പുഷ്പ കമല്‍ ദഹല്‍ 
WORLD

നേപ്പാളിൽ പ്രചണ്ഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മന്ത്രിസഭാ രൂപീകരണം അടുത്ത ദിവസം തന്നെ പൂര്‍ത്തിയാകും

വെബ് ഡെസ്ക്

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ദഹല്‍ നേപ്പാളിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രചണ്ഡയ്ക്കൊപ്പം അഞ്ച് മന്ത്രിമാരും ചുമതലയേറ്റു. പ്രചണ്ഡയുടെ പാര്‍ട്ടിയില്‍ നിന്നുള്ള മൂന്നുപേരും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രണ്ടുപേരുമാണ് മന്ത്രിമാരായി ചുമതലയേറ്റത്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 13 പേരും മാവോയിസ്റ്റ് പാര്‍ട്ടിയുടെ എട്ടുപേരും ഉള്‍ക്കൊള്ളുന്ന മന്ത്രിസഭാ രൂപീകരണം അടുത്ത ദിവസം തന്നെ പൂര്‍ത്തിയാക്കും.

ഇത് മൂന്നാം തവണയാണ് പ്രചണ്ഡ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ - മാവോയിസ്റ്റ് സെന്റർ നേതാവ് നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2008ലും 2016ലും പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്നു.

പ്രതിപക്ഷമായ യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടിയുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നത്

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ നേപ്പാളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം നേടിയിരുന്നില്ല. തുടർന്ന്, ഭരണഘടനയുടെ 76-ാം വകുപ്പ് പ്രകാരം, ഒന്നോ അതിൽ കൂടുതലോ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ഭൂരിപക്ഷം നേടാനാകുന്ന സഭയിലെ ഏതെങ്കിലും അംഗത്തെ പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ രാഷ്ട്രപതി ക്ഷണിക്കുകയായിരുന്നു. ഇതിനായി നൽകിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് 68 കാരനായ പ്രചണ്ഡ അവകാശവാദം ഉന്നയിച്ചത്. പ്രതിപക്ഷമായ യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടിയുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നത്. യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിസിസ്റ്റ് പാർട്ടി (യുഎംഎൽ) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കെ പി ശര്‍മ ഒലിയും പ്രചണ്ഡയും നടത്തിയ ചര്‍ച്ചയിലാണ് അധികാരം പങ്കുവെയ്ക്കാനുള്ള ധാരണയിലെത്തിയത്.

13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സായുധ പോരാട്ടം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്

പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ

നേപ്പാളിലെ പൊഖാറയ്ക്കടുത്തുള്ള കാസ്കി ജില്ലയിലെ ധികുർപോഖാരിയിൽ 1954 ഡിസംബർ 11 നാണ് പ്രചണ്ഡയുടെ ജനനം. ചെറുപ്പത്തിൽ തന്നെ, കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടി വന്ന അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു.1981 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിൽ ചേർന്ന അദ്ദേഹം അധികം വൈകാതെ തന്നെ, പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി. പിന്നീട് ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് എന്ന പേരിൽ അറിയപ്പെട്ടു. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ, പാർട്ടി സായുധ പോരാട്ടം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 1996 മുതല്‍ 2006 വരെ മാവോ വാദി രീതികളില്‍ സായുധ പോരാട്ടത്തിന് ശ്രമിച്ച പ്രചണ്ഡ, 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു.

രണ്ടര വർഷം പ്രചണ്ഡ സർക്കാരിനെ നയിക്കും

ബാബുറാം ഭട്ടറായ് യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് ഓഫ് നേപ്പാളിനെ (യുപിഎഫ്) പാർലമെന്റിൽ പ്രതിനിധീകരിച്ചപ്പോൾ, പാർട്ടിയുടെ രഹസ്യ വിഭാഗത്തെ നയിച്ചത് പ്രചണ്ഡയായിരുന്നു. 1996 ഫെബ്രുവരി 4-ന്, നേപ്പാളി കോണ്‍ഗ്രസ് പ്രധാനമന്ത്രി ഷേര്‍ ബഹദൂർ ദ്യുബയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ബാബുറാം ഭട്ടറായ് 40 ആവശ്യങ്ങളുടെ ഒരു പട്ടിക നൽകി. അവ അംഗീകരിച്ചില്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. 

ദേശീയത, ജനാധിപത്യം, എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളായിരുന്നു അവയില്‍ അധികവും. നേപ്പാളി വ്യവസായങ്ങളിലും ബിസിനസ്സിലും സാമ്പത്തിക കാര്യങ്ങളിലും വിദേശ മൂലധനത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക, 1950-ലെ നേപ്പാൾ-ഇന്ത്യ ഉടമ്പടി ഉൾപ്പെടെയുള്ള വിവേചനപരമായ ഉടമ്പടികൾ റദ്ദാക്കുക, ഫ്യൂഡൽ വ്യവസ്ഥയുടെ നിയന്ത്രണത്തിലുള്ള ഭൂമി കണ്ടുകെട്ടി ഭൂരഹിതർക്കും ഭവനരഹിതർക്കും വിതരണം ചെയ്യുക എന്നിവയായിരുന്നു അവയില്‍ പ്രധാനം. 2006 ഏപ്രിൽ 26 വരെ, പർവതപ്രദേശങ്ങളിലും പടിഞ്ഞാറൻ നേപ്പാളിലും നിയന്ത്രണ മേഖലകൾ സ്ഥാപിക്കുന്നതിനുള്ള സിപിഎൻ(എം)ന്റെ സൈനിക ശ്രമങ്ങൾക്ക് പ്രചണ്ഡ നേതൃത്വം നൽകിയിരുന്നു. അതിന് ശേഷം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍, 40 ആവശ്യങ്ങള്‍ 24 ആയി ചുരുക്കി.

പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് അധ്യക്ഷനുമായ ഷേർ ബഹദൂർ ദ്യൂബയുമായി സഖ്യം ചേരാന്‍ ഇത്തവണ പ്രചണ്ഡ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനം നിരസിച്ചതിനെ തുടര്‍ന്ന്, നേപ്പാളി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പാർട്ടി സഖ്യത്തിൽ നിന്ന് പ്രചണ്ഡ ഇറങ്ങിപ്പോകുകയായിരുന്നു.

പുതിയ സഖ്യത്തില്‍, സിപിഎൻ-യുഎംഎൽ 78, സിപിഎൻ-എംസി 32, ആർഎസ്പി 20, ആർപിപി 14, ജെഎസ്പി 12, ജനമത് 6, നാഗരിക് ഉൻമുക്തി പാർട്ടി - 3 എന്നിങ്ങനെ 275 അംഗ പ്രതിനിധി സഭയിൽ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡയ്ക്കുണ്ട്. സിപിഎൻ-യുഎംഎൽ ചെയർമാൻ കെപി ശർമ ഒലി, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) പ്രസിഡന്റ് രവി ലാമിച്ചാന്‍, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി തലവൻ രാജേന്ദ്ര ലിങ്ഡൻ എന്നിവരാണ് അദ്ദേഹത്തെ പിന്തുണച്ച് രാഷ്ട്രപതിയുടെ ഓഫീസിൽ എത്തിയത്. രണ്ടര വർഷം പ്രചണ്ഡ സർക്കാരിനെ നയിക്കുമെന്നും ബാക്കി രണ്ടര വർഷം സിപിഎൻ-യുഎംഎൽ അധികാരത്തിലേറുമെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ നേതൃത്വം വ്യക്തമാക്കുന്നു. 89 സീറ്റുകൾ നേടിയ നേപ്പാളി കോൺഗ്രസ് പാർട്ടി മുഖ്യ പ്രതിപക്ഷമാകും. 239 വര്‍ഷം നീണ്ടുനിന്ന രാജവാഴ്ച നിർത്തലാക്കി, 2008 മുതല്‍ നിലവില്‍ വന്നതിന് ശേഷം വരുന്ന 11-ാമത്തെ സര്‍ക്കാരായാണ് പ്രചണ്ഡ സത്യപ്രതിജ്ഞ ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ