍പിങ്ങിന്റെ പേരും കാണാം

വെബ് ഡെസ്ക്

ചൈനീസ് പ്രസിഡന്റ് ഷി ജീന്‍പിങ്ങിന്റെ വീട്ടുതടങ്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയിരിക്കുന്നു. ബീജിങ്ങിലെ സൈനികനീക്കത്തെക്കുറിച്ചും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെക്കുറിച്ചും പ്രചരിച്ച വാര്‍ത്തകള്‍ക്ക് അല്‍പ്പായുസ് മാത്രമായിരുന്നു. വിശ്വസനീയമല്ലാത്ത ട്വിറ്റര്‍ പോസ്റ്റുകളെ ഉപജീവിച്ച് സാമുഹ്യ മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തകള്‍, എന്നായിരുന്നു വിവിധകോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനം. ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ പുതിയ പട്ടികയാണ് അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയായി ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ജിന്‍പിങ് ഉള്‍പ്പെട്ട പട്ടിക മുന്നോട്ടുവെക്കുന്നവര്‍, ചൈനയില്‍ ജിന്‍പിങ് അറിയാതെ ഒന്നും നടക്കില്ലെന്ന വാദമാണ് ഉയര്‍ത്തുന്നത്. സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാന്‍ മാധ്യമസ്വാതന്ത്ര്യമില്ലാത്ത ചൈനയിലെ വാര്‍ത്താ ഏജന്‍സി വിട്ട റിപ്പോര്‍ട്ടാണ് പലരും ആശ്രയിക്കുന്നത്. അതില്‍നിന്ന് നെല്ലും പതിരും വേര്‍തിരിക്കുക ശ്രമകരമാണ്.

കോവിഡിനും അതിനെത്തുടര്‍ന്നുള്ള സെല്‍ഫ് ഐസൊലേഷനും ശേഷം രണ്ടു വര്‍ഷത്തിനിപ്പുറമായിരുന്നു ജിന്‍പിങ്ങിന്റെ വിദേശ സന്ദര്‍ശനം. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) യോഗത്തിലാണ് ജിന്‍പിങ് പങ്കെടുത്തത്. പക്ഷേ, യോഗത്തിനുശേഷം ചൈനയില്‍ തിരിച്ചെത്തിയ ജിന്‍പിങ്ങിനെക്കുറിച്ച് വിവരമില്ല. പൊതുവേദിയിലൊന്നും പ്രത്യക്ഷപ്പെട്ടതുമില്ല. അതാണ് വലിയ അഭ്യൂഹങ്ങള്‍ക്കാണ് തീ പകര്‍ന്നത്. ചൈനയില്‍ രാഷ്ട്രീയ-ഭരണ അട്ടിമറിയെന്നായിരുന്നു വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ വന്ന വാര്‍ത്തകള്‍. മൂന്നാം തവണയും അധികാരത്തിലേറാന്‍ തയ്യാറെടുക്കുന്ന ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അതിവേഗത്തിലാണ് വൈറലായത്. രാജ്യാന്തര മാധ്യമങ്ങള്‍ക്കുപോലും അത് ചൂടേറിയ വാര്‍ത്തയായി. ചൈനയില്‍ നിന്നുള്ള മനുഷ്യാവാകശ പ്രവര്‍ത്തകരുടെ ട്വിറ്റര്‍ കുറിപ്പുകളാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

എന്നാല്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാം കോണ്‍ഗ്രസിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകളായിരുന്നു അഭ്യൂഹങ്ങള്‍ക്ക് ലഭിച്ച മറുപടി. ഒക്ടോബര്‍ 16ന് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ പട്ടിക പുറത്തുവിട്ടത് ചൈനീസ് വാര്‍ത്താ ഏജന്‍സിയായിരുന്നു. 2296 പ്രതിനിധികളുടെ പട്ടികയില്‍ ജിന്‍പിങ്ങിന്റെ പേരും കാണാമായിരുന്നു. രാജ്യത്തെ പാര്‍ട്ടി ഘടകങ്ങള്‍ യോഗം ചേര്‍ന്നാണ് പ്രതിനിധികളെ തിരഞ്ഞെടുത്തെന്നാണ് ഏജന്‍സി വാര്‍ത്ത. എല്ലാം ജിന്‍പിങ്ങിന്റെ മേല്‍നോട്ടത്തിലുമായിരുന്നു. 2296 പേരില്‍ 620 പേര്‍ സ്ത്രീകളാണ്. രാജ്യത്തെ വംശീയ ന്യൂനപക്ഷത്തില്‍ നിന്നുള്ള 260 പേരുമുണ്ട്. അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍ തുടങ്ങി സാംസ്‌കാരിക പ്രവര്‍ത്തകരും അടങ്ങുന്നതാണ് പട്ടിക.

പത്തുവര്‍ഷത്തിനിടെ രണ്ടുതവണയാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. 2296 പ്രതിനിധികള്‍ ചേര്‍ന്ന് കേന്ദ്ര കമ്മിറ്റിയിലേക്കുള്ള 200 അംഗങ്ങളെ തിരഞ്ഞെടുക്കും. കേന്ദ്രകമ്മിറ്റി പോളിറ്റ് ബ്യൂറോയിലെ 25 അംഗങ്ങളെയും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും. പാര്‍ട്ടി ഭരണഘടനയ്ക്കും പ്രസിഡന്റ് ജിന്‍പിങ്ങിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വിധേയരായിരിക്കണം പ്രതിനിധികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ് എത്ര ദിവസമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഷി ജിന്‍പിങ്ങിന്റെ പേര് (ചുവന്ന വൃത്തത്തില്‍) ഉള്‍പ്പെട്ട പ്രതിനിധികളുടെ പട്ടിക

കോവിഡിനെതിരായ ചൈനയുടെ സീറോ ടോളറന്‍സ് നയമാണ് ജിന്‍പിങ്ങിന്റെ വീട്ടുതടങ്കല്‍ അഭ്യൂഹങ്ങളോട് ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പുതിയ വിശദീകരണം. കോവിഡ് കാലത്ത് ജിന്‍പിങ് യാത്രകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചൈന വിട്ട് പുറത്തുപോയിരുന്നില്ല. രണ്ടര വര്‍ഷത്തിനുശേഷമാണ് എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സമര്‍കണ്ടിലെത്തിയത്. അതിനാല്‍ തന്നെ, തിരിച്ചെത്തിയ ജിന്‍പിങ് വീണ്ടും ക്വാറന്റൈനില്‍ പോയതാണെന്നാണ് പുതിയൊരു വാദം. ബീജിങ്ങില്‍ ഉള്‍പ്പെടെ തുടരുന്ന ഗതാഗത നിയന്ത്രണത്തിനും കോവിഡ് പ്രോട്ടോക്കോള്‍ തന്നെയാണ് പലരും മുന്നോട്ടുവെക്കുന്ന വിശദീകരണം.

വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനുമുണ്ട് വിശദീകരണം. 21ന് പതിവിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. അതേത്തുടര്‍ന്ന് ചില വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വന്നു. സ്വഭാവികമായും വിമാനങ്ങള്‍ വൈകാന്‍ അത് കാരണമായി. തുടര്‍ദിവസങ്ങളില്‍ അത് പരിഹരിക്കപ്പെട്ടെന്നാണ് ഫ്‌ളൈറ്റ് റഡാര്‍ രേഖകള്‍ ഉദ്ധരിച്ച് പലരും ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാകണം പതിവിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് പറയപ്പെടുന്നത്. കോവിഡ് കാലത്തിനുശേഷം ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസകളുടെ എണ്ണത്തില്‍ വന്നിട്ടുള്ള ഏറ്റക്കുറച്ചിലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു വാദം.

സൈനിക വിന്യാസവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കും തമ്മില്‍ ബന്ധമില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. ബീജിങ്ങിലെ സ്‌ഫോടനം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയിലും സത്യമില്ല. പ്രചരിക്കുന്നത് 2015ല്‍ ടിയാന്‍ജിനില്‍ നടന്ന സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ്. വിശ്വസ്തമായ ഏതെങ്കിലും മാധ്യമസ്ഥാപനങ്ങളുടെയോ ഏജന്‍സികളുടെയോ സാമുഹ്യ മാധ്യമ അക്കൗണ്ടില്‍ നിന്നല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആഫ്രിക്കയില്‍ നിന്നാണ് ഇത്തരം അഭ്യൂഹങ്ങള്‍ കൂടുതലായി പ്രചരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളിലെ സാമുഹ്യ മാധ്യമങ്ങളില്‍ ഇത്തരം ഊഹാപോഹങ്ങള്‍ കൂടുതലായി ഷെയര്‍ ചെയ്യപ്പെടുന്നു. അതില്‍ കാര്യമായി ഒന്നുമില്ലെന്നാണ് ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് അനലിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, സിന്‍ഹുവാ, ചൈന ഡയ്‌ലി ഉള്‍പ്പെടെ മാധ്യമങ്ങളിലൊന്നും ജിന്‍പിങ്ങിനെക്കുറിച്ചുള്ള പുതിയ വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. സമര്‍കണ്ട് ഉച്ചകോടിയില്‍ പങ്കെടുത്തു എന്നതാണ് പല മാധ്യമങ്ങളിലും ജിന്‍പിങ്ങുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന അവസാന വാര്‍ത്ത. പാര്‍ട്ടി വെബ്‌സൈറ്റിന്റെ കാര്യവും ഏറെക്കുറെ അങ്ങനെ തന്നെയാണ്.

അതേസമയം, റീവൈറ്റലൈസേഷന്‍ ലൈബ്രറിയുടെ പുസ്തകത്തിന് 'ഫോര്‍ജിങ് എഹെഡ് ഓണ്‍ ദ ജേണി ടു നാഷണല്‍ റിജുവനേഷന്‍' എന്നപേരില്‍ ജിന്‍പിങ് മുഖവുര എഴുതിയതായി പല വെബ്‌സൈറ്റുകളും സെപ്റ്റംബര്‍ 26 ഡേറ്റ്‌ലൈനില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ചരിത്രപരമായ ആത്മവിശ്വാസം ശക്തിപ്പെടുത്താനും, കാലത്തിന്റെ പൊതുവായ പ്രവണത മനസിലാക്കുന്നതിനും, ചൈനീസ് മാതൃകയിലുള്ള ആധുനികവത്ക്കരണത്തിലൂടെ രാജ്യത്തിന്റെ മഹത്തായ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പുസ്തകമെന്ന ജിന്‍പിങ്ങിന്റെ വാക്കുകളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോഴും ജിന്‍പിങ് കാണാമറയത്താണ്.

വയനാട്ടില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്ക, ചേലക്കരയില്‍ എല്‍ഡിഎഫ്, പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ