രാജ്യത്തിന്റെ അതീവ രഹസ്യ രേഖകൾ അനധികൃതമായി സൂക്ഷിച്ച അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കേസിൽ കുറ്റപത്രം. ട്രംപിന്റെ ഫ്ലോറിഡയിലെ മാർ എ ലാഗോ വസതിയിൽ നിന്ന് കണ്ടെടുത്ത നിരവധി അതീവരഹസ്യ രേഖകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഫെഡറൽ ചാർജുകൾ ചുമത്തപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിൽ ആദ്യ മുൻ പ്രസിഡന്റാണ് ട്രംപ്. 37 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നത്
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ട്രംപ്, വൈറ്റ് ഹൗസിൽ സൂക്ഷിച്ചിരുന്ന രഹസ്യരേഖകൾ സ്വന്തം വസതിയിലേക്ക് നിയമവിരുദ്ധമായി എടുത്തുകൊണ്ട് വരികയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് ജസ്റ്റിസ് വകുപ്പും എഫ്ബിഐയും നടത്തിയ പരിശോധനയിൽ നൂറുകണക്കിന് രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നത്. അതിന് മുൻപ് തന്നെ തനിക്കെതിരെ കുറ്റം ചുമത്തിയതായി സാമൂഹ്യമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചിരുന്നു.
സൈനിക നടപടിയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകൾ പങ്കിടുകയും പെന്റഗൺ 'ആക്രമണ പദ്ധതി' ട്രംപ് വിവരിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. വിദേശ രാജ്യങ്ങളുടെ ആണവ ശക്തിയെ കുറിച്ച് പ്രതിപാദിക്കുന്ന രേഖകൾ ഉൾപ്പെടെ മാർ എ ലാഗോയിൽ നിൻ കണ്ടെടുത്തതായി കുറ്റപത്രത്തിലുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ജയിൽ ശിക്ഷവരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് ട്രംപിന് മേലുള്ളത്.
ഒരിക്കൽ ദേശസുരക്ഷയുടെ കാവൽക്കാരനായിരുന്നയാൾ തന്നെ അതിന് ശേഷം, രാജ്യത്തിന്റെ നിർണായക രേഖകൾ അനധികൃതമായി കൈവശം വച്ചുവെന്ന പേരിലാകും ട്രംപിനെ വിലയിരുത്തപ്പെടുക എന്നതും ശ്രദ്ധേയമാണ്. 2024ൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന സ്ഥാനാർഥിയായ ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ കേസിലെ കുറ്റപത്രം രാഷ്ട്രീയ വെല്ലുവിളിയാണ്. രണ്ടാം തവണയാണ് ട്രംപിന് മേൽ കുറ്റങ്ങൾ ചുമത്തപ്പെടുന്നത്. അടുത്തിടെ പോൺസ്റ്റാർ സ്റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽ കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ടിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ റിപ്പബ്ലിക്കൻ നേതാക്കൾ എത്രത്തോളം ട്രംപിനെ പിന്തുണയ്ക്കുമെന്നത് ചോദ്യചിഹ്നമാണ്.
അതേസമയം, . 2024 ലെ തിരഞ്ഞെടുപ്പിൽ തന്റെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം അട്ടിമറിക്കാനുള്ള നീക്കമാണ് കുറ്റപത്രമെന്നതാണ് ട്രംപിന്റെ വാദം. "അമേരിക്കയുടെ ഒരു മുൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല." ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 2022 ഓഗസ്റ്റിൽ മാർ-എ-ലാഗോയിൽ നടത്തിയ തിരച്ചിലിൽ 13,000-ലധികം രേഖകൾ വീണ്ടെടുക്കുകയും ഇവയിൽ ചിലതിൽ തന്ത്രപ്രധാനമായ സർക്കാർ രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു