നീലചിത്ര നടി സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്ന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി. കേസില്‍ ട്രംപിനെതിരായ ശിക്ഷ ജൂലൈ 11-ന് പ്രസ്താവിക്കുമെന്നും ന്യൂയോര്‍ക്ക് കോടതി പറഞ്ഞു. ബിസിനസ് രേഖകളില്‍ തിരിമറി കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞതായി 12 അംഗ ജൂറി വ്യക്തമാക്കി. രണ്ടു ദിവസത്തെ വാദം കേട്ട ശേഷമാണ് ജൂറിയുടെ വിധി പ്രസ്താവം.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിചമച്ചതാണെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണ് പോകുന്നതെന്നും വിധിക്കുശേഷം ട്രംപ് പ്രതികരിച്ചു. അഞ്ചു മാസങ്ങള്‍ക്കു ശേഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിധി ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ട്രംപുമായി 2006-ലുണ്ടായ ലൈംഗിക ബന്ധം വിശദമായി കോടതിയില്‍ പോണ്‍ നടിയായ സ്‌റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്‌റ്റോമിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ 2016-ലെ തിരഞ്ഞെടുപ്പിന്റെ തലേന്ന് സ്‌റ്റോമിക്ക് നല്‍കിയ 130,000 ഡോളര്‍ തന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന് തിരികെ നല്‍കുന്നതിനായി ബിസിനസ് രേഖകള്‍ വ്യാജമായി ചമച്ചുവെന്നാണ് ട്രംപിനെതിരായ കേസ്.
2006-ല്‍ ലേക്ക് ടാഹോയിലെ ഗോള്‍ഫ് മത്സരവേദിയിലാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി കോടതിയെ അറിയിച്ചിരുന്നു. അന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. അതില്‍ അവസരം നല്‍കാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമായിരുന്നു സ്‌റ്റോമിയുടെ വെളിപ്പെടുത്തല്‍.
പിന്നീട് 2016ല്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഈ കഥ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ വില്‍പ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത്് ഡേവിഡ്സണ്‍ പറഞ്ഞു. എന്നാല്‍, അതു പുറത്തുപറയാതിരിക്കാന്‍ ഡേവിഡ്സണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും തനിക്ക് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും സ്‌റ്റോമി കോടതിയില്‍ വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ ഹര്‍ജി നേരത്തെ ന്യൂയോര്‍ക്ക് കോടതി തള്ളിയിരുന്നു. കേസില്‍ മാര്‍ച്ച് 25-നാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ എത്തി ട്രംപ് അറസ്റ്റ് വരിച്ചിരുന്നു. യുഎസില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തുന്നതും ശിക്ഷ വിധിക്കാനൊരുങ്ങുന്നതും.