ആഡംബരക്കപ്പലിനായി സൗദി രാജകുടുംബാംഗത്തിന് വായ്പ നല്‍കിയ കേസില്‍ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വീസിന് അനുകൂല വിധി. കേസില്‍ രാജകുടുംബാംഗം ഫഹദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ബര്‍ഗണ്ടിയും ക്രെഡിറ്റ് സ്യൂസില്‍നിന്നെടുത്ത വായപ തിരിച്ചടക്കണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. 4.10 കോടി ഡോളറാണ് തിരിച്ചടയ്‌ക്കേണ്ടത്.
വിധി പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ ക്രെഡിറ്റ് സ്വീസും സൗദി രാജകുടുംബവും തയ്യാറായിട്ടില്ല
മുഴുവൻ കടവും തിരിച്ചടയ്ക്കാന്‍ രാജകുമാരന്‍ ബാധ്യസ്ഥനാണെന്നും കോടതി ഉത്തരവിട്ടു. ലണ്ടന്‍ ഹൈക്കോടതി ജഡ്ജി റോബര്‍ട്ട് ബ്രൈറ്റ് രേഖാമൂലമുള്ള വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ക്രെഡിറ്റ് സ്വീസിന്റെ വാദങ്ങള്‍ ശരിയെന്നിരിക്കെ ഫഹദ് രാജകുമാരനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ബര്‍ഗണ്ടിയും കോടതി ഉത്തരവിനെ പ്രതിരോധിക്കാനുള്ള സാധ്യത കുറവാണെന്നും കോടതി ചൂണ്ടിക്കാട്ടി. യാതൊരു വിചാരണയും കൂടാതെ ബുധാനാഴ്ചയാണ് ജഡ്ജി വിധി പ്രഖ്യാപനം നടത്തിയത്.
അതേസമയം വിധി പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ ക്രെഡിറ്റ് സ്വീസും സൗദി രാജകുടുംബവും തയ്യാറായിട്ടില്ല.
സിനിമ, ജിം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന 82 മീറ്റര്‍ വലുപ്പമുള്ള ആഡംബരക്കപ്പലായ സാറാഫ്‌സ സ്വന്തമാക്കുന്നതിനായാണ് സൗദി രാജാവിന്റെ ഉടമസ്ഥയിലുള്ള കമ്പനിയായ ബര്‍ഗണ്ടി ക്രെഡിറ്റ് സ്വീസില്‍നിന്ന് 4.10 കോടി ഡോളര്‍ വായ്‌പെടുത്തത്. രാജകുമാരനും കമ്പനിയും വായ്പ കരാറുകള്‍ ലംഘിച്ചെന്ന് 2021 ലാണ് ക്രെഡിറ്റ് സ്വീസ് ആരോപണമുയർത്തിയത്. കടം മുഴുവൻ അടച്ചുതീര്‍ക്കാന്‍ രാജകുമാരനോട് ആവശ്യപ്പെടുകയും ചെയ്തു. ക്രെഡിറ്റ് സ്വീസിന് പലിശയായി 13,500 യൂറോ നല്‍കിയിട്ടുണ്ടെന്ന് ബെര്‍ഗണ്ടിയും രാജകുമാരും അവകാശപ്പെട്ടെങ്കിലും ആഡംബരക്കപ്പലിനെതിരെ കേസെടുക്കുകയായിരുന്നു.
2022ല്‍ 65 ലക്ഷം യൂറോയ്ക്ക് ആഡംബരക്കപ്പല്‍ വില്‍പ്പനയ്ക്ക് വച്ചെങ്കിലും കേസിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് വിപണിയില്‍നിന്ന് പിന്‍വലിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മാള്‍ട്ടയിലെ വല്ലെറ്റ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ് സാറാഫ്‌സ.
സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ കേസ് അനുകൂലമായത് ക്രെഡിറ്റിന് സ്വീസിന് വലിയ ആശ്വാസമാകും. സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസിനെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഏതാനും നാളുകള്‍ക്ക് മുമ്പാണ് യുബിഎസ് ഏറ്റെടുത്തത്. സ്വിസ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷണല്‍ ബാങ്ക് കൂടുതല്‍ പണം നിക്ഷേപിക്കാനാവില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ക്രെഡിറ്റ് സ്വീസില്‍ പ്രതിസന്ധി രൂക്ഷമായത്.