ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ചൈനീസ് ചാര ബലൂണുകള്‍ ലക്ഷ്യംവച്ചിരുന്നതായി റിപ്പോർട്ട്. യുഎസ് ആകാശത്ത് കണ്ടെത്തിയ ചൈനയുടെ ബലൂണ്‍ വെടിവച്ചിട്ടതിനെ തുടർന്നുള്ള വിവാദങ്ങള്‍ക്കിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. യു എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാനാണ് വാഷിംഗ്ടണില്‍ 40 ഓളം എംബസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരോട് ഇതിനെക്കുറിച്ച് വിശദീകരിച്ചത്.
അജ്ഞാതരായ നിരവധി പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്
ചൈനയുടെ തെക്കൻ തീരത്തെ ഹൈനാൻ പ്രവിശ്യയ്ക്ക് പുറത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നിരീക്ഷണ ബലൂൺ, ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക ആസ്തികളെയും മേഖലകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ നിരവധി പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയുടെ ഭാഗികമായി പ്രവർത്തിക്കുന്ന ഈ ചാര ബലൂണുകള്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഇവയെല്ലാം നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വികസിപ്പിച്ചെടുത്ത പിആർസി (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) ബലൂണുകളുടെ ഭാഗമാണെന്നും ചൈനയുടെ നീക്കം മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് പ്രതികരിച്ചു. സമീപ വർഷങ്ങളിൽ, ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ കുറഞ്ഞത് നാല് ബലൂണുകളെങ്കിലും കണ്ടെത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.
അതേസമയം, അമേരിക്ക വെടിവച്ചിട്ട ചൈനയുടെ ചാരബലൂണിന്റെ അവശിഷ്ടങ്ങളെ ചൊല്ലി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. ബലൂണിന്റെ അവശിഷ്ടം തിരികെ വേണമെന്ന് ചൈനയും നല്‍കാനാകില്ലെന്ന് അമേരിക്കയും നിലപാടെടുത്തതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ചൈന ബലൂണ്‍ അയച്ചതിന് പിന്നില്‍ ചാരപ്രവൃത്തിയാണോ എന്ന് സ്ഥിരീകരിക്കേണ്ടതിനാല്‍ അവശിഷ്ടങ്ങള്‍ വിട്ടുനല്‍കില്ലെന്ന ശക്തമായ നിലപാടിലാണ് യുഎസ്.