WORLD

'ഇനി കോമഡിയും ട്വിറ്ററില്‍ നിയമപരം'; ഉള്ളടക്ക നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് മസ്ക്

വെബ് ഡെസ്ക്

ട്വിറ്ററിന്റെ ഉള്ളടക്ക നയങ്ങളിൽ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഇലോൺ മസ്ക്. ട്വിറ്റർ 44 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്ന നടപടി പൂർത്തിയാക്കിയതിന് പിന്നാലെയാണ് നയങ്ങൾ സംബന്ധിച്ച് മസ്ക് ട്വീറ്റ് ചെയ്തത്. ട്വിറ്ററിൽ വരുന്ന ഉള്ളടക്കങ്ങൾ മോഡറേറ്റ് ചെയ്യാൻ പുതിയൊരു കൗൺസിൽ രൂപീകരിക്കുമെന്ന് മസ്ക് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ തത്കാലത്തേക്ക് മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നും, ചെറിയ കാരണങ്ങളാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് അതിൽ നിന്ന് മോചനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

"ട്വിറ്ററിന്റെ ഉള്ളടക്ക നയങ്ങളിൽ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചെറുതും സംശയാസ്പദവുമായ കാരണങ്ങളാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടവരെ ട്വിറ്റർ ജയിലിൽ നിന്ന് മോചിപ്പിക്കും. ഇനി കോമഡി ട്വിറ്ററില്‍ നിയമപരമാണ്" മസ്‌ക് ട്വീറ്റില്‍ പറഞ്ഞു. ട്വിറ്ററിന്റെ കർശന ഉപാധികൾ ഇല്ലാതാക്കി കൂടുതൽ സ്വാതന്ത്രമാക്കുമെന്നാണ് മസ്‌ക് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

നേരത്തെ, ഉള്ളടക്കങ്ങൾ മോഡറേറ് ചെയ്യാൻ കൗൺസില്‍ രൂപീകരിക്കുമെന്നും അതിന് വൈവിധ്യമാർന്ന കാഴ്ചപ്പാടാകും ഉണ്ടാകുകയെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഉള്ളടക്കവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങൾക്കും കൗൺസിലിന് ഉത്തരവാദിത്തമുണ്ടാകും. നിരോധിക്കപ്പെട്ട അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനവും കൗൺസിലിനാകുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു.

അതേസമയം, വിദ്വേഷ ട്വീറ്റുകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നിലവിലെ നയങ്ങൾ മസ്കിന്റെ കീഴിൽ കൂടുതൽ ഉദാരമാക്കപ്പെടുമെന്നാണ് ഒരു വിഭാഗം ഉപയോക്താക്കൾ കരുതുന്നത്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് കർശന നിയന്ത്രണമുള്ള ട്വിറ്ററിന്റെ പഴയ നയങ്ങൾ ഇല്ലാതാക്കിയെന്ന പരാതികളും നിലവിലുണ്ട്. തന്റെ കീഴില്‍, നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും എന്തും ചെയ്യാനാകുന്നൊരു ഇടമായി ട്വിറ്റര്‍ മാറില്ലെന്ന് മസ്ക് വ്യാഴാഴ്ച പറഞ്ഞിരുന്നു. എന്നാൽ ട്വിറ്ററിന്റെ പോളിസികളിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.

ട്വിറ്ററിന്‍റെ ഉടമസ്ഥത മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ സ്ഥാപനത്തിലെ മുതിർന്ന അംഗങ്ങൾ പലരും രാജിവെച്ചിരുന്നു. കൂടാതെ യുഎസിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്‌സ് ട്വിറ്ററിൽ പണമടച്ച് പരസ്യം ചെയ്യുന്നത് താൽക്കാലികമായി നിർത്തിയതായും വാർത്തകളുണ്ട്. പുതിയ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന്റെ നയങ്ങൾ മനസ്സിലാക്കിയ ശേഷം കൂടുതൽ സഹകരിക്കുമെന്നുാണ് ജിഎമ്മിന്റെ പ്രതികരണം.

ട്വിറ്ററിൽ വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന സൂചന മസ്ക് മുന്‍പ് തന്നെ നൽകിയിരുന്നു. പൊതു സംവാദത്തിനുള്ള വേദിയായിട്ടാണ് താൻ ഈ പ്ലാറ്റ്ഫോമിനെ കാണുന്നത്. അതിന്‍റെ ഭാഗമായി ട്വിറ്ററില്‍ നിരോധിക്കപ്പെട്ട യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉൾപ്പെടെ അക്കൗണ്ടുകള്‍ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ പ്രവൃത്തികൾ ചെയ്യാൻ അണികളെ പ്രോത്സാഹിപ്പിച്ചതിനായിരുന്നു കഴിഞ്ഞവര്‍ഷം ട്രംപിന്‍റെ അക്കൗണ്ട് നിരോധിച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും