WORLD

ദുരിതക്കയത്തിൽ പലസ്തീനി ബാല്യം; ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 1000 കടന്നു

വെബ് ഡെസ്ക്

ഹമാസ് നേതാക്കളെ വധിക്കുകയെന്ന പേരിൽ ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്നത് കുട്ടികൾ. ഇസ്രയേലിന്റെ ആക്രമണത്തിൽ പത്തുദിവസത്തിനിടെ ഗാസയിൽ ആയിരത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഡിഫെൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ (ഡിസിഐ) എന്ന പലസ്തീൻ സംഘടനയുടെ കണക്ക്.

പലസ്തീൻ സായുധ സംഘമായ ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ ആരംഭിച്ച സൈനിക ആക്രമണങ്ങളിലാണ് ഇത്രയേറെ കുട്ടികൾ കൊല്ലപ്പെട്ടത്. ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച ശേഷം ഓരോ 15 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ഡിസിഐ പറയുന്നു. സംഘർഷത്തിൽ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്നത് കുട്ടികൾക്കാണെന്ന് ഒക്ടോബർ 13ന് യുനിസെഫ് പുറത്തുവിട്ട പ്രസ്താവനയിലും ചൂണ്ടിക്കാട്ടിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 23 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ഗാസയിൽ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസിൽ താഴെയുള്ളവരാണ്. 2022 ൽ സേവ് ദി ചിൽഡ്രൻ എന്ന സംഘടന നടത്തിയ പഠനമനുസരിച്ച് ഗാസയിൽ ജീവിക്കുന്ന അഞ്ചിൽ നാല് കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നുണ്ട്. മറ്റ് കുട്ടികളുടെ മരണത്തിന് നിരന്തരം സാക്ഷ്യം വഹിക്കുന്നതിനാൽ പകുതിയിലധികം കുട്ടികളിലും ആത്മത്യ പ്രവണതയുണ്ടെന്നും പഠനം പറയുന്നു.

ആക്രമണത്തിൽ പൊള്ളലേറ്റ കുട്ടികൾ, കൈയും കാലും നഷ്ടമായവർ എന്നിങ്ങനെയുള്ള നടുക്കുന്ന ചിത്രങ്ങളാണ് ഗാസയിൽനിന്ന് ദിനേന പുറത്തുവരുന്നത്. ഇത്തരം ചിത്രങ്ങളിൽനിന്ന് തന്നെ ഗാസയിലെ അവസ്ഥ വ്യക്തമാണെന്ന് യുനിസെഫ് വ്യക്തമാക്കിയിരുന്നു. കൂടാതെ പരുക്കേറ്റ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ചികിത്സിക്കാൻ മതിയായ ആശുപത്രികളോ മറ്റുസംവിധാനങ്ങളോ ഇല്ല. ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം കുട്ടികൾക്കും അവരുടെ കുടുംബത്തിനും മതിയായ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ലഭിക്കുന്നില്ലെന്നും യുനിസെഫ് പറഞ്ഞിരുന്നു.

ഗാസയിൽ കുടിവെള്ളം ലഭിക്കുന്ന ആറ് കിണറുകൾ, മൂന്ന് പമ്പിങ് സ്റ്റേഷനുകൾ ആറ് ജലസംഭരണികൾ എന്നിവ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. പത്ത് ലക്ഷം പേർക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന സംവിധാനങ്ങളാണ് ആക്രമണത്തിലൂടെ ഇസ്രയേൽ തകർത്തതെന്ന് യുനിസെഫ് ചൂണ്ടികാണിക്കുന്നു.

ഗാസയിലേക്ക് കരമാർഗമുള്ള ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി വടക്കൻ ഗാസയിലുള്ളവർ മുനമ്പിന്റെ തെക്കൻ ഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒരു ദശലക്ഷത്തിലധികം ആളുകളാണ് സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ റഫാ അതിർത്തിയിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫാ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും