WORLD

ചൈനീസ് ചാരക്കപ്പൽ 'സിയാങ് യാങ് ഹോങ് 03' മാലദ്വീപിൽ; ആശങ്ക അറിയിച്ച് ഇന്ത്യ

വെബ് ഡെസ്ക്

മാലദ്വീപും ഇന്ത്യയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചൈനയുടെ 'ഗവേഷണക്കപ്പൽ' സിയാങ് യാങ് ഹോങ് 03 ഇന്ന് മാലദ്വീപിലെത്തും. ഗ്ലോബല്‍ ഷിപ്പ് ട്രാക്കിങ് ഡേറ്റ പ്രകാരം തലസ്ഥാനമായ മാലെ തുറമുഖത്ത് കപ്പൽ നങ്കൂരമിടും. ഇന്ത്യൻ മഹാസമുദ്രത്തിൽ സമാനമായ സാഹചര്യത്തില്‍ കണ്ട ഒരു കപ്പലിൻ്റെ സാന്നിധ്യം സുരക്ഷാ ആശങ്കകൾ ഉയർത്തി മൂന്ന് മാസത്തിനുശേഷമാണ് അടുത്ത കപ്പൽ ഇന്ത്യയ്ക്കടുത്ത് എത്തുന്നത്. ഇത് ചൈനയുടെ ചാരക്കപ്പലാണെന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നത്.

കപ്പൽ ട്രാക്കിങ് ഡേറ്റ പ്രകാരം, ഒരു മാസം മുൻപാണ് കപ്പൽ ചൈനയുടെ തെക്കുകിഴക്കൻ തുറമുഖമായ സിയാമെനിൽനിന്ന് പുറപ്പെട്ടത്. ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവയുടെ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു പുറത്തുള്ള കടലിൽ കപ്പൽ മൂന്നാഴ്ചയിലധികം ചെലവഴിച്ചതായാണ് ഡേറ്റ വ്യക്തമാക്കുന്നത്. ഇത്തരം ദൗത്യങ്ങളിൽനിന്ന് ശേഖരിക്കുന്ന നിർണായക വിവരങ്ങൾ നാവികസേനാ വിന്യാസത്തിൽ ഉപയോഗപ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് നേരത്തെ ചില യുഎസ് ഗവേഷക സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ഇത്തരം കപ്പലുകളുടെ സാന്നിധ്യത്തിൽ ഇന്ത്യ നിരന്തരം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈന അയയ്ക്കുന്ന കപ്പല്‍ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകള്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടു കൂടിയതാണ്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹ വിക്ഷേപണങ്ങളും ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനവും മറ്റ് നിർണായക വിവരങ്ങളും ശേഖരിക്കാൻ ഇതുവഴി സാധിക്കും.

ഇന്ത്യന്‍ നാവിക സേനയുടെ ഇടപെടലുകളും മുങ്ങിക്കപ്പൽ അടക്കമുള്ളവയുടെ നീക്കങ്ങളും നിരീക്ഷിക്കാൻ കപ്പലിന് സാധിക്കുമെന്നും ആരോപണമുണ്ട്. കപ്പലുകൾ ശേഖരിക്കുന്ന വിവരങ്ങളിൽ സിവിലിയൻ - സൈനിക വിവരങ്ങള്‍ ഉൾപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

എന്നാൽ ഈ റിപ്പോർട്ടുകൾ ചൈന തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈന ഉയർത്തുന്ന ഭീഷണിയെന്ന തരത്തിൽ സൃഷ്ടിക്കുന്ന വ്യാജ കഥകളുടെ ഭാഗം മാത്രമാണ് ഇത്തരം റിപ്പോർട്ടുകളെന്നാണ് ചൈനയുടെ വിശദീകരണം. കപ്പലിലെ ഗവേഷണ സംവിധാനങ്ങൾ ശാസ്ത്രീയമായ ധാരണകൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നുതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

എന്നാൽ കപ്പല്‍, ഒരു നിരീക്ഷണവും നടത്തില്ലെന്നും നാവികരുടെ മാറ്റം പോലെയുള്ള നടപടിക്രമങ്ങള്‍ക്കായാണ് ചൈന ക്ലിയറന്‍സ് ആവശ്യപ്പെട്ടതെന്നുമാണ് മാലദ്വീപ് സർക്കാർ നൽകിയ ഔദ്യോഗിക വിശദീകരണം. മാലദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളരെ മോശമായിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ചൈനീസ് കപ്പലിന്റെ വരവെന്നത് ശ്രദ്ധേയമാണ്. പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസ് ചൈനീസ് അനുകൂല സമീപനം പുലർത്തുന്നയാളാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും