WORLD

സര്‍വശക്തന്‍, ട്രംപിന്റെ രണ്ടാമൂഴവും അമേരിക്കയുടെ ഭാവിയും

അമേരിക്ക ട്രേറ്റ് എഗെയ്ന്‍ എന്നായിരുന്നു ഇത്തവണ ട്രംപിന്റെ പ്രചാരണ വാചകം. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസിലെ സെനറ്റിലും ഹൗസ് ഓഫ് റെപ്രസന്റേ്‌റീവിലും വ്യക്തമായ സ്വാധീനം ഉറപ്പിച്ചാണ് ട്രംപ് അധികാരത്തില്‍ എത്തുന്നത്

വെബ് ഡെസ്ക്

അരിസോണയിലും വിജയം കുറിച്ച് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഫലം തനിക്കനുകൂലമാണെന്ന് വ്യക്തമായതിന് പിന്നാലെ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ട്രംപ് ഇനിയുള്ള നാല് വര്‍ഷം എന്താണ് തന്റെ പദ്ധതിയെന്നതിനെ കുറിച്ച് പരോക്ഷമായി തന്നെ സൂചിപ്പിക്കുകയും ചെയ്തു. 'അമേരിക്കന്‍ ജനത തങ്ങളുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത ദിവസം, ഇത് എക്കാലവും ഓര്‍മ്മിക്കപ്പെടും,'' എന്നായിരുന്നു ട്രംപിന്റെ വിജയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രധാന വാചകങ്ങളില്‍ ഒന്ന്. അമേരിക്കന്‍ വ്യവസ്ഥിതികളില്‍ സമൂലമായ ഒരു മാറ്റം ട്രംപ് ലക്ഷ്യമിടുന്നു എന്നാണ് ഇതുനല്‍കുന്ന പ്രധാന സൂചനയെന്നാണ് വിലയിരുത്തല്‍.

2016 നെ അപേക്ഷിച്ച് ഇത്തവണ വിജയം നേടുമ്പോള്‍ ട്രംപ് ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്

അമേരിക്ക ട്രേറ്റ് എഗെയ്ന്‍ എന്നായിരുന്നു ഇത്തവണ ട്രംപിന്റെ പ്രചാരണ വാചകം. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസിലെ സെനറ്റിലും ഹൗസ് ഓഫ് റെപ്രസന്റേ്‌റീവിലും വ്യക്തമായ സ്വാധീനം ഉറപ്പിച്ചാണ് ട്രംപ് അധികാരത്തില്‍ എത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ട്രംപിന്റെ അമേരിക്ക ട്രേറ്റ് എഗെയ്ന്‍ ക്യാംപയിന്‍ രാജ്യത്തിന്റെ ആകെ നിയന്ത്രണം സ്വന്തമാക്കുന്ന നിലയിലേക്ക് ട്രംപിനെ വിജയിപ്പിച്ചുകഴിഞ്ഞു. സര്‍വ ശക്തരായി അധികാരത്തില്‍ എത്തുന്ന റിപ്പബ്ലിക്കന്‍സിന് മുന്നിലുള്ളത് ചെറിയ പദ്ധതികളായിരിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

2016 നെ അപേക്ഷിച്ച് ഇത്തവണ വിജയം നേടുമ്പോള്‍ ട്രംപ് ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്. 2016-20 കാലത്ത് ട്രംപ് ഭരണകൂടം നേരിട്ട പ്രധാന പ്രതിസന്ധി പാളയത്തിലെ പട തന്നെയായിരുന്നു. തന്റെ പല പദ്ധതികള്‍ക്കും വിഘാതമായി നിന്നവരെ തുടര്‍ച്ചയായി മാറ്റേണ്ടിവന്ന സമയം കൂടിയായിരുന്നു അത്. ട്രംപിന്റെ നടപടികള്‍ ദൂരവ്യാപകമായി പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് പലരും എതിര്‍പ്പുന്നയിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇത്തവണ ട്രംപിന്റെ സംഘത്തില്‍ തീര്‍ത്തും വിശ്വസ്തര്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്ന് വ്യക്തമാണെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പബ്ലിക്കന്‍ അജണ്ടയെന്ത്

അമേരിക്കയുടെ ഭാവിയുമായി ബന്ധപ്പെട്ട് വിശാലമായ പദ്ധതി തന്നെയാണ് റിപ്പബ്ലിക്കന്‍സിന് മുന്നിലുള്ളതെന്നാണ് പ്രധാന വിലയിരുത്തല്‍. അമേരിക്കയുടെ വലതുപക്ഷ സ്വഭാവം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ യാഥാസ്ഥിതിക ചിന്താധാരയായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ 2023 തുടങ്ങിവച്ച പ്രോജക്റ്റ് 2025 ന് ഉള്‍പ്പെടെ പുതിയ സര്‍ക്കാരില്‍ സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അധികാരം ഏകീകരിക്കുക എന്നത് പ്രഖ്യാപിത ലക്ഷ്യമാക്കി മുന്നോട്ടുവയ്ക്കുന്ന പ്രോജക്റ്റ് 2025 നേരത്തെ ട്രംപ് തള്ളിയുണ്ടെങ്കിലും പുതിയ സര്‍ക്കാരില്‍ ഈ വാദം ഉറപ്പിക്കുന്നവര്‍ക്ക് വ്യക്തമായ സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് മുന്നോട്ടുവച്ച് കുടിയേറ്റ, കാലാവസ്ഥാ വിരുദ്ധ നിലപാടുകള്‍ പോലും പ്രോജക്റ്റ് 2025 ലെ നിര്‍ദേശങ്ങള്‍ക്ക് സമാനമാണ്. കൂടിയേറ്റക്കാരെ നാടുകടത്തല്‍, കാലാവസ്ഥയ്ക്ക് ദോഷം ചെയ്യുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കല്‍ എന്നിവ ഇതില്‍ ചിലത് മാത്രമാണ്.

ഡോണൾഡ്‌ ട്രംപ്

ഫെഡറല്‍ ഏജന്‍സികളുടെ ഭാവി

അമേരിക്കന്‍ ഭരണ സംവിധാനത്തില്‍ ഏറെ പ്രാധാന്യമുള്ള പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ) പോലുള്ള ഫെഡറല്‍ സംവിധാനങ്ങളുടെ ഭാവി വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രധാനമാകും. ഫെഡറല്‍ ഏജന്‍സികളെ പുനഃസംഘടിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ ആദ്യ ഭരണകാലയളവില്‍ തന്നെ ഇപിഎയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ നടപടികള്‍ ബെഡന്‍ ഭരണകൂടം തിരുത്തുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ട്രംപിന്റെ രണ്ടാം ടേമില്‍ ഏജന്‍സിയുടെ ഘടനകള്‍ പൊളിച്ചുപണിതേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലാവസ്ഥ വിഷയങ്ങള്‍ക്ക് അപ്പുറത്ത് കുടിയേറ്റം, അതിര്‍ത്തി സുരക്ഷ, ഫോസില്‍ ഇന്ധനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ട്രംപ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നത് ഏവരും പ്രതീക്ഷിക്കുന്ന ഒന്നാണ്. അമേരിക്കന്‍ നീതി ന്യായ വകുപ്പില്‍ ട്രംപ് ഭരണകൂടം നടത്താന്‍ പോകുന്ന ഇടപെടാണ് മറ്റൊന്ന്. സെനറ്റില്‍ കൂടി സ്വാധീനം ലഭിച്ച സാഹചര്യത്തില്‍ ജഡ്ജി നിയമനത്തില്‍ ഉള്‍പ്പെടെ വൈറ്റ് ഹൗസിന് ഇടപെടല്‍ എളുപ്പമാകും. ഈ സാഹചര്യത്തില്‍ നീതിന്യായ വകുപ്പിന്റെ തലവനായി ട്രംപ് ആരെ നിയമിക്കുമെന്നതും രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ട്രംപും ജുഡീഷ്യറിയും

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒപ്പം സെനറ്റിലും റിപ്പബ്ലിക്കന്‍മാര്‍ ഭൂരിപക്ഷം നേടിയതോടെ ജുഡീഷ്യല്‍ നിയമനങ്ങളും ഏറെ നിര്‍ണായകമാകും. ഉയര്‍ന്ന ജുഡീഷ്യല്‍ ഓഫീസുകളിലേക്ക് യാഥാസ്ഥിതികരെ നിയമിക്കാനുള്ള അധികാരം കുടിയാണ് ട്രംപിന് കൈവരുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസുകള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമോ എന്നതാണ് മറ്റൊരു നിര്‍ണായക വസ്തുത. അടുത്ത ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന 2026 വരെയെങ്കിലും ഇത്തരം നിയമനങ്ങളില്‍ ട്രംപ് ശക്തനായി തുടരും.

മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെടെ 234 ജഡ്ജിമാരെ യാണ് ട്രംപിന്റെ ആദ്യ ടേമില്‍ നിയമിച്ചിട്ടുള്ളത്. ഇതുള്‍പ്പെടെ ആദ്യ ടേമില്‍ തന്നെ ട്രംപ് ജുഡീഷ്യറിയെ പിടിയിലാക്കാന്‍ ശ്രമം നടത്തിയിരുന്നു, ഇത്തവണ അത്തരം നീക്കങ്ങള്‍ക്ക് കരുത്ത് വര്‍ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തുന്നത്.

പ്രതിരോധം

വൈറ്റ് ഹൗസ്, യുഎസ് കോണ്‍ഗ്രസ്, സുപ്രീം കോടതി തുടങ്ങിയവയെല്ലാം നിലവില്‍ യാഥാസ്ഥിതികരുടെ നിയന്ത്രണത്തിലേക്ക് എത്തുന്ന നിലയാണുള്ളത്. എന്നാല്‍, മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രതിപക്ഷത്ത് കരുത്ത് പകരുമെന്നാണ് നിരീക്ഷകളുടെ പ്രതീക്ഷ. നിലവില്‍ ട്രംപിന് എതിരെ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ കടുത്ത രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയാകുമെന്നാണ് സൂചനകള്‍. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇതിന് ഉദാഹരണമാണ്. ട്രംപിന്റെ അജണ്ടകളെ രാഷ്ട്രീയമായി നേരിടുമെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ ശക്തമായി പോരാടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും വരുന്ന നാല് വര്‍ഷം അമേരിക്ക വലിയ ധ്രുവീകരണ രാഷ്ട്രീയത്തിന് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും