വൈറ്റ് ഹൗസിൽ നിന്ന് കണ്ടെത്തിയ വെളുത്ത പദാർത്ഥം കൊക്കെയ്ൻ ആണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി പോലീസ്. വെസ്റ്റ് വിങിൽ നിന്നാണ് പൊടി കണ്ടെത്തിയത്. എങ്ങനെയാണ് ഇത് എത്തിയതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പതിവ് പരിശോധനയ്ക്കിടെ വാഷിങ്ടൺ ഡിസി അഗ്നിശമന സേന വിഭാഗത്തിലെ അംഗമാണ് പദാർത്ഥം കണ്ടെടുത്തത്. കണ്ടെത്തിയ പദാർത്ഥം അപകടകരമല്ലെന്നാണ് വിലയിരുത്തലെന്നും ഡിസി അഗ്നിശമന വിഭാഗം വ്യക്തമാക്കി.
പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന എക്സിക്യൂട്ടീവ് മാൻഷനോട് ചേർന്നാണ് വെസ്റ്റ് വിങ്. ഓവൽ ഓഫീസ്, കാബിനറ്റ് റൂം, പ്രസ്സ് ഏരിയ, പ്രസിഡന്റിന്റെ സ്റ്റാഫിനുള്ള ഓഫീസുകൾ, വർക്ക്സ്പേസ് എന്നിവയെല്ലാം ഇവിടെയാണുള്ളത്. സംഭവത്തെ തുടർന്ന് ഉയർന്ന സുരക്ഷ അലേർട്ട് പ്രഖ്യാപിക്കുകയും വൈറ്റ് ഹൗസ് ഹ്രസ്വമായി ഒഴിപ്പിച്ചതായും രഹസ്യാന്വേഷണ വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു. വൈറ്റ് ഹൗസിന് ചുറ്റുമുള്ള റോഡുകളും രഹസ്യാന്വേഷണ വിഭാഗം അടച്ചു. ഈ പദാർത്ഥം വൈറ്റ് ഹൗസില്‍ എങ്ങനെ പ്രവേശിച്ചുവെന്നതിന്റെ കാരണവും രീതിയും സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഗുഗ്ലിയല്‍മി പറഞ്ഞു.
ഒരു റഫറൻസ് ലൈബ്രറിയിൽ നിന്നാണ് ഈ പദാർത്ഥം കണ്ടെത്തിയത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊക്കെയ്ൻ കണ്ടെടുത്ത സമയത്ത് പ്രസിഡന്റ് ജോ ബൈഡൻ ക്യാമ്പ് ഡേവിഡിലായിരുന്നു. സംഭവത്തെ തുടർന്ന് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മേരിലാൻഡിലെ പ്രസിഡൻഷ്യൽ റിട്രീറ്റിൽ നിന്ന് ചൊവ്വാഴ്ച രാവിലെ വൈറ്റ് ഹൗസിലേക്ക് മടങ്ങി.
അതേസമയം ഇതാദ്യമായല്ല വൈറ്റ് ഹൗസില്‍ അനധികൃതമായി മയക്കുമരുന്നെത്തുന്നത്. റാപ്പര്‍ സ്‌നൂപ് ഡോഗ് 2013 ല്‍ വൈറ്റ്ഹൗസിലെ ഒരു ബാത്ത്‌റൂമില്‍ നിന്ന് കഞ്ചാവ് വലിച്ചതായി അവകാശപ്പെട്ടിരുന്നു. ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായിരിക്കുമ്പോള്‍ വില്ലി നെല്‍സണ്‍ വൈറ്റ് ഹൗസ് മേല്‍ക്കൂരയില്‍ നിന്ന് ഒരു ജോയന്റ് വലിച്ചെന്നും അവകാശപ്പെടുന്നുണ്ട്. പ്രഥമ വനിത നാന്‍സി റീഗന്റെ 'ജസ്റ്റ് സേ നോ' എന്ന മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്നിനിടെ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ താന്‍ കഞ്ചാവും കൊക്കെയ്‌നും വലിച്ചെന്ന് ബ്രിട്ടീഷ് നടന്‍ എര്‍ക്കന്‍ മുസ്തഫ പറഞ്ഞിരുന്നു. 1970 ൽ, ജെഫേഴ്സൺ എയർപ്ലെയിൻ ഗായിക ഗ്രേസ് സ്ലിക്ക് പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ചായയിൽ എൽഎസ്ഡി കലർത്താൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.