പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷവും രഹസ്യരേഖകൾ കൈകാര്യം ചെയ്തതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മിയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാരവൃത്തി നിയമം ലംഘിക്കൽ, മറ്റ് ക്രിമിനൽ കേസുകളിൽ അന്വേഷണത്തെ തടസ്സപ്പെടുത്തൽ ഗൂഢാലോചന നടത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച രഹസ്യരേഖകളിൽ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്
പ്രത്യേക അഭിഭാഷകനായ ജാക്ക് സ്മിത്തിന്റെ ഓഫീസ് മിയാമിയിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പ്രകാരം , ദേശീയ പ്രതിരോധ വിവരങ്ങൾ പ്രസിഡന്റ് കാലാവധിക്ക് ശേഷവും മനഃപൂർവ്വം സൂക്ഷിക്കൽ, നീതിന്യായ നടപടികളെ തടസപ്പെടുത്തൽ, സർക്കാർ രേഖകൾ സൂക്ഷിക്കൽ ,ഗൂഢാലോചന, തെറ്റായ പ്രസ്താവനകൾ നടത്തൽ തുടങ്ങിയ 7 ആരോപണങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. ഇന്നലെ ഉച്ചയോടെയാണ് ട്രംപിനും അഭിഭാഷക സംഘത്തിനും കുറ്റം ചുമത്തിയത് സംബന്ധിച്ച വിവരം ലഭിച്ചത്. അടുത്ത ചൊവ്വാഴ്ച ട്രംപ് കോടതിയിൽ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"അമേരിക്കയുടെ ഒരു മുൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല." ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നിലവിലുള്ളതോ മുൻപുള്ളതോ ആയ ഒരു അമേരിക്കൻ പ്രസിഡന്റും മുമ്പൊരിക്കലും ഫെഡറൽ ആരോപണങ്ങൾ നേരിട്ടിട്ടില്ല. 2024 ലെ തിരഞ്ഞെടുപ്പിൽ തന്റെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം അട്ടിമറിക്കാനുള്ള നീക്കമാണ് കുറ്റപത്രമെന്നും ട്രംപ് ആരോപിച്ചു.
ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച രഹസ്യരേഖകളിൽ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന യുഎസ് നീതിന്യായ വകുപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.വൈറ്റ് ഹൗസിൽ നിന്ന് 11 സെറ്റ് രഹസ്യ രേഖകൾ ട്രംപ് കൈവശപ്പെടുത്തിയെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം.
ഇതുപ്രകാരം ഒരു വർഷത്തിലേറെയായി ട്രംപ് ബോധപൂർവം രഹസ്യ രേഖകൾ സൂക്ഷിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണ്. അവ തിരികെ നൽകാനുള്ള നീതിന്യായ വകുപ്പിന്റെ നിർദേശം ലഭിച്ച ശേഷം രേഖകൾ ഒളിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
2022 ഓഗസ്റ്റിൽ മാർ-എ-ലാഗോയിൽ നടത്തിയ തിരച്ചിലിൽ 13,000-ലധികം രേഖകൾ വീണ്ടെടുക്കുകയും ഇവയിൽ ചിലതിൽ തന്ത്രപ്രധാനമായ സർക്കാർ രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വർഷം ജനുവരിയിൽ എഫ്ബിഐ വൈറ്റ് ഹൗസ് രേഖകളുടെ 15 പെട്ടികൾ പിടിച്ചെടുത്തിരുന്നു. ട്രംപിന്റെ കൈയ്യെഴുത്ത് കുറിപ്പുകൾ അടക്കം വളരെ രഹസ്യാത്മകമായ റിപ്പോർട്ടുകളാണ് ഇതിൽ ഉണ്ടായിരുന്നത്.
2016 ൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺ താരത്തിന് പണം നൽകിയ കേസ് ഉൾപ്പടെ രണ്ട് കേസുകളാണ് ഇപ്പോൾ മുൻ അമേരിക്കൻ പ്രസിഡന്റിന് മേൽ ചുമത്തിയിട്ടുള്ളത്.