ഇസ്രേയേൽ - പലസ്തീൻ പോരാട്ടത്തിനിടെ ഹമാസ് ഇസ്രയേലി കുട്ടികളുടെ തലയറുത്തെന്ന വാര്‍ത്ത നല്‍കിയതില്‍ മാപ്പപേക്ഷിച്ച് സിഎൻഎൻ മാധ്യമപ്രവർത്തക സാറ സിഡ്‌നർ. കുട്ടികളെ ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയെന്ന് ആവർത്തിച്ച് റിപ്പോർട്ട് ചെയ്തത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്നും സിഡ്‌നർ പറഞ്ഞു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് വാർത്താ എജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിശദീകരണവുമായി സാറ സിഡ്‌നർ രംഗത്തെത്തി.
''കഴിഞ്ഞ ദിവസം തത്സമയ വാർത്ത അവതരിപ്പിക്കുന്നതിനിടെയാണ് ഹമാസ്, ഇസ്രയേലി കുട്ടികളുടെ തലയറുത്ത് കൊലപ്പെടുത്തിയെന്നത് സ്ഥിരീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ ഇസ്രയേൽ സർക്കാർ പറയുന്നത് എന്റെ വാക്കുകൾ ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു, എന്നോട് ക്ഷമിക്കണം''- സാറ എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇത് സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ തെളിവ് ഉണ്ടായിരിക്കും എന്നായിരുന്നു ഞാൻ ഉപയോഗിച്ച വാക്കുകൾ. തുടർന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ അത് കണ്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ പിന്നീട് അത് നിഷേധിക്കുകയായിരുന്നു എന്നും സാറ പറഞ്ഞു.
''ഞങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ഞാൻ വാദിക്കും. സര്‍ക്കാരിലെ ഉന്നതര്‍ പറയുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അത് സത്യമാണെന്ന് അര്‍ഥമാക്കുന്നില്ല. സ്ഥിരീകരിക്കേണ്ടതും വ്യക്തമാക്കേണ്ടതും അവരാണ്. അതേ റിപ്പോർട്ടിൽ ഹമാസ് ഈ പ്രവൃത്തികൾ നിഷേധിച്ചതായും ഞാൻ പറഞ്ഞിരുന്നു' എന്നും സാറ എക്‌സിൽ കുറിച്ചു.
സാറയുടെ മാപ്പുപറച്ചിലിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയിയിൽ ഉയരുന്നത്. യുദ്ധം പോലുള്ള സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്നും വിമർശകർ പറയുന്നുണ്ട്.
നേരത്തെ ഹമാസ് 40 ഓളം ഇസ്രയേലി കുട്ടികളുടെ തലയറുത്തെന്നും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഇസ്രയേൽ പ്രതിരോധ സേന കണ്ടെത്തിയതായിട്ടുമായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് ഇത് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഹമാസ് കൊലപ്പെടുത്തിയെന്നാരോപിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഇസ്രയേൽ സർക്കാർ പുറത്തുവിട്ടു. എന്നാൽ ഈ വിവരങ്ങൾ സ്ഥിരീകരികരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ മാധ്യമ പ്രവർത്തക സാറ സിഡ്‌നർ പറയുന്നത്.