WORLD

ഓസ്‌കാര്‍ വേദി മുതല്‍ കല്ല്യാണ സദ്യയിലെ പപ്പടം വരെ; 2022 ലെ തല്ലുമാല

ഈ വർഷം അങ്ങോളമിങ്ങോളം നടന്ന വിവിധ തല്ലുകളെ കുറിച്ച്‌

വിഷ്ണു പ്രകാശ്‌

തല്ലുമാല... മലയാളത്തിലിറങ്ങിയ സിനിമയുടെ ഈ പേരിനെ അന്വര്‍ഥമാക്കുന്ന സംഭവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2022. ലോക ശ്രദ്ധ ആകര്‍ഷിച്ച തല്ലുകള്‍ മുതല്‍ ഇങ്ങ് കേരളത്തില്‍ നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി അരങ്ങേറിയ കൂട്ടത്തല്ലുകള്‍ വരെ അത് നീണ്ടു. ചിലത് ആളുകളുടെ ഹൃദയത്തെ സ്പര്‍ശിച്ചപ്പോള്‍ മറ്റുചിലത് നാടിനെയും നാട്ടുകാരെയും നാണം കെടുത്തുന്നതുമായിരുന്നു.

ഓസ്‌കാര്‍ തല്ല്

ഓസ്‌കാര്‍ സമ്മാനദാന വേദിയാണ് തല്ലുമാലയ്ക്ക് തുടക്കം കുറിച്ചതെന്ന് പറയാം. മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ വില്‍ സ്മിത്തിന്റെ കയ്യിന്റെ ചൂട് അറിഞ്ഞത് അവതാരകനായ ക്രിസ് റോക്ക് ആയിരുന്നു. തന്റെ ഭാര്യയെ കുറിച്ച് അവതാരകന്‍ പറഞ്ഞ തമാശ അതിരുകടന്നതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. പിന്നീട് സംഭവത്തില്‍ വില്‍ സ്മിത്ത് പശ്ചാതപിച്ചെങ്കിലും പത്ത് വര്‍ഷത്തേക്ക് അക്കാദമി ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാനായില്ല

ക്രീംബണ്‍ തല്ല്

മേയ് 25-നായിരുന്നു  കോട്ടയം വൈക്കത്ത് ക്രീംബണ്ണിലെ ക്രീമിനെ ചൊല്ലിയുള്ള തര്‍ക്കം തല്ലായത്. ക്രീംബണ്ണില്‍ ക്രീം ഇല്ലെന്നുപറഞ്ഞ് ഒരുസംഘം യുവാക്കളും ബേക്കറിയുടമ ശിവകുമാറും തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലായി. വൈക്കം താലൂക്കാശുപത്രിക്ക് സമീപമുള്ള ബേക്കറിയിലായിരുന്നു സംഭവം. സംഘര്‍ഷത്തിനിടയില്‍ യുവാക്കള്‍ ബേക്കറി അടിച്ചുതകര്‍ത്തു.

പപ്പടത്തിനടി

ചരിത്രത്തിലെ ഒന്നാം പപ്പടയുദ്ധമെന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച തല്ല് ആലപ്പുഴയിലാണ് അരങ്ങേറിയത്.  ഹരിപ്പാടിനടുത്തുള്ള മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയാമായിരുന്നു സംഭവ സ്ഥലം. മുട്ടം സ്വദേശിയായ വധുവിന്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെയും വിവാഹത്തിനിടെയാണ് പപ്പടതല്ല് അരങ്ങേറിയത്. സംഭവത്തില്‍ ഓഡിറ്റോറിയത്തിന്റെ മാനേജര്‍ക്കടക്കം മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്.

ലെയ്സ് ലഹള

ലെയ്സ് നല്‍കാത്തത്തിന്റെ പേരിലായിരുന്നു ഈ സംഘര്‍ഷം. കൊല്ലം ഇരവിപുരത്ത് ജൂലായ് 27 നായിരുന്നു സംഭവം. വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് മര്‍ദ്ദനമേറ്റത്. അഞ്ചോളം പേര് നീലകണ്ഠനെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായി.

ബീഫ് ഫ്രൈയ്ക്ക് അടി

സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബീഫ് ഫ്രൈയുടെ പേരില്‍ തല്ലുനടന്നത്. ഹരിപ്പാട് മറുതാ മുക്കിന് സമീപമുള്ള തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ പാഴ്സല്‍ വാങ്ങി പോകുകയായിരുന്ന വിഷ്ണുവാണ് കയ്യേറ്റത്തിന് ഇരയായത്. കടയില്‍ നിന്ന് പാര്‍സല്‍ വാങ്ങി പോവുകയായിരുന്ന വിഷ്ണുവിനെ തടഞ്ഞ് നിര്‍ത്തി ആദ്യം പണം ആവശ്യപ്പെടുകയും, അതില്ല എന്ന് മനസിലാക്കിയപ്പോള്‍ വിഷ്ണു വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാനായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു ( കുളിര് വിഷ്ണു, 29 ), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവരാണ് പിടിയിലായത്

പ്രതിയായ കുളിര് വിഷ്ണു

ലോകകപ്പ് കൂട്ടത്തല്ല്

ഖത്തറില്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മുന്‍പേ തന്നെ ഇങ്ങ് കേരളത്തില്‍ അങ്കം തുടങ്ങിയിരുന്നു. കൊല്ലം തന്നെയാണ് ഇതിനും പ്രധാന വേദിയായത്. ആദ്യ മത്സരത്തിന് മുന്നോടിയായി ടീമുകളുടെ ശക്തിപ്രകടനത്തിന് എത്തിയ ആരാധകര്‍ ശക്തികുളങ്ങരയില്‍ വച്ച് ശക്തി പരീക്ഷിക്കുകയായിരുന്നു. പ്രധാനമായും അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ ആരാധകനായിരുന്നു തല്ലിന് പിന്നില്‍.

ശക്തികുളങ്ങരയിലെ സംഘര്‍ഷം

സൈനികന് പോലീസ് തല്ല്

ഈ വര്‍ഷം ഓഗസ്റ്റിലാണ് പോലീസും സൈനികനും തമ്മില്‍ ഏറ്റുമുട്ടിയത്. കേസില്‍ ഉള്‍പ്പെട്ടവരെ ജാമ്യത്തിലിറക്കാനായി എത്തിയ സൈനികനായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയുമാണ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ തല്ലിയത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു പോലീസുകാരന്‍ വിഷ്ണുവിനെ തല്ലി, പിന്നാലെ തിരിച്ച് പോലീസുകാരനെ തല്ലിയതോടെ സ്റ്റേഷന്‍ പരിസരം കൂട്ടത്തല്ലിന് വേദിയായി.

മുണ്ടുടുത്താല്‍ ഇടി

ഓണാഘോഷത്തിനെത്തിയ കുട്ടികള്‍ മുണ്ടുടുത്ത് എത്തിയത് പിടിക്കാഞ്ഞതിനാലാണ് ഈ തല്ല്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വന്നത് പ്ലസ് ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തല്ലായത്. നിലമ്പൂരിലായിരുന്നു സംഭവം.

ഇതിന് പിന്നാലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ട്രെന്റ് ആവര്‍ത്തിക്കുകയും, വീഡിയോകള്‍ പുറത്തുവരികയും ചെയ്തു

വിമാനത്തില്‍ ഇപിയുടെ ഇടി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധവുമായെത്തിയവരാണ് ഇപി ജയരാജന്റെ കൈയിന്റെ ചൂടറിഞ്ഞത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുകയായിരുന്നു മുഖ്യമന്ത്രിയും ഇപിയും. വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രികാരായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രതിഷേധവുമായി എണീറ്റതോടെ ഇപി ഇടപെടുകയായിരുന്നു. സംഭവത്തില്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിലക്കുകയും അദ്ദേഹം ഇന്‍ഡിഗോ വിമാനത്തില്‍ കയറിലെന്ന ഉഗ്രശപഥവും എടുത്തു.

കാറില്‍ ചാരി നിന്നതിന് ചവിട്ട്

കണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം. രാജസ്ഥാനത്തില്‍ നിന്നും ജോലിക്കെത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് മര്‍ദനമേറ്റത്. തന്റെ വാഹനത്തില്‍ ചാരി നിന്ന കുട്ടിയെ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ ശിഹ്ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുര്‍ബാനയ്ക്കിടെ പള്ളിയില്‍ ഇടിയോടിടി

ക്രിസ്മസ് തലേന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ ആയിരുന്നു ഈ വര്‍ഷത്തെ അവസാന കൂട്ടയടി നടന്നത്. വിശ്വാസികളായ ഒരു കൂട്ടമായിരുന്നു ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.  കുര്‍ബാനത്തര്‍ക്കമായിരുന്നു വിഷയം. വിമത പക്ഷ വൈദികരുടെ നേതൃത്വത്തില്‍ നടന്ന കുര്‍ബാനയിലേക്ക്  സിനഡ് പക്ഷ വിശ്വാസികള്‍ തള്ളിക്കയറുകയായിരുന്നു. സംഘര്‍ഷത്തില്‍ അള്‍ത്താര തല്ലിത്തകര്‍ക്കുകയും, ബലിപീഠം തള്ളിമാറ്റുകയും,  വൈദികരെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്കും എത്തിയിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം