കാര്‍ബണ്‍, ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറയ്ക്കാന്‍ കാര്യമായ നിര്‍ദേശങ്ങളില്ലാതെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് (COP- 27) സമാപനം. പരിസ്ഥിതി വാദികള്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള സാങ്കേതികവിദ്യ ലക്ഷ്യമിട്ട വ്യവസായികള്‍, ഫോസില്‍ ഇന്ധനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി നാലു വിഭാഗത്തില്‍പ്പെട്ടവര്‍ അണി നിരന്ന വേദിയില്‍ ആഗോള ഇന്ധന സബ്സിഡി കുറയ്ക്കാന്‍ COP- 27 തീരുമാനിച്ചു. ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍ എന്നിവ ആവശ്യക്കാരുള്ളിടത്തോളം കാലം ഉത്പാദിപ്പിക്കുമെന്ന് യുഎഇ വാദിച്ചു. എന്നാല്‍ ഇവയുടെ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഉച്ചകോടി തയാറായില്ല. ഈ തീരുമാനം പ്രാവര്‍ത്തികമാക്കിയാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇന്ധന വില ഉയരുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഈജിപ്തിലെ ഷാം ഇല്‍ ഷെയ്ക്കില്‍ നവംബര്‍ ആറു മുതല്‍ 20 വരെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്. യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെഞ്ചിന്റെ (UNFCC) കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് എന്ന പേരിലറിയപ്പെടുന്ന COP- 27 ഉച്ചകോടി സംഘടിപ്പിച്ചത്.
യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെഞ്ചിന്റെ (UNFCC) കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് എന്ന പേരിലറിയപ്പെടുന്ന COP- 27 ഉച്ചകോടി സംഘടിപ്പിച്ചത്.
192 രാജ്യങ്ങള്‍: അപ്രഖ്യാപിത ലക്ഷ്യങ്ങള്‍
192 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം ഉച്ചകോടിക്കായി ഈജിപ്തിലെ ഷാം ഇല്‍ ഷെയ്ക്കില്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ സജീവമായിരുന്നെന്നാണ് ചില സെഷനുകളില്‍ പങ്കെടുത്ത എനിക്കു മനസിലായത്. പക്ഷെ, തീരുമാനങ്ങളിലെത്തിക്കാന്‍ മിക്ക രാജ്യങ്ങള്‍ക്കും താത്പര്യമില്ലായിരുന്നു. വന്‍കിട വ്യവസായ രാജ്യങ്ങളായ അമേരിക്ക, യുകെ, ചൈന, യൂറോപ്യന്‍ യൂണിയന്‍, അറബ് രാജ്യങ്ങള്‍ മുതലായവ വ്യവസായ മേഖലയില്‍ മാറ്റത്തിനു തയാറായില്ല. ദരിദ്ര, വികസ്വര രാജ്യങ്ങളിലെ കൃഷിയെ പഴിചാരാനാണ് അവര്‍ക്കു താല്പര്യം! ഇന്ത്യ കൃഷിയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്‍ നിരയിലായിരുന്നു. ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് ഉയരാതിരിക്കാനുള്ള കാര്യങ്ങളില്‍ പാരീസ് ഉടമ്പടിക്കനുസരിച്ചുള്ള ദേശീയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 17 ശതമാനത്തോളം സംഭാവന ചെയ്യുന്ന കൃഷി 58 ശതമാനത്തോളം ജനങ്ങളുടെ ജീവനോപാധിയാണെന്ന് ഇന്ത്യ വാദിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഭക്ഷ്യ, ഊര്‍ജ്ജ സുസ്ഥിരത ഉറപ്പുവരുത്താന്‍ സാധിക്കൂ. ഏതിനം ഊര്‍ജം ഉപയോഗിക്കണമെന്നതില്‍ അംഗരാജ്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതോടൊപ്പം ക്ലീന്‍ എനര്‍ജിയിലേക്കുള്ള മാറ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കണം. 2023 ല്‍ COP - 28 യുഎഇ യില്‍ നടത്താനും തീരുമാനമായി.
192 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം ഉച്ചകോടിക്കായി ഈജിപ്തിലെ ഷാം ഇല്‍ ഷെയ്ക്കില്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ സജീവമായിരുന്നെന്നാണ് ചില സെഷനുകളില്‍ പങ്കെടുത്ത എനിക്കു മനസിലായത്. പക്ഷെ, തീരുമാനങ്ങളിലെത്തിക്കാന്‍ മിക്ക രാജ്യങ്ങള്‍ക്കും താത്പര്യമില്ലായിരുന്നു.
കാലാവസ്ഥ സാമ്പത്തിക സഹായം
കാലാവസ്ഥാ ദുരന്തം നേരിടാന്‍ പ്രത്യേക ഫണ്ട് ഉറപ്പുവരുത്തുന്നതില്‍ COP- 27 പുരോഗതി കൈവരിച്ചിട്ടുണ്ട്. കല്‍ക്കരിയുടെ ഉപയോഗം ആഗോളതലത്തില്‍ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനം അംഗീകരിച്ചു. എന്നാല്‍ ഫോസില്‍ ഇന്ധന ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള ഇന്ത്യയുടെ നിര്‍ദേശം എണ്ണയുല്പാദന രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് മൂലം അന്തിമ റിപ്പോര്‍ട്ടില്‍ സ്ഥാനം നേടിയില്ല. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശമാണ് റിപ്പോര്‍ട്ടില്‍ ഇടം നേടാതെ പോയത്.
കാലാവസ്ഥാ മാറ്റം മൂലം കഷ്ടപ്പെടുന്ന ദരിദ്ര, വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാനുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ നീണ്ടതിനാല്‍ നവംബര്‍ 18 ന് അവസാനിക്കേണ്ട ഉച്ചകോടി രണ്ടു ദിവസം കൂടി നീട്ടി. എന്നാല്‍ പല വികസിത രാജ്യങ്ങളും കാലാവസ്ഥാ മാറ്റ സഹായ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ മൗനം പാലിച്ചു. യൂറോപ്യന്‍ യൂണിയന്‍ ചൈന, അറബ് രാജ്യങ്ങള്‍, ഇന്ത്യ എന്നിവയുടെ സഹകരണം അഭ്യര്‍ഥിച്ചെങ്കിലും സ്‌കോട്ട്‌ലാന്‍ഡും, ബെല്‍ജിയവുമാണ് ഇതിനു തയാറായത്. ഇതിനായി 500 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് തീരുമാനം. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന നഷ്ടം നികത്താനും ജീവസന്ധാരണം ഉറപ്പുവരുത്താനുമാണ് ഇത് വിനിയോഗിക്കുക. ഓസ്ട്രിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ന്യൂ സീ ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും സാമ്പത്തിക സഹായം നല്കാമെന്നേറ്റിട്ടുണ്ട്.
പ്രാദേശിക സമീപനം ആവശ്യം
കാലാവസ്ഥ മാറ്റങ്ങള്‍ക്കനുസരിച്ച് നയരൂപീകരണം നടത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും അപ്രഖ്യാപിത ലക്ഷ്യങ്ങളുണ്ട്. ആഗോളതലത്തില്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ അംഗ രാജ്യങ്ങള്‍ക്കും എളുപ്പമല്ല. പ്രാദേശിക തലത്തില്‍ ജീവസന്ധാരണം, തൊഴില്‍, സമ്പദ് വ്യവസ്ഥ എന്നിവയില്‍ സുസ്ഥിരത ഉറപ്പുവരുത്തുന്നതിലും, സാങ്കേകവിദ്യ രൂപപ്പെടുത്തുന്നതിലും COP 27 കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു.
(കാലാവസ്ഥാ ഉച്ചകോടിയിലെ അംഗവും ബംഗളുരൂവിലെ ട്രാന്‍സ് ഡിസ്സിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി പ്രൊഫസറുമാണ് ലേഖകന്‍.)