ഇന്ധനക്ഷാമം രൂക്ഷമായതിനാല്‍ പരമ്പരാഗത മെയ്ദിന പരേഡ് റദ്ദാക്കി ക്യൂബ. 1959ലെ വിപ്ലവത്തിന് ശേഷം ഇത് ആദ്യമായാണ് സാമ്പത്തിക കാരണങ്ങളാൽ ആഘോഷങ്ങൾ റദ്ദാക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ഹവാനയില്‍ നടക്കുന്ന പരേഡില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്. ദ്വീപിന് ആവശ്യമായ പെട്രോളിന്റെ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കുന്നുള്ളൂവെന്നും വിതരണക്കാരായ രാജ്യങ്ങൾ തങ്ങളുടെ കരാർ ഉടമ്പടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഇന്ധനക്ഷാമത്തിന് കാരണമെന്നും പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനൽ പറഞ്ഞു.
കുറഞ്ഞ നിലവാരമുള്ള ക്രൂഡ് ഓയില്‍ ക്യൂബയിലേക്ക് എത്തുന്നുണ്ടെങ്കിലും അത് സംസ്‌കരിക്കാനുള്ള മാര്‍ഗ്ഗം രാജ്യത്ത് ഇല്ലാത്തതാണ് ഇത്രയധികം പ്രതിസന്ധി സൃഷ്ടിക്കുന്നത്. ക്യൂബയുടെ ഏറ്റവും വലിയ ഇന്ധനദാതാവായ വെനസ്വലേയില്‍ നിന്ന് ഉയര്‍ന്ന നിലവാരമുള്ള ക്രൂഡ് ഓയിലിന്റെ വിതരണത്തിൽ സമീപ വര്‍ഷങ്ങളില്‍ 50ശതമാനമായി കുറവ് രേഖപ്പെടുത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ വെനസ്വേലയുടെ ഉയർന്ന നിലവാരമുള്ള ക്രൂഡ് ഓയിൽ ഇപ്പോൾ അമേരിക്കയിലേക്കാണ് പോകുന്നത്. 2000 മുതൽ രണ്ട് സോഷ്യലിസ്റ്റ് രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കരാർ പ്രകാരം ക്രൂഡ് കയറ്റുമതിക്ക് പകരമായി ക്യൂബ വെനസ്വേലയിലേക്ക് ഡോക്ടർമാരെയും അധ്യാപകരെയും കൗണ്ടർ ഇന്റലിജൻസ് ഏജന്റുമാരെയും അയയ്ക്കുന്നു. ആ കരാറാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്. റഷ്യൻ എണ്ണയ്ക്കും വാതകത്തിനും ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്ക കഴിഞ്ഞ നവംബറിൽ ഷെവ്‌റോണിന് വെനസ്വേലൻ പെട്രോളിയം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് നൽകിയിരുന്നു. ഇത് ക്യൂബയെ പ്രതികൂലമായി ബാധിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനം വാങ്ങാൻ ബുദ്ധിമുട്ടുകയാണ്. ഈ സ്ഥിതി തുടർന്നാൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്നും ഉത്പാദനക്ഷമത ഇനിയും കുറയുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡീസൽ ക്ഷാമം കാരണം കരിമ്പ് റിഫൈനറികളിലേക്ക് എത്തിക്കുന്നത് തടസപ്പെട്ടതോടെ ഈ വർഷത്തെ പഞ്ചസാര വിളവെടുപ്പും ഒരു നൂറ്റാണ്ടിനിടെ ഏറ്റവും മോശമായ അവസ്ഥയിലാണ്.
ക്യൂബയില്‍ സാധാരണക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 150 ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെയാണ് സാധാരണക്കാരുടെ ശരാശരി വരുമാനം. എന്നാല്‍ ഇന്ധനത്തിനായി മാത്രം 30 ഡോളറോളം ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍. പെട്രോൾ പമ്പുകൾക്ക് മുൻപിൽ മണിക്കൂറുകളും ദിവസങ്ങളും നീളുന്ന ക്യൂവാണ് കാണപ്പെടുന്നത്. ദീര്‍ഘകാലമായുള്ള അമേരിക്കയുടെ ഉപരോധങ്ങളാണ് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്നാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.