WORLD

വാക്സിൻ വിരുദ്ധനെ ആരോഗ്യവിഭാഗം തലവനാക്കി ട്രംപ്; ആർ എഫ് കെന്നഡി ജൂനിയർ അമേരിക്കയുടെ ആരോഗ്യം വീണ്ടെടുക്കുമെന്ന് പ്രഖ്യാപനം

വാക്സിൻ ഓട്ടിസത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന വാദക്കാരനാണ് ആർ എഫ് കെന്നഡി ജൂനിയർ

വെബ് ഡെസ്ക്

വാക്സിൻ വിരുദ്ധൻ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ - മനുഷ്യസേവന വിഭാഗം തലവനായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ശാസ്ത്രവിരുദ്ധ പൊതുജനാരോഗ്യ കാഴ്ചപ്പാടുകളുടേയും അഭിപ്രായപ്രകടനങ്ങളുടേയും പേരിൽ പലതവണ വിമർശന വിധേയനായ ആർ എഫ് കെന്നഡി ജൂനിയറിനെ തന്നെ മെഡിസിൻ, വാക്സിൻ, ഭക്ഷ്യസുരക്ഷ, മെഡിക്കൽ ഗവേഷണം, സാമൂഹ്യ സുരക്ഷ പദ്ധതികളുടെ തലവനാക്കിയിരിക്കുകയാണ് ട്രംപ്.

ഗുരുതര പകർച്ചവ്യാധികളുടെ കാലം അവസാനിപ്പിച്ച്, അമേരിക്കയെ വീണ്ടും ആരോഗ്യവാനാക്കാൻ ആർ എഫ് കെന്നഡി ജൂനിയറിന് സാധിക്കുമെന്ന ആമുഖത്തോടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് ആർ എഫ് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റും വന്നു. '' അമേരിക്കയെ വീണ്ടും ആരോഗ്യത്തോടെ തിരിച്ചെത്തിക്കുക എന്ന ട്രംപിന്റെ ലക്ഷ്യം നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ്. പകർച്ചവ്യാധിയുടെ കാലത്തെ നേരിടാൻ ശാസ്ത്രവും വ്യവസായവും വൈദ്യശാസ്ത്രവുമെല്ലാം ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകും. തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രമാകും അടിസ്ഥാനം. ഇതുമായി ബന്ധപ്പെട്ട ഡേറ്റകൾ എല്ലാ അമേരിക്കക്കാർക്കും സുതാര്യതയോടെ ലഭ്യമാക്കും. ആരോഗ്യരംഗത്ത് തിരഞ്ഞെടുപ്പിനുള്ള അവകാശം ഓരോ പൗരനുമുണ്ടാകും'' - അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലെ വാക്സിൻ വിരുദ്ധ ആക്ടിവിസ്റ്റുകളിൽ പ്രധാനിയാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ. വാക്സിൻ എടുക്കുന്നത് ഓട്ടിസത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന വാദക്കാരനാണ് അദ്ദേഹം. മുൻ പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയുടെ മരുമകനും അറ്റോർണി ജനറലായിരുന്ന റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ്. നേരത്തെ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിനായുള്ള പ്രാഥമിക മത്സരത്തിൽ ബൈഡനെതിരെ ആർ എഫ് കെന്നഡി ജൂനിയർ രംഗത്തുണ്ടായിരുന്നു. പിന്നീട് സ്വതന്ത്രനായി മാറി. ഇതിന് ശേഷം ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാർഥിത്വത്തിനായുള്ള മത്സരങ്ങളിൽ നിന്ന് പിന്‍മാറി. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രധാനപ്പെട്ടൊരു പദവി തന്നെ ആർ എഫ് കെന്നഡി ജൂനിയറിന് ലഭിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയായ ഒരാളെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ഉയർത്തിക്കഴിഞ്ഞു. അമേരിക്കയുടെ പൊതുജനാരോഗ്യവും വാക്സിനേഷൻ യജ്ഞവും അട്ടിമറിക്കപ്പെടുമെന്ന ആശങ്ക അവർ പങ്കുവെയ്ക്കുന്നു. ആരോഗ്യമേഖലയിലെ ഗൂഢാലോചന സൈദ്ധാന്തികനാണ് ആർ എഫ് കെന്നഡി ജൂനിയറെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്ത് നിന്ന് പാഠം ഉൾക്കൊണ്ടെങ്കിലും ട്രംപ് തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും അഭിപ്രായമുയരുന്നുണ്ട്.

2018ൽ സമോവയിൽ ആർഎഫ് കെന്നഡി ജൂനിയറിന്റെ നേതൃത്വത്തിൽ വാക്സിനെതിരായ പ്രചാരണങ്ങൾ നടന്നതും ആളുകൾ വാക്സിനേഷനിൽ നിന്ന് വിട്ടുനിന്നതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ അഞ്ചാംപനി പൊട്ടിപ്പുറപ്പെടുകയും നിരവധിപേർ മരിക്കുകയും ചെയ്തു. കുടിവെള്ളത്തിൽ നിന്ന് ഫ്ലൂറോയിഡ് നീക്കം ചെയ്യാൻ ട്രംപിനാകുമെന്ന് ഒരു അഭിമുഖത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യവിദഗ്ധരുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമായി തിളപ്പിക്കാത്ത പാൽ ഉപയോഗത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.

കോവിഡ് വാക്സിനെതിരെ പലതവണ രംഗത്തുവന്നയാളാണ് ട്രംപ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ അമേരിക്കയിൽ മാത്രമല്ല, ലോകമാകെയും വലിയതോതിൽ ചർച്ചയായിരുന്നു.

ചുവപ്പ് വിടാതെ ശ്രീലങ്ക, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം

'2019-ലെ ചര്‍ച്ചകൾക്ക് അദാനി ആതിഥേയത്വം വഹിച്ചു, രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായിരുന്നില്ല'; അജിത് പവാറിന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ശരദ് പവാര്‍

ഹിജാബ് വിരോധം ഒരു 'രോഗാവസ്ഥ'; വിമതരെ ചികിത്സിക്കാനൊരുങ്ങി ഇറാൻ!

ലാലിന്റെ സിനിമ ഇതിഹാസമാകും, 'ബാറോസ്' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്; യുഎസ് ഉപരോധവും നയതന്ത്ര കാര്യങ്ങളും ചര്‍ച്ചയായെന്ന് സൂചന