WORLD

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസ്; ഡോണൾഡ് ട്രംപ് അറസ്റ്റില്‍

നാല് മാസത്തിനിടയിൽ മൂന്നാം തവണയാണ് ട്രംപ് ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നത്

വെബ് ഡെസ്ക്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വാഷിങ്ടൺ ഡിസിയിലെ കോടതിയിൽ ഹാജരാക്കിയ ട്രംപ്, കുറ്റങ്ങളെല്ലാം നിഷേധിച്ചു. ഗൂഢാലോചന ഉൾപ്പെടയുള്ള ഗുരുതരമായ നാല് വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരുന്നത്. നാല് മാസത്തിനിടയിൽ മൂന്നാം തവണയാണ് ട്രംപ് ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നത്.

കബളിപ്പിക്കൽ, ഔദ്യോഗിക നടപടികളിൽ തടസം വരുത്തുക, പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ട്രംപിനെതിരെയുള്ളത്

രാഷ്ട്രീയ വേട്ടയാടലാണ് കേസെന്ന് വിട്ടയച്ച ശേഷം ട്രംപ് പ്രതികരിച്ചു. മുൻ പ്രസിഡന്റിന് പുറമെ ക്യാപിറ്റോൾ ആക്രമണ കേസിൽ പ്രതികളായ ആയിരത്തോളം പേരും കോടതിയിൽ ഹാജരായിരുന്നു. കബളിപ്പിക്കൽ, ഔദ്യോഗിക നടപടികളിൽ തടസം വരുത്തുക, പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ട്രംപിനെതിരെയുള്ളത്. ചൊവ്വാഴ്ചയാണ് ട്രംപിനെ പ്രതിയാക്കിയുള്ള 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ട്രംപും കൂട്ടാളികളും തിരഞ്ഞെടുപ്പ് കൃത്രിമമാണെന്ന തെറ്റായ വാദങ്ങൾ പ്രചരിപ്പിക്കുകയും ഫലങ്ങളിൽ മാറ്റം വരുത്താൻ ഫെഡറൽ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുവെന്ന് കുറ്റപത്രം ആരോപിക്കുന്നു. പരമാവധി 20 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിന്റെ പേരിലുള്ളത്. ഓഗസ്റ്റ് 28നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. എന്നാൽ ട്രംപ് ഹാജരാകേണ്ടതില്ല.

അമേരിക്കയെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ദിനമാണിതെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. യുഎസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യൽ കൗൺസിൽ ജാക്ക് സ്മിത്തായിരുന്നു ട്രംപിനെതിരായ അന്വേഷണത്തിന് നേതൃത്വം നൽകിയത്. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ കലാപം, അമേരിക്കൻ ജനാധിപത്യത്തിന് നേരെയുള്ള അസാധാരണമായ ആക്രമണമെന്നായിരുന്നു ചൊവ്വാഴ്ച അദ്ദേഹം പ്രതികരിച്ചത്. അതിന് എണ്ണയൊഴിക്കുകയായിരുന്ന ട്രംപെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഭാഷകർ, നീതിന്യായവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പേര് ചേർക്കാത്ത ആറ് പേരെ കൂടി 45 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. അമേരിക്കൻ ജനാധിപത്യത്തെ തന്നെ തുരങ്കംവച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എസ് ക്യാപിറ്റോൾ ആക്രമണത്തിന് ട്രംപ് പ്രേരണ നൽകിയെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു.

പോൺതാരവുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ കണക്കുകളിൽ വെട്ടിപ്പ് കാണിക്കുക, അതീവരഹസ്യ രേഖകൾ ക്രമവിരുദ്ധമായി കൈകാര്യം ചെയ്യുക എന്നിങ്ങനെ രണ്ട് കേസുകളിൽ കൂടി നിലവിൽ ട്രംപ് പ്രതിയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ