ലോകം കോവിഡ് ഭീതിയില്‍ നിന്ന് കരകയറുമ്പോള്‍ ചൈനയില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. മറ്റൊരു രാജ്യത്തും നിലവിലില്ലാത്ത കര്‍ശനമായ സീറോ കോവിഡ് നയങ്ങള്‍ക്കെതിരെ ഇപ്പോള്‍ ചൈനയിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. 2020 മുതല്‍ നിലവിലുളള ഈ നിയമം രാജ്യത്തെ ജനങ്ങളിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല. ഭരണകൂടത്തോട് വിധേയപ്പെട്ട് പ്രതികരിക്കാതെ പൊരുത്തപ്പെട്ട ജനത ഇപ്പോള്‍ തെരുവിലിറങ്ങാന്‍ തുനിഞ്ഞതിന്റെ കാരണങ്ങങ്ങളും ഇതെല്ലാമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രം 40,000 ത്തിലധികം കോവിഡ് കേസുകളും ഒരു മരണവുമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലെ സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടുത്തമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. പത്ത് മരണമാണ് അപകടത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശനമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങളാണ് തീപിടുത്തത്തിൽ മരണസംഖ്യ വര്‍ധിപ്പിച്ചതെന്നാണ് ജനങ്ങള്‍ പറയുന്നത്.
തീപിടുത്തമുണ്ടായ കെട്ടിടം കോവിഡ് നിയന്ത്രണം കാരണം ഭാഗികമായി പൂട്ടിയിരിന്നതിനാല്‍ താമസക്കാര്‍ക്ക് ക്യത്യസമയത്ത് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂര്‍ ജനതയിലധികവും ഇവിടെയാണ് താമസിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഉറുംകയില്‍ നടക്കുന്നതെന്ന് ആരോപിച്ച് പല സംഘടനകളും ഇതിന് മുന്‍പും രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടും പ്രസിഡന്റ് ഷി ജിന്‍പിങ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുമാണ് നിലവിലെ പ്രതിഷേധം
ചൈനയില്‍ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ പലപ്പോഴും പതിവാണ്. കാലങ്ങളായി വിവിധ പ്രശ്‌നങ്ങളാല്‍ ചൈനയിലെ പല പ്രദേശങ്ങളിലും സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. നിയമ വിരുദ്ധമായ ഭൂമി കുടിയേറ്റങ്ങള്‍, മലിനീകരണം, പോലീസിന്റെ അമിധാതികാര പ്രയോഗങ്ങള്‍ തുടങ്ങിയവ കൊണ്ട് ചൈനയിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പലപ്പോഴും ഇതിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടാകാറുമില്ല. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കെതിരെ പലരും വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ട് തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിട്ടും ചൈനയില്‍ ഇപ്പോഴും ഇത് കര്‍ശനമായി തുടരുകയാണ്. നഗരത്തിലെ ഏതെങ്കിലും ഒരു പ്രദേശത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ സീറോ കോവിഡ് പദ്ധതിയുടെ ഭാഗമായി ആ നഗരം മുഴുവന്‍ അടച്ചിടും. പൂര്‍ണമായും ലോക്ഡൗണിലേയ്ക്ക് നീങ്ങുന്ന നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ മിക്ക ജനങ്ങളും ഏറെ ദുരിതത്തിലാണ്. എന്നാല്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ഷി ജിന്‍പിങ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുകയാണ്.
നാന്‍ജിംഗ്, ബീജിംഗ് തുടങ്ങിയ നഗരങ്ങളിലെ സര്‍വ്വകലാശാലകളില്‍ ഉറുംകിയിലെ ഇരകള്‍ക്കായി മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. തങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമായി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ചൈനയില്‍ പരസ്യമായി വിമര്‍ശിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്
പ്രതിഷേധങ്ങള്‍ക്കെതിരെ ഉണ്ടായേക്കാവുന്ന പ്രതികരണങ്ങള്‍ വകവെയ്ക്കാതെയാണ് ജനങ്ങള്‍ ഇപ്പോൾ തെരുവിലറിങ്ങിയിരിക്കുന്നത്. ഷി ജിന്‍പിങ് രാജിവെയ്ക്കുക എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ പ്രതിസന്ധി പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചേയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം സീറോ കോവിഡ് നിയന്ത്രണങ്ങളോടുള്ള ജനരോക്ഷത്തെ ഇപ്പോഴും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നയത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഷി ജിന്‍പിങ് വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ വ്യക്തമാക്കിയിരുന്നു.