ക്ഷയരോഗം നിസാരമല്ല. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുക്കുന്ന രോഗബാധയാണ് ക്ഷയം എന്ന് പഠനം. പ്രതിദിനം 700 കുട്ടികൾ ഉൾപ്പെടെ 4,400 പേർ ക്ഷയം ബാധിച്ച് മരിക്കുന്നു. ലോകത്ത് കോവിഡ് , എയ്ഡ്സ് രോഗങ്ങൾ ബാധിച്ച് മരിക്കുന്നതിനേക്കാൾ കൂടുതലാണ് ഈ കണക്ക്. വായുവിലൂടെ പകരുന്ന രോഗമാണ് ടിബി അഥവാ ക്ഷയം. എന്നാല്‍ കോവിഡിന് ശേഷം രോഗാവസ്ഥയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഗുരുതരമായ പകർച്ചവ്യാധികളിൽ ഒന്നായി ക്ഷയ രോഗം മാറിയെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം ഉള്‍പ്പെടെ നിലനില്‍ക്കുന്ന ലോക രാജ്യങ്ങളില്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതാണ് ക്ഷയരോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സുഡാൻ, യുക്രെയ്ൻ എന്നിവിടങ്ങളിൽ രോഗ ബാധിതരിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാനാവാത്തതും പുതിയ രോഗികളെ കണ്ടെത്താൻ സാധിക്കാത്തതും ഇവിടങ്ങളിൽ സാഹചര്യങ്ങള്‍ രൂക്ഷമാക്കുന്നു. കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളും മറ്റ് പ്രതിസന്ധികളും ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തെ മന്ദഗതിയിലാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബർ അവസാനം നടക്കാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ലോക നേതാക്കളുടെ വാർഷിക സമ്മേളത്തിന് മുന്നോടിയായാണ് ആരോഗ്യ വിദഗ്ധരും യു എൻ അധികൃതരും സാഹചര്യം വിലയിരുത്തിയത്.
പുതിയ വാക്സിനുകൾ വികസിപ്പിക്കുന്നതിനും യുക്രെയ്ൻ, സുഡാൻ എന്നിവയുൾപ്പെടെയുള്ള സംഘർഷങ്ങൾ നടക്കുന്ന മേഖലകളിൽ ക്ഷയരോഗത്തെ നേരിടാനും ലോകം കൂടുതൽ നിക്ഷേപം നടത്തണമെന്ന് യു എൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു
" കോവിഡിന് ശേഷം ക്ഷയരോഗത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആളുകള്‍ വലിയ തോതില്‍ ക്ഷീണിതരാവുകയും രക്തം ഛർദിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്യുന്നു''. സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ലൂസിക്ക ഡിറ്റിയു നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
യുദ്ധ ദുരിതങ്ങള്‍ പേറുന്ന സുഡാനിലും യുക്രെയ്നിലും ടിബി ബാധിച്ചവരെ കണ്ടെത്തുക, ചികിത്സ നൽകുക തുടങ്ങളിയ നടപടികള്‍ പ്രതിസന്ധി നേരിടുകയാണ്. പുതിയ സാഹചര്യത്തില്‍ മെച്ചപ്പെട്ട വാക്സിനുകൾ വികസിപ്പിക്കുന്നതിനും യുക്രെയ്ൻ, സുഡാൻ എന്നിവയുൾപ്പെടെയുള്ള സംഘർഷങ്ങൾ നടക്കുന്ന മേഖലകളിൽ ക്ഷയരോഗത്തെ നേരിടാനും ലോകം കൂടുതൽ നിക്ഷേപം നടത്തണമെന്ന് യു എൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ക്ഷയരോഗത്തിനെതിരായ ആഗോള പ്രതികരണ ശ്രമങ്ങൾ മൂലം 2000 മുതൽ 74 ദശലക്ഷം ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. 2021ൽ മാത്രം 10.5 ദശലക്ഷത്തിലധികം ആളുകൾക്ക് ആണ് രോഗം പിടിപെട്ടത്. ഇതേ കാലയളവില്‍ 6.1 ദശലക്ഷം ആളുകൾ മരിച്ചു. എച്ച്ഐവി ബാധിതരുടെ മരണത്തിന്റെ പ്രധാന കാരണമായി ക്ഷയരോഗം മാറിയെന്നും യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പറഞ്ഞു.
യൂറോപ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ ടിബി ബാധിതരുള്ളത് യുക്രെയ്‌നിലാണ്, 34,000 പേർ. സുഡാനിൽ, 2021-ൽ 18,000 പേർ ക്ഷയരോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്.