WORLD

പലസ്തീൻ അനുകൂല പ്രതിഷേധം: പ്രക്ഷോഭകരെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല, നടപടി അന്ത്യശാസനം അവഗണിച്ചതോടെ

പ്രതിഷേധ സംഘാടകരുമായി ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് സർവ്വകലാശാല പ്രസിഡൻറ് മിനൗഷെ ഷാഫിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു

വെബ് ഡെസ്ക്

പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയവരെ സസ്പെൻഡ് ചെയ്യാൻ ആരംഭിച്ച് അമേരിക്കയിലെ കൊളംബിയ സർവകലാശാല. പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന അന്ത്യശാസനം പ്രതിഷേധക്കാർ അവഗണിച്ചതോടെയാണ് ഇന്നലെ വൈകുന്നേരം മുതൽ സസ്പെൻഷൻ ആരംഭിച്ചത്.

“കാമ്പസിൽ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അടുത്ത ഘട്ടത്തിൽ ഞങ്ങൾ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. കുറ്റകൃത്യത്തിൻ്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി സർവകലാശാലയ്ക്കുള്ളിലെ വിവിധ യൂണിറ്റുകളാണ് അച്ചടക്ക നടപടി തീരുമാനിക്കുന്നത്," യൂണിവേഴ്സിറ്റി വെബ്‌സൈറ്റിലെ ഒരു അപ്‌ഡേറ്റിൽ വ്യക്തമാക്കി.

പ്രതിഷേധത്തിന്റെ സംഘാടകരുമായി ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് സർവ്വകലാശാല പ്രസിഡൻറ് മിനൗഷെ ഷാഫിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണി വരെയായിരുന്നു സമരം നിർത്താനുള്ള അന്ത്യശാസനം നൽകിയിരുന്നത്.

ക്യാമ്പുകൾ നിർമ്മിച്ച് പ്രതിഷേധം നടത്തുന്ന നിരവധി വിദ്യാർത്ഥികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സർവകലാശാല നേരത്തെ വിദ്യാർത്ഥികൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞിരുന്നു. പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ അന്വേഷണത്തിനായി നിങ്ങളെ സസ്പെൻഡ് ചെയ്യേണ്ടി വരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

" ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് നിങ്ങൾ സ്വമേധയാ പിരിഞ്ഞ് പോവുകയാണെങ്കിൽ, യൂണിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെടുക. 2025 ജൂൺ 30 വരെയുള്ള എല്ലാ സർവകലാശാലാ നയങ്ങളും പാലിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് നൽകിയിരിക്കുന്ന ഫോമിൽ ഒപ്പിടുക. അങ്ങനെയെങ്കിൽ സെമസ്റ്റർ പൂർത്തിയാക്കാൻ നിങ്ങൾ യോഗ്യനായിരിക്കും." അറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു.

ക്യാമ്പ് പൊളിക്കണമോ എന്നതു സംബന്ധിച്ച നടത്തിയ വോട്ടെടുപ്പിൽ വേണ്ട എന്നാണ് പ്രകടനം നടത്തുന്നവർ പ്രതികരിച്ചതെന്ന് പ്രതിഷേധത്തിന്റെ സംഘാടകർ സർവകലാശാല അധികൃതരെ അറിയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രകാരം ക്യാമ്പുകൾ തകർക്കാനുള്ള ഏത് ശ്രമങ്ങളെയും തടയാൻ പ്രതിഷേധക്കാർ കൈകൾ ചേർത്ത് പിടിച്ച് ഒരു മനുഷ്യ മതിൽ നിർമ്മിച്ചിരിക്കുന്നത് കാണാം. പ്രതിഷേധക്കാർ പുറത്തറിക്കിയ ഒരു പ്രസ്താവനയിൽ സർവ്വകലാശാല അക്രമമത്തിന്റെ വഴി കൂടുതലായി ഉപയോഗിക്കുന്നുവെന്നും ഇതിനോടുള്ള പ്രതികരണമായി തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഗാസയിൽ നടക്കുന്ന ഇസ്രയേൽ ക്രൂരതകളിലും അമേരിക്ക അതിന് നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ചാണ് കൊളംബിയ അടക്കമുള്ള അമേരിക്കൻ ക്യാമ്പസുകളിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി