കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ നേരിടുന്ന വികസ്വര രാഷ്ട്രങ്ങള്‍ക്കായി നഷ്ടപരിഹാര ഫണ്ടിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ. വെള്ളിയാഴ്ച സമാപിക്കേണ്ടിയിരുന്ന ഉച്ചകോടി നഷ്ടപരിഹാര ഫണ്ട് സംബന്ധിച്ച തീരുമാനമാകാത്തതിനാല്‍ ശനിയാഴ്ചയും തുടർന്നിരുന്നു. നീതി നടപ്പാക്കുന്നതിലേയ്ക്കുള്ള ഒരു സുപ്രധാന ചുവടുവെയ്‌പ്പെന്ന് തീരുമാനത്തെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ട്വീറ്റ് ചെയ്തു. ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ നവംബർ ആറിനാണ് ഉച്ചകോടി ആരംഭിച്ചത്.
'സുപ്രധാന ചുവടുവെയ്പാണ് ഈ തീരുമാനം. ഇതുകൊണ്ട് മാത്രം പൂര്‍ണമാകില്ല. എന്നാല്‍ തീരുമാനം മികച്ച രാഷ്ട്രീയ സൂചനയാണ് മുന്നോട്ടുവെയ്ക്കുന്നത്. ശിഥിലമായ വിശ്വാസം വീണ്ടെടുക്കാന്‍ ഇതിലൂടെ സാധിക്കും' ഗുട്ടറസ് പ്രതികരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ പൊറുതിമുട്ടുന്ന രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പുറംലോകം അറിയണമെന്നും പുതിയ തീരുമാനത്തിന്റെ നടത്തിപ്പില്‍ ഐക്യരാഷ്ട്ര സഭ പിന്തുണക്കുമെന്നും അന്റോണിയോ ഗുട്ടറെസ് വ്യക്തമാക്കി.
തീരുമാനമാകാതെ കോപ് 27 നില്‍ നിന്ന് മടങ്ങില്ലെന്ന നിലപാടിലായിരുന്നു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വികസ്വര രാജ്യങ്ങള്‍
നഷ്ടപരിഹാര ഫണ്ടില്‍ അന്തിമ തീരുമാനമാകാത്തതിനെ തുടര്‍ന്ന് നീട്ടിയ ഉച്ചകോടി, ഇന്നലെ രാത്രി വരെ നീണ്ട സമഗ്രമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയത്. ഇന്ത്യ കൂടി അംഗമായ ജി77 രാജ്യങ്ങളും ചൈനയുമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുന്നോട്ടുവെച്ചത്. നാശനഷ്ടങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ കോപ് 27 നില്‍ നിന്ന് മടങ്ങില്ലെന്ന നിലപാടിലായിരുന്നു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വികസ്വര രാജ്യങ്ങള്‍.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളേ മാറ്റിപാര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം ഒരുക്കുന്നതിനും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഉന്നയിച്ച വാദം. വികസിത രാജ്യമെന്ന നിലയില്‍ വലിയ രീതിയിലുള്ള ധനസഹായം നല്‍കേണ്ടി വരുമെന്ന ഭയം കാരണം നിര്‍ദേശം സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക.
കാലാവസ്ഥാ ദുരന്ത നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കോപ് 27 ന്റെ ആദ്യ ദിവസം തങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഉച്ചകോടിയുടെ അവസാന ദിവസം വികസിത രാജ്യങ്ങളുടെ എതിരഭിപ്രായങ്ങളില്ലാതെ ഭാഗികമായി വിജയിച്ചിരിക്കുന്നു എന്നാണ് ഇന്ത്യയുടെ എനര്‍ജി എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ കൗണ്‍സില്‍ മേധാവി വൈഭവ് ചതുര്‍ വേദി പ്രതികരിച്ചത്. എന്നാല്‍ നാശ നഷ്ടങ്ങളുമായി ബന്ധപ്പെട്ട് വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ ധനസഹായ ക്രമീകരണം സ്വാഗതാര്‍ഹമാണെങ്കിലും, ആരാണ് ഇതിന് പണം നല്‍കേണ്ടത്, എന്നത് അനിശ്ചിതത്വത്തിലാണെന്നാണ് വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഉള്‍ക്കാ കേല്‍ക്കര്‍ ഉന്നയിക്കുന്ന വാദം.