അറ്റ്ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്റെ സമീപത്ത് നിന്ന് കാണാതായ ടൈറ്റന്‍ സമുദ്ര പേടകത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടം കണ്ടെത്തി. യുഎസ് കോസ്റ്റ്ഗാർഡ് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടം കണ്ടെത്തിയത്. എന്നാല്‍ ഇവ ടൈറ്റന്റേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, തിരച്ചില്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ യുഎസ് കോസ്റ്റ്ഗാർഡ് ഉടന്‍ പുറത്തുവിട്ടേയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കോസ്റ്റുഗാര്‍ഡ് വാര്‍ത്താ സമ്മേളനം വിളിച്ചു. യുഎസ് പ്രാദേശിക സമയം വൈകീട്ട് മൂന്ന് മണിയ്ക്കാണ് വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ സമുദ്രപേടകം ടൈറ്റൻ കഴിഞ്ഞ ദിവസമാണ് ആഴക്കടലിൽ വച്ച് കാണാതായത്. ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യൻഗേറ്റിന്റെ അഞ്ച് സഞ്ചാരികളുമായി പോയ സമുദ്രപേടകമാണ് കാണാതായത്. കപ്പൽ വെള്ളത്തിൽ മുങ്ങി ഏകദേശം ഒരു മണിക്കൂർ 45 മിനിറ്റിന് ശേഷം അന്തർവാഹിനിയുമായുള്ള സഹ കപ്പൽ ഐസ്ബ്രക്കറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.
തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന കനേഡിയൻ പി -3 എയര്‍ക്രാഫ്റ്റ് മുഴക്കം കേട്ടതിനെ തുടർന്ന് ശബ്ദം കേട്ട സ്ഥലത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.