WORLD

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലുമുണ്ടായത്. ഈ സാഹചര്യത്തിൽ ഇറാനിൽ ഇനിയൊരു തിരഞ്ഞെടുപ്പ് നടത്തുക എന്നത് ശ്രമകരമായ കാര്യമാണ്

വെബ് ഡെസ്ക്

അശാന്തി പേറുന്ന പശ്ചിമേഷ്യ, ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉണ്ടാക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍, അന്താരാഷ്ട്ര ഉപരോധം, നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഇറാന്‍ എന്ന രാജ്യത്തിന് മേല്‍ ഇടിത്തീ പോലെയാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം പതിക്കുന്നത്. അസര്‍ബൈജാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വര്‍സാഖാന്‍ പര്‍വത മേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടം ഇറാനെ തള്ളിവിടുന്നത് വലിയ ആഭ്യന്തര പ്രതിസന്ധിയിലേക്കും അപ്രതീക്ഷിത തിരഞ്ഞെടുപ്പിലേക്കുമാണ്.

ഇറാന്‍ ഭരണഘടന പ്രകാരം ചുമതലയിലിരിക്കുന്ന പ്രസിഡന്റ് മരിക്കുകയോ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്താല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പകരക്കാരനായി ഇബ്രാഹിം റെയ്സി ഉയര്‍ന്നുവരുമെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. ഇതിന് കൂടിയാണ് ഹെലികോപ്റ്റര്‍ അപകടം വിരാമമിടുന്നത്. ഇറാന് മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യവും ബാക്കിയാകുന്നു.

മത നിയമങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ ഭരണ സംവിധാനത്തില്‍ പ്രസിഡന്റ് എന്ന പദവി പൂര്‍ണമായും രാജ്യത്തെ പരമോന്നത നേതാവിന്റെ കൈപ്പിടിയില്‍ നില്‍ക്കുന്ന അധികാരകേന്ദ്രം മാത്രമാണ്. ഭരണകൂടത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് തനിക്കെതിരെ തിരിയാതിരിക്കാന്‍ പരമോന്നത നേതാവ് പലപ്പോഴും പ്രതിരോധമായി ഉപയോഗിക്കുന്നതും രാജ്യത്തിന്റെ പ്രസിഡന്റിനെ ആയിരിക്കും. ഇബ്രാഹിം റെയ്‌സിയും ഹസന്‍ റൂഹാനിയും ഇത്തരത്തില്‍ ജനങ്ങളുടെ എതിര്‍പ്പ് ഏറ്റവാങ്ങിയവരുമാണ്.

അയത്തൊള്ള അലി ഖമേനിക്ക് ശേഷം പരമോന്നത നേതാവാകുമെന്നു കരുത്തപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി മരണപ്പെട്ടതോടെ ആ സ്ഥാനത്തേക്ക് ഖമേനിയുടെ മകൻ മൊജ്തബ ഖമേനി വരാനുള്ള സാധ്യത തെളിയുകയാണ്

പിൻഗാമികൾ

ഇറാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് നേതാക്കളാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. പ്രസിഡന്റ് റെയ്സിയോടൊപ്പം വിദേശകാര്യമന്ത്രി ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാനും മരിച്ചു. ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റുമാരിൽ ഒന്നാമനായ മുഹമ്മദ് മോഖബർ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്.

ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളുമായി സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും തെരുവിലുളള സാഹചര്യത്തിൽ ഇറാനിൽ ഇനിയൊരു തിരഞ്ഞെടുപ്പ് എന്നത് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ മാർച്ച് ഒന്നാം തീയ്യതിയാണ് ഇറാനിൽ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേറ്റത്.

ഇബ്രാഹിം റെയ്‌സിയുടെ മരണം ഇറാന്റെ പരമോന്നത നേതാവിന്റെ പിന്‍ഗാമി ആരെന്ന ചര്‍ച്ച കൂടിയാണ് സജീവമാക്കുന്നത്. അയത്തൊള്ള അലി ഖമേനിക്ക് ശേഷം പരമോന്നത നേതാവാകുമെന്നു കരുത്തപ്പെട്ടിരുന്നത് ഇബ്രാഹിം റെയ്‌സി ആയിരുന്നു. എന്നാല്‍ റെയ്‌സിയുടെ മരണത്തോടെ അയത്തൊള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടെ മറ്റുപല ഇസ്ലാമിക രാജ്യങ്ങളെ പോലെ പാരമ്പര്യമായി കൈമാറപ്പെടുന്ന ഭരണസംവിധാനത്തിലേക്ക് ഇസ്ലാമിക റിപ്പബ്ലിക്ക് ഓഫ് ഇറാനും മാറുന്നതായി കണക്കാക്കാം.

മൊജ്തബ ഖമേനി

കൊല്ലപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുള്‍ അഹിയാന്റെ പിൻഗാമിയായ അലി ബഘേരിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലകളിലേക്ക് വരേണ്ടത് എന്നാൽ ഇസ്രയേലുമായുള്ള തർക്കങ്ങൾക്കിടയിൽ വീണ്ടുമുയർന്നു വന്ന ആണവായുധ ചർച്ചകൾ ബഘേരി തണുപ്പിച്ചുകളയുമെന്ന ആശങ്ക അവിടെയുള്ള തീവ്ര നിലപാടുള്ള വിഭാഗത്തിനുണ്ട്. ആണവായുധത്തിന്റെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്ന നേതാവാണ് ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാൻ എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ, അതുതന്നെയാകും അദ്ദേഹത്തിന്റെ പിൻഗാമിയുടെയും നയമെന്ന് സ്വാഭാവികമായും കരുതും. അതുകൊണ്ട് അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളുണ്ട്.

ഇസ്രയേലും ഇറാനും തമ്മിൽ നേർക്കുനേർ നിന്ന സമയത്ത് അറബ് രാജ്യങ്ങളുൾപ്പെടെയുള്ള ഇറാനുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾക്ക് കൃത്യമായി മറുപടികളും സന്ദേശങ്ങളും നൽകുകയും നയതന്ത്ര ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് ഹൊസൈൻ അമീർ അബ്ദുള്‍ അഹിയാൻ.

അലി ബഘേരി

പ്രതിസന്ധി

വലിയ പ്രതിഷധങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെടുന്നത്. 50 ദിവസത്തിനുള്ളിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കണം. അതിന് രാഷ്ട്രീയ സാഹചര്യം ഒരുക്കുക എന്നത് അത്ര എളുപ്പമല്ല. 2021ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇറാനിൽ രേഖപ്പെടുത്തിയത്. 49 ശതമാനമായിരുന്നു പോളിംഗ്. അത് മാത്രമല്ല, പ്രതിഷേധങ്ങളുടെ ഭാഗമായി 13 ശതമാനം പൗരരുടെ വോട്ടവകാശം ഭരണകൂടം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത്തവണ പ്രതിഷേധങ്ങളുടെ ഭാഗമായി നിൽക്കുന്നവർക്ക് വോട്ടവകാശം ലഭിക്കുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. മത്സരിക്കുന്ന സ്ഥാനാർത്തികളെ വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ കൊടുത്തതിന് മാധ്യമപ്രവർത്തകരെ ചോദ്യംചെയ്ത 40 സംഭവങ്ങളും ഇറാനിലുണ്ടായിട്ടുണ്ട്.

2021 വോട്ട് ശതമാനം

സിറിയയിലെ ഡമാസ്കസിലെ ഇറാനിയൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ശേഷമുണ്ടായ പ്രത്യാക്രമണം വലിയ തോതിൽ ചർച്ചയാവുകയും ഇസ്രയേൽ തിരിച്ചടിച്ചാൽ വീണ്ടും ആക്രമണം നേരിടേണ്ടിവരുമെന്ന വെല്ലുവിളിയുമുണ്ടായിരുന്നു. ശേഷം ഇസ്രയേൽ സമ്മർദ്ദത്തിലായതുൾപ്പെടെയുള്ള സാഹചര്യങ്ങൾക്ക് ശേഷം, മധ്യേഷ്യയിൽ ഒരു പ്രധാന ശക്തിയാണ് തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ചതിനു ശേഷമാണ് ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി തന്നെ മരണപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. ഗാസയിൽ ഇസ്രയേലുമായി സംഘർഷത്തിൽ തുടരുന്ന ഹമാസുൾപ്പെടെയുള്ള സായുധ സംഘങ്ങൾക്കും ഈ മരണവും, വരാനിരിക്കുന്ന അധികാരമാറ്റവും ആശങ്കയുണ്ടാക്കും.

1988ൽ ടെഹ്റാനിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി 30,000ലധികം പേരെ വധശിക്ഷയ്ക്ക് വിധിക്കാൻ കാരണക്കാരനായ ഡെപ്യൂട്ടി പ്രോസിക്യൂട്ടറുമായിരുന്നു ഇബ്രാഹിം റെയ്‌സി

രക്തം പുരണ്ട കൈകൾ

2022 സെപ്റ്റംബർ 16നാണ് ഇസ്ലാമികമായ വസ്ത്രധാരണരീതി പിന്തുടർന്നില്ലെന്നു പറഞ്ഞ് ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി കൊല്ലപ്പെടുന്നത്. മഹ്‌സ അമീനിയുടെ മരണത്തെ തുടർന്ന് ശക്തമായ മനുഷ്യാവകാശ പോരാട്ടങ്ങളെ റെയ്‌സിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സായുധമായി തന്നെ അടിച്ചമർത്തി. നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേർ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.

മഹ്‌സ അമിനി

ചരിത്രം പരിശോധിച്ചാൽ, നേരത്തേ തന്നെ കയ്യിൽ രക്തം പുരണ്ട ഭരണാധികാരിയാണ് ഇബ്രാഹിം റെയ്‌സി എന്ന് മനസിലാക്കാൻ സാധിക്കും. 1988ൽ ടെഹ്റാനിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി 30,000ലധികം പേരെ വധശിക്ഷയ്ക്ക് വിധിക്കാൻ കാരണക്കാരനായ ഡെപ്യൂട്ടി പ്രോസിക്യൂട്ടറുമായിരുന്നു അന്ന് 28 കാരനായിരുന്ന ഇബ്രാഹിം റെയ്‌സി.

മൂന്ന് പതിറ്റാണ്ടിന് ശേഷം 2019ൽ ഇറാന്റെ ചീഫ് ജസ്റ്റിസായി ഇബ്രാഹിം റെയ്‌സി നിയമിക്കപ്പെട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്കുളില്‍ തന്നെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പ്രിയപ്പെട്ട ഇബ്രാഹിം റെയ്‌സി ഇറാന്റെ പ്രസിഡന്റുമായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ