കോവിഡ് പ്രതിസന്ധിയും കടുത്ത തണുപ്പും അവഗണിച്ച് സാധാരണ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി ചൈനീസ് ജനത. കോവിഡ് തരംഗം രൂക്ഷമായിരിക്കുമ്പോഴും ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് തിരികെയെത്താനാണ് ചൈനീസ് ജനതയുടെ ശ്രമം. രാജ്യത്ത് വിവിധയിടങ്ങളില്‍ അതിന്റെ സൂചനകള്‍ പ്രതിഫലിച്ച് തുടങ്ങി. ബീജിങ്, ഷാങ്ഹായ്, വുഹാൻ തുടങ്ങിയ നഗരങ്ങളിലുള്ളവര്‍ സീറോ കോവിഡ് നടപടികൾ അവസാനിച്ചതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. സീറോ കോവിഡ് നയം ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് ഐഎംഎഫ് വിലയിരുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനീസ് ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്.
പാര്‍ക്കുകളിലേയ്ക്കും ഷോപ്പിങ് മാളുകളിലേയ്ക്കും ആളുകള്‍ എത്തി തുടങ്ങി
തലസ്ഥാനമായ ബീജിങ്ങില്‍ ഉള്‍പ്പെടെ ഷോപ്പിങ് മാളുകളിലും പാര്‍ക്കുകളിലുമെല്ലാം ജനങ്ങള്‍ സജീവമായി തുടങ്ങി. യാത്ര ചെയ്യാനും പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനും മുന്‍പത്തേത് പോലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരുന്നില്ലെന്ന് വീണ്ടും സ്വാതന്ത്ര്യം ലഭിച്ചതിന് തുല്യമാണെന്ന് ആളുകള്‍ പറയുന്നു. കോവിഡ് പൊട്ടിപുറപ്പെട്ട വുഹാനിലുള്‍പ്പെടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
പകര്‍ച്ചവ്യാധി ആദ്യമായി ബാധിച്ച വുഹാനിലടക്കം ജനജീവിതം സാധാരണ നിലയിലേക്ക്
ഏറെ നാളുകള്‍ക്ക് ശേഷമാണ് ചൈനയിലെ റോഡുകളിലും തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ റസ്റ്റോറന്റുകളില്‍ ആളുകളത്ര സജീവമല്ല. ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളും സജീവമാണ്. മൂന്ന് വര്‍ഷത്തിന് ശേഷം വിപുലമായൊരു പുതുവത്സരാഘോഷം എന്നതാണ് ഇപ്പോഴത്തെ സ്വപ്നമെന്ന് ജനങ്ങള്‍ പറയുന്നു. ഇതിനായി രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഓരോന്നായി തുറന്ന് നല്‍കുകയാണ്.
ജനുവരി 8 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്റീൻ നിർത്തലാക്കുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ചൈനയിലെ രോഗ പകര്‍ച്ചയുടെ സാഹചര്യം കൂടുതല്‍ ഗുരുതരമാണെന്നാണ് കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ മരണനിരക്ക്, ആശുപത്രിയിലും അത്യാഹിത വിഭാഗത്തിലുമുള്ളവരുടെ കണക്കുകള്‍ എന്നിവ പുറത്തുവിടണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നത്.