WORLD

ചൈനയുടെ ചാരബലൂൺ അമേരിക്കയുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ട്

കണ്ടെടുത്ത ബലൂൺ അവശിഷ്ടങ്ങൾ ഇപ്പോഴും ഉദ്യോഗസ്ഥർ വിശകലനം ചെയ്യുകയാണ്

വെബ് ഡെസ്ക്

അമേരിക്കയ്ക്ക് മുകളിലൂടെ പറന്ന ചൈനീസ് ചാരബലൂണുകൾ നിരവധി രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ട്. അമേരിക്കയുടെ സൈനിക താവളങ്ങളിലെ വിവരങ്ങൾ ചോർത്തി ബീജിങ്ങിലേക്ക് അയച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും ഇലക്‌ട്രോണിക് സിഗ്നലുകളിൽ നിന്നുള്ള വിവരങ്ങളാണ് ചൈന ബലൂൺ വഴി ചോർത്തിയതെന്നാണു കരുതുന്നതെന്ന് മുതിർന്ന രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും മുൻ മുതിർന്ന ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിരവധി തവണ അമേരിക്കയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് മുകളിലൂടെ ചാരബലൂണുകൾ പറത്തിവിടാൻ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ എട്ട് അക്കത്തിന്റെ രൂപത്തിലാണ് പറന്നത്. "ചിത്രങ്ങളേക്കാൾ ചൈന കൂടുതൽ വിവരങ്ങളും ശേഖരിച്ചത് ഇലക്ട്രോണിക് സിഗ്നലുകളിലൂടെയാണ്. അവ ആയുധ സംവിധാനങ്ങളിൽ നിന്നും ബേസിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമങ്ങളിൽ നിന്നും ശേഖരിക്കാവുന്നതാണ്." റിപ്പോർട്ടിൽ പറയുന്നു. സാധ്യതയുള്ള ലക്ഷ്യങ്ങൾക്ക് ചുറ്റും നീങ്ങാനും സിഗ്നലുകൾ പ്രക്ഷേപണം ചെയ്യാനും പുറത്തുവിടാനും ഉള്ള ബലൂണിന്റെ സംവിധാനങ്ങൾ അമേരിക്ക തടഞ്ഞില്ലായിരുന്നുവെങ്കിൽ കൂടുതൽ വിവരങ്ങൾ ചൈന ശേഖരിക്കുമായിരുന്നുവെന്നും മൂന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബലൂണിന് വിദൂരമായി പ്രവർത്തനക്ഷമമാക്കാവുന്ന ഒരു സ്വയം-നശീകരണ സംവിധാനം ഉണ്ടായിരുന്നു. എന്നാൽ അത് പ്രവർത്തിക്കാതിരുന്നത് മെക്കാനിസം തകരാറായതിനാലോ അല്ലെങ്കിൽ അത് പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് ചൈന തീരുമാനിച്ചതിനാലോ എന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ജനുവരി 28 നാണ് അലാസ്കയ്ക്ക് മുകളിലൂടെ ബലൂൺ ആദ്യമായി തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അമേരിക്ക രഹസ്യമായി ബലൂണിനെ നിരീക്ഷിച്ച് വരികയായിരുന്നു. നാലാം ദിവസം അമേരിക്കയുടെ സുപ്രധാന ആണവ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന മൊണ്ടാനയിലെ മാൽംസ്ട്രോം എയർഫോഴ്സ് ബേസിന് മുകളിലൂടെ ബലൂൺ കടന്നുപോയി. ബലൂണിനെക്കുറിച്ച് ബൈഡൻ പരസ്യമായി സ്ഥിരീകരിച്ചതോടെ അമേരിക്കൻ വ്യോമാതിർത്തിയിൽ നിന്ന് എത്രയും വേഗം അത് പുറത്തെടുക്കാനുള്ള ശ്രമത്തിൽ ചൈന ബലൂണിന്റെ വേഗത വർദ്ധിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ശേഷം ഫെബ്രുവരി 4 ന് സൗത്ത് കരോലിന തീരത്ത് വച്ചാണ് അമേരിക്ക ബലൂൺ വെടിവച്ചിട്ടത്. കണ്ടെടുത്ത ബലൂൺ അവശിഷ്ടങ്ങൾ ഇപ്പോഴും ഉദ്യോഗസ്ഥർ വിശകലനം ചെയ്യുകയാണ്.

ബലൂൺ രഹസ്യാന്വേഷണ ശേഖരണത്തിനായുള്ള സംവിധാനമാണെന്ന ആരോപണം ചൈന തുടക്കത്തിലേ തന്നെ നിഷേധിച്ചിരുന്നു. ബലൂൺ ആളില്ലാ സിവിലിയൻ എയർഷിപ്പാണെന്നും അത് അബദ്ധത്തിൽ വഴിതെറ്റിയെന്നും അത് വെടിവച്ച് വീഴ്ത്തിയതിലൂടെ അമേരിക്ക അമിതമായി പ്രതികരിച്ചുവെന്നുമാണ് ചൈന ആവർത്തിച്ച് പറഞ്ഞത്. ചാരബലൂൺ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും വഷളായിരുന്നു. അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ ചൈന സന്ദർശനം വരെ റദ്ദാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ