മാർ-എ-ലാഗോ രഹസ്യരേഖ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ പുതിയ കുറ്റങ്ങൾ ചുമത്തി. സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങൾ ഇല്ലാതാക്കാൻ ജീവനക്കാരനോട് സമ്മർദം ചെലുത്തിയെന്നാണ് പുതിയ ആരോപണം. ഇതുപ്രകാരം പുതുക്കിയ കുറ്റപത്രത്തിൽ മൂന്ന് പുതിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിരോധ വിവരങ്ങൾ മനഃപൂർവ്വം കൈവശം വച്ചതിന് ഒരു കുറ്റവും അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചതിന് രണ്ട് കുറ്റവുമാണ് പുതുതായി ചേർത്തത്. മാർ-എ-ലാഗോ സ്റ്റാഫ് അംഗം കാർലോസ് ഡി ഒലിവേര എന്നയാളെയും കേസിൽ പുതുതായി കുറ്റാരോപിതനാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കാൻ കാർലോസ് ഡി ഒലിവേര സെക്യൂരിറ്റി ജീവനക്കാരോട് ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
നീതിന്യായ വകുപ്പിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ട്രംപിന്റെ അടുത്ത സഹായി നൗട്ടയും മാർ-എ-ലാഗോയിലെ പ്രോപ്പർട്ടി മാനേജരായ ഡി ഒലിവിയേരയും നടത്തിയ ശ്രമങ്ങളെക്കുറിച്ച് പുതിയ കോടതി രേഖകളിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ട്രംപും വാൾട്ട് നൗട്ടയും കുറ്റം ചെയ്തിട്ടില്ലെന്നാണ് കോടതിയെ അറിയിച്ചിരുന്നത്. അന്വേഷണം തടസ്സപ്പെടുത്തിയതിന് വാൾട്ട് നൗട്ടയ്ക്കെതിരെയും രണ്ട് അധിക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
പുതിയ കോടതി രേഖകൾ പ്രകാരം, രഹസ്യ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ബേസ്‌മെന്റിന്റെ നിരീക്ഷണ ദൃശ്യങ്ങൾ നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെ സുരക്ഷാ ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ ഇല്ലാതാക്കാൻ നൗട്ടയും ഒലിവേരയും ഗൂഢാലോചന നടത്തിയിരുന്നു. സെർവറിലെ നിരീക്ഷണ ദൃശ്യങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടറായിരുന്ന മറ്റൊരു ജീവനക്കാരന് ഒലിവേര ടെക്‌സ്‌റ്റ് അയച്ചതായി രേഖകളിൽ വ്യക്തമാണ്. ട്രംപിന്റെ നിർദേശമാണെന്നായിരുന്നു ജീവനക്കാരനോട് പറഞ്ഞിരുന്നത്.
പിന്നീട് ജീവനക്കാരനെ നേരിട്ട് സന്ദർശിച്ച കാർലോസ് ഡി ഒലിവേര സംഭാഷണം സ്വകാര്യമായി സൂക്ഷിക്കണമെന്ന് നിർദേശിച്ചിരുന്നു. അങ്ങനെ ചെയ്യാൻ തനിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ ജീവനക്കാരനുമേൽ അദ്ദേഹം സമ്മർദ്ദം ചെലുത്തിയെന്നും കോടതി രേഖകളിൽ പറയുന്നു. ജീവനക്കാരനെ കാണാനായി മാർ-എ-ലാഗോയിലെ ഐടി റൂമിലേക്ക് കാർലോസ് ഡി ഒലിവേര സഞ്ചരിക്കുന്ന ദൃശ്യങ്ങളും കോടതിരേഖകളിൽ ഉൾപ്പെടുന്നു.
അഭിമുഖത്തിനായി ട്രംപിനെ മാർ-എ-ലാഗോയിൽ കാണാനെത്തിയ ജീവചരിത്രകാരന്മാരുമായി അതീവ രഹസ്യരേഖകളെക്കുറിച്ച് ചർച്ച നടത്തിയതായി പുതുക്കിയ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ജീവചരിത്രകാരന്മാരോട് ട്രംപ് വെളിപ്പെടുത്തിയ രേഖയിൽ "കൺട്രി എ" ആക്രമിക്കാനുള്ള പദ്ധതികളും അടങ്ങിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇത് ഇറാനാണെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്തിന് ശേഷം രാജ്യത്തിന്റെ അതീവ രഹസ്യ രേഖകൾ അനധികൃതമായി സ്വന്തം വസതിയിലേക്ക് നിയമവിരുദ്ധമായി സൂക്ഷിക്കുകയും ചെയ്തതതാണ് ട്രംപിനെതിരെയുള്ള കുറ്റം.