അതിതീവ്ര സ്വഭാവം കൈവരിച്ച മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കരതൊടും. മ്യാന്‍മറിലെ ക്യാപുവിനും തെക്ക് - കിഴക്കന്‍ ബംഗ്ലാദേശിലെ കോക്സ് ബസാറിനും ഇടയിലായാകും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക. മണിക്കൂറില്‍ 170 കിലോമീറ്ററാകും കരയില്‍ കാറ്റിന്റെ വേഗത. മ്യാന്‍മറിലും ബംഗ്ലാദേശിലും തീരദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ബംഗ്ലാദേശിലെ കോക്സ് ബസാര്‍ തുറമുഖം, ചാറ്റാഗ്രാം, പയ്റ എന്നിവടങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. രണ്ട് ദശാബ്ദത്തിനിടെ ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാകും മോക്ക എന്നാണ് വിലയിരുത്തപ്പെടുന്നത്. കോക്സ്ബസാറിന് 410 കിലോമീറ്റര്‍ അകലെയായാണ് മോക്ക ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ശക്തമായ മഴ സാധ്യത പ്രവചിക്കപ്പെടുന്ന ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ നിന്ന് നിരവധിപേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം ഒരുമില്യണിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ക്യാംപുകളില്‍ കഴിയുന്ന മേഖലകൂടിയാണിത്. മ്യാന്‍മര്‍ എയര്‍വെയ്സിന്റെ റാഖിനിലേക്കുള്ള വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച വരെ റദ്ദാക്കി.
കാറ്റഗറി നാലിലാണ് മോക്ക ചുഴലിക്കാറ്റിനെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കുന്നതിനെ തുടര്‍ന്നാണിത്. കാറ്റിനൊപ്പം കനത്തമഴ, ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു.
പശ്ചിമബംഗാള്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, മണിപ്പൂര്‍, അസം സംസ്ഥാനങ്ങളിലും ആന്‍ഡമാനിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.