ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് നിരവധി മരണമുണ്ടായതിനു പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ച് ലെബനീസ് ഭരണകൂടം. രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകളിലും പേജര്‍, വാക്കി ടോക്കി എന്നിവ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
ഇതിനു പുറമേ രാജ്യവ്യാപകമായി തിരച്ചില്‍ നടത്തി സംശകരമായി തോന്നിക്കുന്ന എല്ലാ പേജറുകളും വാക്കിടോക്കികളും പൊട്ടിച്ചുകളയാനും ഭരണകൂടം ഉത്തരവിട്ടു. ഇതിനായി ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക സൈനിക യൂണിറ്റിനെയും നിയോഗിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇസ്രയേല്‍ ഹിസ്ബുള്ളയെ ആക്രമിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ്വരയിലും സ്ഫോടനങ്ങള്‍ നടന്നത്.
സംഭവത്തിന് പിന്നില്‍ ഇസ്രയേലിന്റെ കൈകളാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ടു സ്ഫോടനങ്ങളില്‍ നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനുപയോഗിച്ചിരുന്ന പേജറുകളില്‍ അവരറിയാതെ സ്ഫോടകവസ്തുക്കള്‍ വച്ച് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നാണ് വിലയിരുത്തലുകള്‍.