ലോകനേതാക്കൾ ഒപ്പിട്ട കോപ് 26 ഉടമ്പടിക്ക് വിപരീതമായി ആഗോള തലത്തിൽ വനനശീകരണ നിരക്ക് ഉയരുന്നതായി കണക്കുകൾ. മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടായ വനനശീകരണത്തിന്റെ നിരക്കിൽ 2021നെ അപേക്ഷിച്ച് 2022ൽ 3.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓരോ മിനിറ്റിലും പതിനൊന്ന് ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലുള്ള വനങ്ങളാണ് നഷ്ടമായതെന്നാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
2021ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (കോപ് 26) പ്രാഥമിക ലക്ഷ്യം 2030-ഓടെ വനനഷ്ടവും ഭൂമി നശീകരണവും തടയുക എന്നതായിരുന്നു. ഗ്ലാസ്‌ഗോ പ്രഖ്യാപനം എന്ന പേരിലറിയപ്പെടുന്ന കരാറിൽ നൂറിലധികം ലോകനേതാക്കളായിരുന്നു ഒപ്പുവച്ചത്. ഭൂമിയിലുള്ള വനമേഖലയുടെ 85 ശതമാനവും ഉൾകൊള്ളുന്ന രാജ്യങ്ങളിലെ നേതാക്കൾ കൂടിയാണ് ഇവർ. എന്നാൽ പ്രഖ്യാപനം വെള്ളത്തിൽ വരച്ച വര പോലെയായി എന്നാണ് പുതിയ കണക്കുകൾ തെളിയിക്കുന്നത്.
കഴിഞ്ഞ വർഷമുണ്ടായ വനനശീകരണ കണക്കിൽ ബ്രസീലാണ് ഏറ്റവും മുൻപിൽ. മുൻ പ്രധാനമന്ത്രി ജയീർ ബോൾസെനാരോയുടെ നയങ്ങളാണ് ഇതിന് പ്രധാനമായും കാരണമായത്. ബ്രസീൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകൾ വലിയ അളവിൽ ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നവയാണ്. വലിയ പഴക്കമുള്ള ഈ വനങ്ങളുടെ നശീകരണം ആഗോള താപനില വർധിപ്പിക്കും. ഭൂമിയിലെ ജൈവവൈവിധ്യവും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെയും ഈ മേഖലകളിലെ വനനശീകരണം പ്രതികൂലമായി ബാധിക്കും.
അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയുടെ കണക്കനുസരിച്ച്, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 2021നെ അപേക്ഷിച്ച് 2022ൽ പത്ത് ശതമാനം വനം നശിച്ചു. നാല് ദശലക്ഷം ഹെക്ടറിലുള്ള വനമാണ് വെട്ടുകയോ കത്തിക്കുകയോ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വാർഷിക ഫോസിൽ ഇന്ധന ഉപയോഗത്തിന് തുല്യമായ കാർബൺ ഡൈ ഓക്‌സൈഡാണ് ഇതിലൂടെ അന്തരീക്ഷത്തിലെത്തിയത്.
അതേസമയം, ചില പോസിറ്റീവായ മാറ്റങ്ങളും കണ്ടുതുടങ്ങിയതായി പഠനം സൂചിപ്പിക്കുന്നു. ഇൻഡോനേഷ്യ, ബൊളീവിയ എന്നീ രാജ്യങ്ങൾ ഗ്ലാസ്‌ഗോ ഉടമ്പടിയിൽ പ്രഖ്യാപനത്തിന് അനുസൃതമായി കാര്യങ്ങൾ ചെയ്യുന്നതായി കണ്ടെത്തി. വിവിധ നടപടികളുടെ വനസംരക്ഷണത്തിൽ വലിയ ചുവടുവയ്പ്പാണ് ഇൻഡോനേഷ്യ നടത്തിയിരിക്കുന്നത്. വനനശീകരണ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ച 2016ന് ശേഷം ഏറ്റവും കുറവ് നശീകരണമാണ് ഇന്തോനേഷ്യയിൽ സമീപ വർഷങ്ങളിൽ ഉണ്ടായിരിക്കുന്നത്. ബൊളീവിയ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടില്ലെങ്കിലും അവരും സമാന പാതയിലാണ്.
സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രധാനമായും വനനശീകരണ കണക്കുകൾ ശേഖരിക്കുന്നത്. രണ്ടുതരത്തിലാണ് വനനശീകരണം ഉണ്ടാകുന്നത്. ഒന്ന്, മനുഷ്യന്റെ ഇടപെടലും രണ്ടാമത്തേത് പ്രകൃതി ദുരന്തങ്ങൾ മൂലവുമാണ്. ഇത്തരം ഘടകങ്ങളെല്ലാം വേർതിരിച്ചാണ് ശാസ്ത്രജ്ഞർ വനനശീകരണത്തിന്റെ കണക്കുകൾ ശേഖരിക്കുന്നത്.