WORLD

രാഷ്ട്രീയ പ്രതിസന്ധികളോ അധികാര പോരാട്ടങ്ങളോ; റെയ്സിയുടെ മരണം ഇറാനിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്ത് ?

വെബ് ഡെസ്ക്

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അബ്ദുള്ള അമീർ അബ്ദുല്ല ഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെടുകയും ഇരുവരും കൊല്ലപ്പെടുകയും ചെയ്ത ആഘാതത്തിലാണ് ഇറാൻ. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഏറ്റവും അടുത്ത വൃന്ദങ്ങളില്‍ ഒരാളായിരുന്നു ഇബ്രാഹിം റെയ്സി. ഖമേനിയുടെ പിൻഗാമിയായി റെയ്സി വരുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. അധികാരത്തിനായുള്ള സംഘർഷങ്ങൾ സദാ നിഴലിച്ചിരുന്ന ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ അനേകം വിടവുകളും ചോദ്യങ്ങളും ഉയർത്തിയാണ് റെയ്‌സി വിടവാങ്ങുന്നത്. അതേസമയം നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നൂറുകണക്കിന് പേരെ കൊന്നൊടുക്കിയ റെയ്‌സിയുടെ മരണം പൊതുജനങ്ങൾക്കിടയിൽ വലിയ ഞെട്ടലും ദുഃഖവും വിലാപങ്ങളും ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുതയാണ്.

എന്താണ് ഇറാന്റെ രാഷ്ട്രീയ ചിത്രം:

പ്രമുഖ ഷിയാ വിഭാഗമായ 'ട്വെൽവർ ഷിയായിസ'ത്തിൽ ഊന്നിയാണ് ഇറാനും അവിടുത്തെ ഭരണകൂടവും നിലനിൽക്കുന്നത്. ഇസ്ലാം മതം പ്രധാനമായും സുന്നി, ഷിയാ എന്നീ രണ്ട് വിഭാഗങ്ങളായാണ് തിരിഞ്ഞിട്ടുള്ളത്. മറ്റ് ചെറു വിഭാഗങ്ങളും ചിന്ത ധാരകളും ഇസ്ലാം മതത്തിനുള്ളിൽ നില നിൽക്കുന്നുണ്ട്. ഷിയാ മുസ്ലീങ്ങളിൽ 85 ശതമാനം ഉൾപ്പെടുന്ന ഷിയാ ഇസ്ലാമിന്റെ ഏറ്റവും വലിയ ശാഖയാണ് 'ട്വെൽവർ ഷിയായിസം'. ഇതാണ് ഇറാന്റെ ഔദ്യോഗിക മതം.

1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം പ്രധാനമായും ഇറാൻ രാഷ്ട്രീയം രണ്ട് വിഭാഗങ്ങളെ ആണ് ഉൾക്കൊണ്ടത്. 'ട്വെൽവർ ഷിയായിസ'ത്തിന്റെ നിബന്ധനകൾ കർശനമായി പാലിക്കുകയും അത് സമൂഹത്തിൽ നടപ്പിലാക്കുകയും ചെയ്യണമെന്ന് വിശ്വസിച്ചിരുന്ന യാഥാസ്ഥിതിക വിഭാഗമാണ് ഒന്നാമത്തേത്. പാശ്ചാത്യ സാമ്രാജ്യത്തിന് എതിരായ ആശയപരമായ പോരാട്ടമായാണ് ഇസ്ലാമിക വിപ്ലവത്തെ ഇവർ അവതരിപ്പിക്കുന്നത്. ഇവർക്ക് രാജ്യത്ത് വലിയ തോതിലുള്ള പിന്തുണയുണ്ട്.

സ്വാഭാവികമെന്നോണം പുരോഗമന വാദികളാണ് രണ്ടാം വിഭാഗം. വിപ്ലവത്തോട് ചേർന്ന് നിൽക്കുമെങ്കിലും ആഭ്യന്തര - അന്താരാഷ്ട്ര കാര്യങ്ങളിൽ കൂടുതൽ അയവ് വരുത്തണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ, സിവിൽ സമൂഹത്തെ ശക്തിപ്പെടുത്തൽ, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ, പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ ബന്ധം തുടങ്ങിയ ആവശ്യങ്ങൾ ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്. ഈ തർക്കങ്ങൾക്ക് ഇടയിലാണ് ഇറാൻ രാഷ്ട്രീയം വികസിക്കുന്നത്.

ശക്തമായ ജനപിന്തുണ ഉള്ളതിനാൽ ഇറാൻ്റെ വിപ്ലവാനന്തര ചരിത്രത്തിലും ഭരണസ്ഥാനങ്ങളിൽ യാഥാസ്ഥിതികർക്ക് തന്നെയാണ് ആധിപത്യം. എന്നാൽ പുരോഗമനവാദികളെ തൃപ്തിപ്പെടുത്തുന്ന നേതാക്കളും ഉന്നതതലങ്ങളിൽ വന്ന് പോയിട്ടുണ്ട്.

നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നൂറുകണക്കിന് പേരെ കൊന്നൊടുക്കിയ റെയ്‌സിയുടെ മരണം പൊതുജനങ്ങൾക്കിടയിൽ വലിയ ഞെട്ടലും ദുഃഖവും വിലാപങ്ങളും ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുതയാണ്

ഇറാൻ്റെ ഭൗമരാഷ്ട്രീയ സാഹചര്യം യാഥാസ്ഥിതികർക്ക് അനുകൂലമായ നിലയിലാണ് എപ്പോഴും നിലനിന്നിരുന്നത്. ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ ആക്രമണങ്ങളും പലസ്തീൻ വിഷയങ്ങളും ഇതിനെ സഹായിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുമായി മോശം ബന്ധമാണ് പലപ്പോഴും ഇറാന് ഉണ്ടായിരുന്നത്. 2015-ലെ ഇറാനും പാശ്ചാത്യശക്തികളും തമ്മിലുള്ള സംയുക്ത സമഗ്രമായ ആക്ഷൻ പ്ലാനിൽ (ആണവ പ്രവർത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായുള്ള കരാർ) നിന്ന് പിന്നീട് ഡൊണാൾഡ് ട്രംപ് പിന്മാറിയതോടെ ഈ ബന്ധത്തിൽ വിള്ളല്‍ വന്നു. യുഎസ് ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം ക്രമാനുഗതമായി വഷളായി. 2020-ൽ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയത് ഉൾപ്പടെയുള്ള സംഭവങ്ങൾ തങ്ങളുടെ സ്വാധീനം നിലനിർത്താൻ യാഥാസ്ഥിതിക വാദികളെ സഹായിച്ചിട്ടുണ്ട്.

ഇറാന് ആരായിരുന്നു റെയ്‌സി

തികഞ്ഞ യാഥാസ്ഥിതികനായിരുന്നു റെയ്‌സി. ഇറാൻ പലതരത്തിലുള്ള വെല്ലുവിളികളോട് ഒരേനേരം പോരാടിയിരുന്ന സമയത്താണ് റെയ്‌സി അധികാരത്തിൽ എത്തുന്നത്. കടുത്ത സാമ്പത്തികപ്രശ്‌നങ്ങൾ, വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ, ലോകശക്തികളുമായുള്ള ആണവ കരാറിൻ്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ചർച്ചകൾ സ്തംഭിച്ചത്, അഴിമതി തുടങ്ങിയവ അതിൽ ചിലതാണ്. 2021-ൽ അനവധി ആരോപണങ്ങൾക്ക് നടുവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് റെയ്‌സി ഇറാൻ്റെ പ്രസിഡന്റ് ആകുന്നത്.

നേരത്തെ തന്നെ രാഷ്ട്രീയത്തടവുകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്റെ പേരിൽ കുപ്രസിദ്ധമാണ് റെയ്‌സി. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം റെയ്‌സി ജഡ്ജ് ആയിരുന്ന ട്രിബ്യൂണലുകൾ രാഷ്ട്രീയപ്രവർത്തനങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഏകദേശം 5,000 പുരുഷന്മാരെയും സ്ത്രീകളെയും വധിക്കുകയും തെളിവുപോലുമില്ലാതെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കുകയും ചെയ്തു. പീപ്പിൾസ് മുജാഹിദിൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ (പിഎംഒഐ) എന്നും അറിയപ്പെടുന്ന ഇടതുപക്ഷ പ്രതിപക്ഷ ഗ്രൂപ്പായ മുജാഹിദീൻ-ഇ ഖൽഖിൻ്റെ (എംഇകെ) അംഗങ്ങളായിരുന്നു ഭൂരിഭാഗവും. 1980കളിൽ ആണ് ഈ സംഭവം. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി ആഗോള തലത്തിൽ കണക്കാക്കപ്പെട്ടു.

വിവാദങ്ങളും പ്രതിഷേധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഇറാൻ്റെ കടുത്ത ഹിജാബ് നിയമങ്ങൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ മരിച്ച 22 കാരിയായ കുർദിഷ് യുവതി മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് രാജ്യം കണ്ടത് ശക്തമായ പ്രതിഷേധങ്ങളാണ്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ ഇറാൻ ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തി. നിരവധി പേർ പോലീസ് നടപടികളിൽ കൊല്ലപ്പെട്ടു. നിക ഷികാരിയ അടക്കമുള്ള പ്രക്ഷോഭകാരികളെ കൊലപ്പെടുത്തിയത് ഇറാൻ ഭരണകൂടമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു. അക്കാര്യം ഇറാൻ നിഷേധിച്ചെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നു. ഈ പ്രക്ഷോഭത്തിലെ ഔദ്യോഗിക മരണസംഖ്യ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല.

അതേസമയം പലസ്തീൻ- ഇസ്രയേൽ സംഘർഷങ്ങളിൽ പശ്ചിമേഷ്യയിൽ നിന്നുയർന്ന ചുരുക്കം ചില ശബ്ദങ്ങളിൽ ഒന്നായിരുന്നു ഇറാൻ. ദീർഘകാല പ്രാദേശികശത്രുവായ സൗദി അറേബ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടു, രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിച്ചു, ഏറ്റവും ഒടുവിലായി ഇസ്രയേലുമായുള്ള നിഴൽ യുദ്ധത്തിലും ഇറാനെ മുൻപിൽ നിന്ന് നയിച്ചിരുന്നത് റെയ്‌സിയായിരുന്നു.

ഇറാൻ്റെ കടുത്ത ഹിജാബ് നിയമങ്ങൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത ശേഷം പോലീസ് കസ്റ്റഡിയിൽ മരിച്ച 22 കാരിയായ കുർദിഷ് യുവതി മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് രാജ്യം കണ്ടത്ത് ശക്തമായ പ്രതിഷേധങ്ങളാണ്

ഇറാനിയൻ രാഷ്ട്രീയ ഘടനയിലെ ശക്തനായ വ്യക്തിയായിരുന്നു അദ്ദേഹം. നിയമനിര്‍മാണത്തിനും കാര്യനിര്‍വഹണത്തിനും ഇടയിൽ മധ്യസ്ഥത വഹിക്കുക, മന്ത്രിമാരെയും വൈസ് പ്രസിഡൻ്റുമാരെയും നിയമിക്കുക തുടങ്ങിയ ചുമതലകൾ വഹിക്കുന്നതും പ്രധാന വിദേശനയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും പ്രസിഡന്റാണ്. പരമോന്നത നേതാവുമായി ഏതെങ്കിലും തരത്തിൽ ഏറ്റുമുട്ടൽ സംഭവിച്ചാൽ മാത്രമേ ഇറാൻ പ്രസിഡൻ്റിൻ്റെ അധികാരം അസാധുവാക്കപ്പെടുകയുള്ളൂ.

റെയ്‌സിയുടെ മരണം ഇറാനെ എങ്ങനെ ബാധിക്കും ?

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനിയുടെ പിൻഗാമിയായി പലരും കണ്ടിരുന്നത് ഇബ്രാഹിം റെയ്‌സിയെ ആയിരുന്നു. ഖൊമേനിയുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു റെയ്‌സി. വളരെ അനുഭവസമ്പത്തും പ്രവർത്തി പരിചയവും ഉള്ള ആളായാണ് റെയ്‌സിയെ ഖൊമേനിയും കണ്ടിരുന്നത്. പക്ഷേ ജീവിച്ചിരുന്നെങ്കിൽ പോലും റെയ്‌സി ഇറാന്റെ പരമോന്നത നേതാവാകും എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. വാസ്‌തവത്തിൽ, ഹുസൈൻ അലി മൊണ്ടസെരി എന്ന ലിബറൽ പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ പിൻഗാമിയായി നിയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ യാഥാസ്ഥിതികനായ ആയത്തുള്ള അലി ഖമേനി അധികാരത്തർക്കത്തിന് ശേഷമാണ് പരമോന്നത നേതാവാകുന്നത്. സമാനമായി അധികാരത്തർക്കം അലി ഖമേനിയുടെ പിൻഗാമിയുടെ കാര്യത്തിലും ഉണ്ടാകാം. ഒരു പരമോന്നത നേതാവാകാൻ തൻ്റെ യോഗ്യതകളും റെയ്‌സി മെച്ചപ്പെടുത്തേണ്ടിയിരുന്നു.

തികഞ്ഞ യാഥാസ്ഥിതികനായിരുന്നു റെയ്‌സി. ഇറാൻ പലതരത്തിലുള്ള വെല്ലുവിളികളോട് ഒരേ നേരം പോരാടിയിരുന്ന സമയത്താണ് റെയ്‌സി അധികാരത്തിൽ എത്തുന്നത്

റെയ്‌സിയുടെ മരണത്തോടെ രാജ്യത്തിന്റെ പരമോന്നത നേതാവാനുള്ള, ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതോടെ മറ്റുപല ഇസ്ലാമിക രാജ്യങ്ങളെ പോലെ പാരമ്പര്യമായി കൈമാറപ്പെടുന്ന ഭരണസംവിധാനത്തിലേക്ക് ഇസ്ലാമിക റിപ്പബ്ലിക്ക് ഓഫ് ഇറാനും മാറുന്നതായി കണക്കാക്കാം. റെയ്സിയുടെ മരണം യഥാർത്ഥത്തിൽ ഒരു അധികാര പോരാട്ടത്തിനാണ് വഴി വെക്കുന്നത്. ഈ അധികാര തർക്കത്തിൽ ആരൊക്കെ വരും, എന്തൊക്കെ സംഭവിക്കും എന്നത് കാത്തിരുന്നു മാത്രമാണ് കാണാൻ സാധിക്കുക. ഇറാൻ ഭരണകൂടത്തിന്റെ അധികാരങ്ങൾ രൂക്ഷമായി ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ സ്ഥാനം വഹിക്കുക എന്നതും കൂടുതൽ വിഷമകരമാവും.

ഒരു പ്രസിഡന്റിന് സ്ഥഘാനത്ത് തുടരാന്‍ കഴിയാതെ വരികയോ, മരണപ്പെടുകയോ ചെയ്താല്‍ മാത്രമാണ് ഇറാനിയന്‍ ഭരണഘടനയുടെ ആർട്ടിക്കിൾ 131 അനുസരിച്ച് പുതിയ പ്രസിഡന്റിനെ നിയമിക്കാനാകുക. പ്രസിഡന്റ് ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റും പാർലമെന്റ് സ്പീക്കറും ജുഡീഷ്യറി മേധാവിയും അടങ്ങുന്ന കൗൺസിൽ 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. ഇതും സ്ഥാനാർഥി ചിത്രങ്ങൾ ലഭിക്കാതെ പ്രവചനം സാധ്യമല്ലാത്ത മേഖലയാണ്.

യാഥാസ്ഥിതികനായ അയത്തുള്ള അലി ഖമേനി അധികാരത്തർക്കത്തിന് ശേഷമാണ് പരമോന്നത നേതാവാകുന്നത്. സമാനമായി അധികാരത്തർക്കം അലി ഖമേനിയുടെ പിൻഗാമിയുടെ കാര്യത്തിലും ഉണ്ടാകാം

ഇറാൻ്റെ വിദേശ നയത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു റെയ്സിയുടെ മരണം തീർച്ചയായും ഒരു തിരിച്ചടി തന്നെയായിരിക്കാം. പക്ഷെ അത് ഇറാനിൽ ഒരു രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നില്ല എന്ന് വേണം വിലയിരുത്താൻ.

അതേസമയം ഇറാനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നൂറുകണക്കിന് മരണങ്ങൾക്ക് ഉത്തരവാദിയായ ഒരാളുടെ മരണത്തിൽ വിലപിക്കാൻ അവർ തയാറല്ലെന്ന് ഉറച്ച് പറയുന്നു. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യങ്ങളോടെ രാജ്യത്താകെ അലയടിച്ച പ്രതിഷേധങ്ങളിൽ 19,000-ത്തിലധികം പ്രതിഷേധക്കാരെ ഭരണകൂടം ജയിലിലടയ്‌ക്കുകയും, 60 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 500 പേർ കൊല്ലപ്പെടും ചെയ്തു. ഹിജാബ് നിയമങ്ങൾ നിരസിച്ചതിന് സ്ത്രീകളെ പോലീസ് അക്രമാസക്തമായി അറസ്റ്റ് ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

പലരും റെയ്സിയുടെ മരണം ആഘോഷിക്കുന്നത് പോലും ഇറാനിൽ കാണാം. മഹ്‌സ അമിനിയുടെ ജന്മനാട്ടിൽ പടക്കങ്ങൾ പൊട്ടിക്കുന്ന വീഡിയോകൾ ഇത്തരത്തിൽ പ്രചരിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഇറാനികൾ റെയ്സിയുടെ ക്രൂരതകളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും ആഹ്ലാദഭരിതമായ അന്തരീക്ഷം കാണപ്പെടുകയും ചെയ്യുന്നുണ്ട്. റെയ്സിക്ക് വേണ്ടിയുള്ള വിലാപങ്ങളും പ്രാർത്ഥനകളും ഇതോടൊപ്പം ഉണ്ടെന്നതും എടുത്ത് പറയേണ്ടതാണ്.

ഇറാൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സംബന്ധിച്ചിടത്തോളം ഞെട്ടലും വേദനയും ആണ് റെയ്സിയുടെ മരണം. അത് പ്രതിസന്ധിയേക്കാൾ കൂടുതൽ അധികാര പോരാട്ടങ്ങൾക്കുള്ള വേദി തുറക്കുകയാണ് ചെയ്യുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും