WORLD

'പിങ്ക് വസന്ത'ത്തിൻ്റെ സുഗന്ധം ബ്രസീലിലും; തീവ്രവലതു നേതാവ് ബോള്‍സനാരോ പടിയിറങ്ങുമ്പോൾ

തീവ്ര വലതുപക്ഷത്തിൻ്റെ ലക്ഷണമൊത്ത നടത്തിപ്പുകാരനായിരുന്നു മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ ബോള്‍സനാരോ

പൊളിറ്റിക്കൽ ഡെസ്ക്

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഏഴാമത്തെ രാജ്യം, കഴിഞ്ഞ വര്‍ഷങ്ങളില്‍ കടന്നുപോയത് വലിയ ദുരന്തത്തിലൂടെയായിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ബോള്‍സനാരോ പ്രതിനിധീകരിച്ചത് ആഗോള വലതുപക്ഷത്തെ ആയിരുന്നു. അയാള്‍ക്ക് കൂട്ടായി ആദ്യഘട്ടത്തില്‍ ഡോണാള്‍ഡ് ട്രംപ് ഉണ്ടായിരുന്നു. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണുണ്ടായിരുന്നു. ഇന്ത്യയില്‍ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സുഹൃത്തായുണ്ടായിരുന്നു. 2020 ല്‍ രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ മുഖ്യാതിഥിയായിരുന്നു ബോള്‍സനാരോ.

കോവിഡ് കാലമാണ് ബോള്‍സനാരോ ഭരണത്തിന്റെ കെടുതികൾ ജനങ്ങള്‍ അനുഭവിച്ചത്. ഒരു തരത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിക്കാതെ നിഷേധാത്മക ഭാവത്തിലായിരുന്നു ബോള്‍സനാരോ. ശാസ്ത്രജ്ഞരുടെ എല്ലാ മുന്നറിയിപ്പുകളും അദ്ദേഹം അവഗണിച്ചു.

ഇതിലും പൊതുവായുള്ള ഒരു വലതുപക്ഷ സ്വഭാവമാണ് പ്രതിഫലിച്ചത്. സാനിറ്റൈസര്‍ കുടിച്ചാല്‍ വൈറസ് നശിക്കുമെന്ന് പറഞ്ഞ ട്രംപ് അയാള്‍ക്ക് കൂട്ടായുണ്ടായിരുന്നു.

ചെറിയൊരു ഫ്‌ളൂ മാത്രമാണ് കോവിഡ് എന്നായിരുന്നു ബോള്‍സനാരോയുടെ പ്രതികരണം. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന ഗവര്‍ണര്‍മാരുമായി അദ്ദേഹം ഏറ്റുമുട്ടി.

ലുല, ബോള്‍സനാരോ - തിരഞ്ഞെടുപ്പ് സംവാദത്തിനിടെ

1985 ല്‍ സമഗ്രാധിപത്യ ഭരണം അവസാനിച്ചതിന് ശേഷം ബ്രസീലിലെ തീവ്ര വലതുപക്ഷത്തിന്റെ തിരിച്ചുവരവാണ് ബോള്‍സനാരോയിലൂടെ ഉണ്ടായത്. മുൻ പ്രസിഡൻ്റ് ലുല ഡ സില്‍വയെ കള്ളക്കേസിൽ കുടുക്കിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ബോള്‍സനാരോ വിജയിച്ചത്

ബോല്‍സനാരോ തന്റെ പ്രസംഗങ്ങളില്‍ സമഗ്രാധിപത്യ കാലത്തെ വാഴ്ത്തി കൊണ്ട് സ്ംസാരിച്ചു. 1964 ലെ പട്ടാള അട്ടിമറിയുടെ വാര്‍ഷികം ആഘോഷിക്കാന്‍ പോലും ബോള്‍സനാരോ പദ്ധതിയിട്ടു.

അദ്ദേഹത്തിന് ഹംഗറിയിലെ വിക്ടര്‍ ഓര്‍ബനും റഷ്യയിലെ വ്ളാദിമിർ പുടിനെയും സുഹൃത്തുക്കളാക്കി.

ജനാധിപത്യ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റേത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കണമെന്ന പരസ്യമായി അഹ്വാനം ചെയ്യുന്ന അവസ്ഥ പോലുമുണ്ടായി. മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണം ബ്രസീലിൽ അതിന് ശേഷം വർധിക്കുകയും ചെയ്തു.

2019 ല്‍ അധികാരത്തില്‍ വന്നതുമുതല്‍ അദ്ദേഹം 1988 ല്‍ ബ്രസീലില്‍ നിലവില്‍ വന്ന ഭരണഘടന അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം പല ഘട്ടങ്ങളിലുമുണ്ടായി. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുളള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു നീക്കം

ലാറ്റിനമേരിക്കയില്‍ സോഷ്യല്‍ ഡെമോക്രസിയുടെ മികച്ച മാതൃക മുന്നോട്ടുവെച്ച രാജ്യമായിരുന്നു ബ്രസീൽ. ഇതിനെ മുഴുവന്‍ തകര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുകയാണ് ബോള്‍സനാരോ ചെയ്തത്. പോളോ ഗുവേഡസ് എന്ന ചിക്കാഗോ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സ്വതന്ത്ര വിപണിയുടെ വക്താവിനെ ധനമന്ത്രിയാക്കിയാണ് നവലിബറല്‍ നയങ്ങളെ ബ്രസീലിലേക്ക് തിരികെ കൊണ്ടുവന്നത്.

ലക്ഷണമൊത്ത വലതുപക്ഷക്കാരന്റെ എല്ലാം ബല്‍സനാരോയിലുണ്ടായിരുന്നു. ശാസ്ത്ര വിരുദ്ധത, പൊതുമേഖലയോടുളള കടുത്ത വിരോധം, കാലാവസ്ഥ വ്യതിയാനമില്ല എന്നതടക്കമുള്ള വലതുപക്ഷ നിലപാടുകളുടെ ശക്തനായ നടത്തിപ്പുകാരനായി ബോള്‍സനാരോ. അതിന്റെ പ്രത്യാഘാതം അനുഭവിച്ചത് ബ്രസീല്‍ ജനതയും.

ലുലയുടെ വിജയാഹ്ളാദം

ബ്രസീലിലെ വിജയത്തോടെ ലാറ്റിനമേരിക്കയിലെ പിങ്ക് വസന്തം വ്യാപിക്കുകയാണ്. കൊളംബിയ, മെക്‌സിക്കോ, അര്‍ജന്റീന, ചിലി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോള്‍ ഇടതുപക്ഷത്തുള്ളത്. ലുല നീണാള്‍ വാഴട്ടെ എന്നായിരുന്നു കൊളോംബിയയിലെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഗുസ്താവ് പെട്രോയുടെ പ്രതികരണം. കഴിഞ്ഞ ജൂണിലാണ് രാജ്യത്തെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റെടുത്തത്.

2000ത്തിലാണ് ലാറ്റിനമേരിക്കയില്‍ വ്യാപകമായി ഇടതുപക്ഷ മുന്നേറ്റം ഉണ്ടായത്. വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസിന്റെ ഭരണം അതിന് ആവേശം കൂട്ടി. പിന്നീട് ബൊളീവിയയിലെ ഇവോ മൊറെയില്‍സിന്റെ ആവര്‍ത്തിച്ചുള്ള വിജയം തെക്കെ അമേരിക്കയിലെ ഇടതു മുന്നേറ്റത്തിന് നിര്‍ണായകമാകുകയും ചെയ്തു. 'നിങ്ങളുടെ വിജയം ജനാധിപത്യത്തെയും ലാറ്റിനമേരിക്കന്‍ സാഹോദര്യത്തെയും ശക്തിപ്പെടുത്തും' എന്നായിരുന്നു ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സിന്റെ പ്രതികരണം.

ലുലയുടെ വിജയം വലുതാണെങ്കിലും അതിന് പ്രതീക്ഷിച്ച തിളക്കമില്ലെന്ന് വോട്ടിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ചില അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു.

ഹ്യൂഗോ ഷാവേസിന്റെ കാലശേഷം അങ്ങേയറ്റം പ്രതികൂലമായ അവസ്ഥയിലൂടെയാണ് വെനിസ്വേലയിലെ നിക്കോളസ് മധുരോ മുന്നോട്ടു പോകുന്നത്. ' ബ്രസീലില്‍ ജനാധിപത്യം വിജയിച്ചു' എന്നായിരുന്നു ലുലയുടെ വിജയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷമാണ് ചിലിയില്‍ യുവാവായ സോഷ്യലിസ്റ്റ് നേതാവ് ഗാബ്രിയേല്‍ ബോറിക് അധികാരത്തിലെത്തിയത്. നിയോ ലിബറലിസം ആരംഭിച്ച ചിലിയില്‍തന്നെ അതിന്റെ അന്ത്യകൂദാശയും നടത്തുമെന്നുമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം സ്ഥാനമേറ്റടുത്തത്. അദ്ദേഹവും ബ്രസിലിലെ ലുല യുടെ ജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ലുലയുടെ വിജയം വലുതാണെങ്കിലും അതിന് പ്രതീക്ഷിച്ച തിളക്കമില്ലെന്ന് വോട്ടിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ചില അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളികള്‍ വലുതാവും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുന്നില്ലെങ്കിലും വലിയ ശതമാനം ആളുകളെ വികാരം കൊള്ളിച്ച് കൂടെ നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതിന്റെ തെളിവാണ് ഇത്. ട്രംപിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ