ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളാണെന്നാണ് ഗാസയിലെ കൂട്ടക്കുരുതിക്ക് ഇസ്രയേൽ പറയുന്ന വാദം. ഇതിൽ യാതൊരു കഴമ്പുമില്ലെന്നതാണ് ഗാസയിൽനിന്ന് പുറത്തുവരുന്ന വസ്തുതകൾ വ്യക്തമാക്കുന്നത്. കുട്ടികളും മാധ്യമപ്രവർത്തകരും കവികളും ഡോക്ടർമാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലും പെട്ട അനവധി നിരപരാധികൾക്കാണ് ഓരോ ദിവസവും ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഹമാസിനെ നശിപ്പിക്കാനെന്ന പേരിൽ ഇസ്രയേൽ തൊടുത്തുവിടുന്ന മിസൈലുകൾ എടുക്കുന്ന ജീവനുകൾ മിക്കതും ഗാസയിലെ സാധാരണക്കാരുടേതാണ്. പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിൽ കുട്ടികളും വൃദ്ധരും അടങ്ങുന്ന കുടുംബങ്ങളെ ഒന്നാകെയാണ് ഇസ്രയേൽ ഇല്ലാതാക്കുന്നത്. അതിനുപുറമെയാണ് സമൂഹത്തിലെ മുന്നോട്ടുനയിക്കാൻ കഴിയുന്ന വിവിധ മേഖലകളിലെ നിരവധി പേരെ പലസ്തീന് നഷ്ടമാകുന്നത്. അവരിൽ ചിലർ ഇതാ:
ബെസൻ ഹെലാസ
പത്തൊൻപതുകാരിയായ ബെസൻ ഹെലാസ മെഡിസിൻ വിദ്യാർഥിയായിരുന്നു. അമ്മയും മൂത്ത സഹോദരി മാരയും സഹോദരൻ ഒമറിനൊപ്പം വീട്ടിൽ കഴിയവെയായിരുന്നു ബോംബാക്രമണത്തിൽ ഹെലാസ കൊല്ലപ്പെടുന്നത്. “ഞാൻ ഇതുവരെ നേടിയിട്ടില്ലാത്ത സ്വപ്നങ്ങളുണ്ട്. ഇതുവരെ പൂർണമായി ജീവിച്ചിട്ടില്ലാത്ത ഒരു ജീവിതമുണ്ട്. ഞാൻ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഒരു കുടുംബം എനിക്കുണ്ട്. ഒരു തുറന്ന ജയിലിൽ ഞാനും എന്റെ ജനങ്ങളും അടിച്ചമർത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു,” മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ഹെലാസ എക്‌സിൽ കുറിച്ചു.
അൽ ഷൈമ സൈദാമും കുടുംബവും
സെക്കന്ററി ലെവൽ പരീക്ഷയിൽ 99.6 ശതമാനം മാർക്ക് നേടി പലസ്തീനിലെ സ്കൂൾ ടോപ്പറായ വിദ്യാർത്ഥിയായിരുന്നു അൽ ഷൈമ സൈദാം. ഗാസ മുനമ്പിലെ അൽ നുസെയ്റാത്ത് അഭയാർത്ഥി ക്യാമ്പിൽ കഴിയവെയായിരുന്നു സൈദാമും കുടുംബവും കൊല്ലപ്പെട്ടത്.
യൂസഫ് മഹർ ദവാസ്
യുവ കവിയും എഴുത്തുകാരനുമായിരുന്നു യൂസഫ് മഹർ ദവാസ്. 14ന് വടക്കൻ പട്ടണമായ ബെയ്റ്റ് ലാഹിയയിൽ കുടുംബാംഗങ്ങൾക്കൊപ്പം കഴിയവെയായിരുന്നു യൂസഫിന്റേയും അന്ത്യം.
വയലയും യാരയും
നൂറുകണക്കിന് ആളുകൾ അഭയം തേടിയിരുന്ന ഗാസ സിറ്റിയിലെ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിലായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. യുഎസ് കോൺഗ്രസ് അംഗം ജസ്റ്റിൻ അമാഷിന്റെ കുടുംബത്തിൽ നിന്നുള്ളവരായിരുന്നു ഇരുവരും. ആക്രമണത്തിന് പിന്നാലെ പള്ളിയിൽ കൊല്ലപ്പെട്ട 16 പേരെങ്കിലും തന്റെ ബന്ധുക്കളിൽ ഉൾപ്പെടുന്നതായി അമാഷ് എക്‌സിൽ കുറിച്ചിരുന്നു.
ഷബാൻ കുടുംബം
എട്ടിന് രാവിലെ, ഗാസ സിറ്റിക്ക് വടക്കുള്ള അൽ-നാസർ മേഖലയിലുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ മിസൈലുകൾ പതിച്ചതിനെ തുടർന്നായിരുന്നു സഹോദരങ്ങളായ ഒമർ (11,) ഘാഡ (10), ബറ്റൂൾ (7) ഒരു വയസ്സുള്ള അഹമ്മദ് എന്നിവർ കൊല്ലപ്പെട്ടത്. ഇവരുടെ മാതാപിതാക്കളെയും ഇതേ ആക്രമണത്തിൽ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.
ഹെബ സക്കുത്
വിഷ്വൽ ആർട്ടിസ്റ്റും സ്കൂൾ അധ്യാപികയുമായിരുന്ന ഹെബ രണ്ട് ചെറിയ മക്കളായ ആദം, മഹ്മൂദ് എന്നിവരോടൊപ്പം 13നാണ് കൊല്ലപ്പെടുന്നത്. ഭർത്താവും രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹെബ. പലസ്‌തീനികളുടെ ദൈനം ദിന ജീവിതവും പൈതൃകവുമെല്ലാം തന്റെ കലാ സൃഷ്ടികളിലൂടെ ഹെബ തുറന്ന് കാട്ടിയിരുന്നു.
അൽ-കുർദ് കുടുംബം
11-നാണ് അൽ-കുർദ് കുടുംബത്തിലെ 15 അംഗങ്ങൾ കൊല്ലപ്പെടുന്നത്. അതിൽ 14 വയസ്സിന് താഴെയുള്ള ആറ് കുട്ടികളും ഉൾപ്പെടുന്നു. മൂത്തയാൾ 65 വയസ്സുള്ള ഫത്മേ അഹ്മദ് അൽ-കുർദും ഇളയത് 18 മാസം പ്രായമുള്ള ജൂലാ ഫൗസി അൽ കുർദുമാണ്.
അൽ- ഖത്ത്നാനി കുടുംബം
ഖത്ത്നാനി കുടുംബത്തിലെ അഞ്ച് കുഞ്ഞുങ്ങളാണ് ഒൻപതിന് പുലർച്ചെ മൂന്നോടെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വടക്കൻ ഗാസ മുനമ്പിലെ ബെയ്‌ത് ലാഹിയയിലെ പാർപ്പിട സമുച്ചയം തകർന്നതിനെ തുടർന്ന് സഹോദരങ്ങളായ ബസ്മ (16), മുഹമ്മദ് (13), സാലി (11) എന്നിവർക്കൊപ്പം ബന്ധുക്കളായ സൽമ (4), ജവാൻ (2) എന്നിവരും കൊല്ലപ്പെട്ടു.
ഇയാദ് അബ്ദെൽ അസീസ് അസ്‌കർ
അഞ്ച് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന റിയാദ് അബ്ദെൽ അസീസ് അസ്‌കർ കൊല്ലപ്പെടുന്നത് വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിലാണ്.
മേധാത് സെയ്ദം
പ്ലാസ്റ്റിക് സർജൻ ആയിരുന്നു മേധാത് സെയ്ദം. 14ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം കുടുംബത്തിലെ 30 പേർ കൂടി കൊല്ലപ്പെട്ടിരുന്നു. ഷിഫ ആശുപത്രിയിൽ ജോലി കഴിഞ്ഞതിന് ശേഷം സെയ്ദവും സഹോദരിയും മറ്റു കുടുംബത്തിലെ മറ്റു അംഗങ്ങൾ അഭയം പ്രാപിച്ചിരുന്നു വീട്ടിൽ എത്തുകയായിരുന്നു. പിന്നാലെ ആക്രമണമുണ്ടാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
അബുത്തർ സഹോദരന്മാർ
11 ന് ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് സഹോദരന്മാരായ ഫിറാസ് (14), അഹമ്മദ് (11) എന്നിവർ മരിക്കുന്നത്. ഇവരുടെ പിതാവും മറ്റൊരു സഹോദരനായ കമാലും മാത്രമാണ് ഇനി കുടുംബത്തിൽ അവശേഷിക്കുന്നത്.
സലാം മേമ
ഫ്രീലാൻസ് മാധ്യമപ്രവർത്തകയാണ് സലാം മേമ. 10 ന് വടക്കൻ ഗാസയിലെ ജബലിയ ക്യാമ്പിലുള്ള മേമയുടെ വീട് തകർന്നടിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് സലാം മേമയുടെ മൃതദേഹം കണ്ടെത്തിയത്. പലസ്തീൻ മീഡിയ അസംബ്ലിയിലെ വനിതാ പത്രപ്രവർത്തക സമിതിയുടെ മേധാവിയായിരുന്നു മേമ. പലസ്തീനിൽ മാധ്യമപ്രവർത്തനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ സംഘടനയായിരുന്നു ഇത്.
മുഹമ്മദ് അൽ ഗരാബ്ലി
രണ്ട് വയസ്സുകാരനായ മുഹമ്മദ് അൽ ഗരാബ്ലി കൊല്ലപ്പെടുന്നത് ഒൻപതിന് ഗാസ സിറ്റിയിലെ ഷാതി അഭയാർത്ഥി ക്യാമ്പിലെ പള്ളിയിലുണ്ടായ മിസൈൽ ആക്രമണത്തിലാണ്. അഞ്ച് വയസുള്ള ഗരാബ്ലിയുടെ സഹോദരൻ ലോഫ്റ്റിക്കും അന്ന് പരിക്കേറ്റിരുന്നു. തങ്ങളുടെ അയല്പക്കങ്ങളിലുള്ള കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ അവരുടെ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കാണേണ്ടി വരുന്ന സന്ദർഭങ്ങളെ വളരെ വേദനയോടെയാണ് ഈ കുട്ടികളുടെ പിതാവ് വിവരിക്കുന്നത്. "ആ ഭീകരത കാരണം എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല," അദ്ദേഹം പറയുന്നു.
റാഫത്ത് അബോഫൗൾ
ഡോക്ടറായിരുന്നു റാഫത്ത് അബോഫൗൾ. 19 ന് ബെയ്ത് ലാഹിയയിൽ നടന്ന ബോംബാക്രമണത്തിൽ ഭാര്യക്കും സഹോദരന്റെ കുടുംബത്തിനുമൊപ്പമാണ് ഡോക്ടർ കൊല്ലപ്പെട്ടത്. സഹോദരപുത്രന്റെ ഭാര്യ രക്ഷപ്പെട്ടെങ്കിലും കൈകാലുകൾ നഷ്ടപ്പെട്ടതിനാൽ ഗുരുതരാവസ്ഥയിലാണ്.
ലൂണ ഹോസം അബുനാദ
ഗാസയിലെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിലാണ് ഈ അഞ്ച് വയസുകാരി കൊല്ലപ്പെട്ടത്.
അൽമ അൽ-മജയ്ദ
ഖാൻ യൂനുസിൽ നടന്ന ആക്രമണത്തിലാണ് ഈ മൂന്ന് വയസുകാരി കൊല്ലപ്പെടുന്നത്. പിതാവ് മാത്രമാണ് അൽമയ്ക്കുണ്ടായിരുന്നത്.
ഹിയാം മൂസ
അസോസിയേറ്റഡ് പ്രസ് ഫോട്ടോ ജേണലിസ്റ്റ് അഡെൽ ഹാന്റെ ഭാര്യാ സഹോദരിയാണ് ഹിയാം മൂസ. ഒക്‌ടോബർ 18-ന് ദേർ അൽ-ബാലയിൽനിന്നാണ് ഹിയാമിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
അൽ-അസൈസെ കുടുംബം
അൽ-അസൈസെ കുടുംബത്തിലെ 26 അംഗങ്ങളാണ് 12 ന് കൊല്ലപ്പെട്ടത്. കുടുംബത്തിൽ ഏറ്റവും പ്രായം ചെന്നയാൾ 75 വയസ്സുള്ള സൈദ് യെസെഫ് അൽ-അസൈസെയും ഏറ്റവും പ്രായം കുറഞ്ഞയാൾ രണ്ട് വയസ്സുള്ള അബ്ദുൽ-അസീസ് അബ്ദു നാസർ അൽ-ഹാലിസിയുമായിരുന്നു. കുടുംബത്തിലെ 12 വയസ്സിൽ താഴെയുള്ള 12 കുട്ടികളാണ് മരിച്ചത്.
ഷമല്ലഖ് കുടുംബം
എട്ടിന് തെക്ക്-പടിഞ്ഞാറൻ ഗാസയിലെ ഷെയ്ഖ് എൽജീനിലുള്ള വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഷമല്ലഖ് കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. “എന്റെ അമ്മാവന്റെ വീടിന് നേരെയുണ്ടാ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ ഇല്ലാതായി. എന്റെ അമ്മാവൻ, ഭാര്യ, അഞ്ച് ആൺമക്കൾ, മരുമകൾ, രണ്ട് പേരക്കുട്ടികൾ എന്നിവർ,” കിങ്സ്റ്റൺ കൗൺസിലിൽ ജോലി ചെയ്യുന്ന അറബിക് ദ്വിഭാഷി വഫാ ഷമല്ലഖ് പറയുന്നു. കൂട്ടത്തിൽ ഇളയവനായ ഒമറിന് രണ്ട് മാസമായിരുന്നു പ്രായം.
അൽ-സാനിൻ കുടുംബത്തിലെ കുട്ടികൾ
എട്ടിന് ബെയ്റ്റ് ഹനൂനിലെ അൽ-അസം പള്ളിക്ക് സമീപമുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്നുണ്ടായ ആക്രമണത്തിൽ അൽ-സാനിൻ കുടുംബത്തിന് അവരുടെ 11 കുട്ടികളെയാണ് നഷ്ടപ്പെട്ടത്. അംർ, 4, ഖാലിദ്, 7, ഒബൈദ, 9, ഹസ്സൻ, 12, മൊമെൻ 12, നൂർ, 9, സൈന, 7, മെയ്സ്, 5, ഹല, 1, സൽമ, 5, ബൽസം, 3 എന്നിങ്ങനെയായിരുന്നു കുഞ്ഞുങ്ങളുടെ പേരും വയസും.
മുഹമ്മദ് അൽ ഖയ്യത്ത്
13 ന് ഗാസയിലെ റാഫയിൽ മിസൈലുകളുടെ ആക്രമണത്തിൽ രണ്ട് മാസം പ്രായമുള്ള മുഹമ്മദ് ആശുപത്രിയിലാണ് മരിച്ചത്.
അവ്നി അൽ-ദൗസ് സഹോദരങ്ങൾ
ഏഴിന് രാത്രി 8.20 ന് ഗാസയുടെ കിഴക്ക് അൽ-സെയ്‌ടൗൺ പരിസരത്തുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിരവധി മിസൈലുകൾ പതിച്ചതിനെ തുടർന്നാണ് അവ്നി അൽ-ദൗസ് സഹോദരങ്ങൾ മരിക്കുന്നത്. ഇബ്തിസം, 17, രാവന്ദ്, 15, അഹ്മദ്, 10, സായിദ്, 3 എന്നിവർക്കൊപ്പം അവരുടെ നാല് വയസ്സുള്ള ബന്ധു രകനും കൊല്ലപ്പെട്ടിരുന്നു.
ഷബാത്ത് കുടുംബം
എട്ടിന് പുലർച്ചെ മൂന്നോടെ ബെയ്റ്റ് ഹനൂനിലെ ഷബാത്ത് കുടുംബ വീട് തകർന്നടിയുന്നത്. ഏഴ് കുട്ടികളടക്കം കുടുംബത്തിലെ 14 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇതേ ആക്രമണത്തിൽ കുടുംബത്തിന്റെ അയൽ കെട്ടിടങ്ങളിലുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു.
മുഹമ്മദ് ദബ്ബൂർ
ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ഗാസയിലെയും അൽ-ഷിഫ ഹോസ്പിറ്റലിലെയും ചീഫ് പാത്തോളജിസ്റ്റായിരുന്നു ദബ്ബൂർ. 13 ന് ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ അദ്ദേഹവും പിതാവും മകനും കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും റിപ്പോർട്ട് ചെയ്തു. ക്യാൻസർ മാനേജ്മെന്റിൽ ഗാസയിലെ സംഘർഷത്തിന്റെയും ഉപരോധത്തിന്റെയും സ്വാധീനത്തെക്കുറിച്ച് ഡാബർ ഗവേഷണം നടത്തിയിരുന്നു.