മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മൂവായിരത്തിലേക്ക്. ഈ നൂറ്റാണ്ടിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറുകയാണ് ഇത്. 2800-ൽ അധികം പേരുടെ ജീവൻ നഷ്ടമാക്കിയ ഭൂചലനത്തെത്തുടർന്ന് ആളുകൾ നാലാമത്തെ രാത്രിയും തെരുവിലാണ്. പരുക്കേറ്റ് 2562 പേരാണ് ചികിത്സയിലുള്ളത്.
യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്ന് രക്ഷാപ്രവർത്തകരെ മോറോക്കയിലേക്ക് എത്തിക്കുന്നതിനായി മൂന്ന് വിമാനങ്ങൾ അനുവദിച്ചതായി അയല്‍ രാജ്യമായ അൾജീരിയ അറിയിച്ചു
മൊറോക്കോയുടെ തെക്കന്‍ പ്രവശ്യകളിലാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പം കനത്തനാശം വിതച്ചത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ജീവൻ കണ്ടെത്താനുള്ള മൊറോക്കയുടെ ശ്രമത്തിൽ സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നീ രാജ്യങ്ങളും ഒപ്പമുണ്ട്. ഭൂകമ്പം ഏറെ നാശം വിതച്ച പര്‍വത പ്രദേശങ്ങളിൽ എത്തിപ്പെടാനുള്ള പ്രായാസം കാരണം കാണാതായവരുടെ വ്യക്തമായ കണക്കുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
1955 ൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച മോറോക്കോയിലെ ടിൻമല്‍ ഗ്രാമത്തിലെ എല്ലാ വീടുകളും പൂർണമായും നശിച്ചു. പ്രദേശവാസികളെല്ലാം മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. പുരാതന കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഭൂകമ്പബാധിത ഗ്രാമപ്രദേശങ്ങളിലേക്ക് അടിയന്തര സേവനങ്ങൾ എത്തിക്കാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അതിജീവിച്ചവര്‍ക്ക് കുടിവെള്ളം, ഭക്ഷണം, ടെന്റുകൾ പുതപ്പുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും വിദേശ രക്ഷാപ്രവർത്തകരും ചേർന്ന് ഗതാഗതം പുനഃക്രമീകരിക്കാനുള്ള ശ്രമം തുടരുകയാണ്. റോഡിലുള്ള അവശിഷ്ടങ്ങളും പാറക്കെട്ടുകളും നീക്കം ചെയ്യുകയാണ് അവര്‍.
സ്പെയിനിൽനിന്നും ബ്രിട്ടനിൽനിന്നുമുള്ള സഹായ വാഗ്ദാനങ്ങൾ മോറോക്കോ സ്വീകരിച്ചു. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്ന് രക്ഷാപ്രവർത്തകരെ മോറോക്കയിലേക്ക് എത്തിക്കുന്നതിനായി മൂന്ന് വിമാനങ്ങൾ അനുവദിച്ചതായി അയല്‍രാജ്യമായ അൾജീരിയ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ മൊറോക്ക പിന്നീടി സ്വീകരിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്തമാസം നടക്കാനിരിക്കുന്ന ഐഎംഎഫ്, ലോക ബാങ്ക് യോഗങ്ങൾ ഒരുക്കിയ വിമാനത്താവളത്തിനടുത്തുള്ള പ്രദേശമുൾപ്പെടെയുള്ള നഗരങ്ങൾക്ക് ഭൂകമ്പത്തിൽ വലിയ നാശനഷ്ടമുണ്ടായിട്ടില്ല.