തെക്കൻ ഗ്രീസിന്റെ തീരത്ത് കുടിയേറ്റക്കാരുമായി പോയ മത്സ്യബന്ധന കപ്പൽ മറിഞ്ഞ് 78 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പെലോപ്പൊന്നീസ് തീരത്ത് നിന്ന് പൈലോസിന് 47 നോട്ടിക്കൽ മൈൽ (87 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി അന്താരാഷ്ട്ര സമുദ്രത്തിലാണ് കപ്പൽ മുങ്ങിയതെന്ന് ഗ്രീക്ക് കോസ്റ്റ്ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും കോസ്റ്റ് ഗാർഡ് കൂട്ടിച്ചേർത്തു.
കപ്പലിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. 750 യാത്രക്കാർ ഉണ്ടായിരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു. മരിച്ചവരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് റിപ്പോർട്ട്. മരിച്ചവർ ഏത് രാജ്യക്കാരാണെന്നും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. എന്നാൽ കപ്പലിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഈജിപ്ത്, സിറിയ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന നൂറിലധികം കുടിയേറ്റക്കാരെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി കലമത നഗരത്തിലേക്ക് മാറ്റി. അതിജീവിച്ചവരിൽ നാല് പേരെ ഹൈപ്പോതെർമിയയുടെ ലക്ഷണങ്ങളോടെ കലമതയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും കപ്പലുകളും എയർഫോഴ്സ് ഹെലികോപ്റ്ററും കൂടാതെ നിരവധി സ്വകാര്യ കപ്പലുകളും കാണാതായവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
ലിബിയയിലെ ടോബ്രൂക്കിൽ നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് അധികൃതരിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഇആർടി പറഞ്ഞു. ഇറ്റലി ആയിരുന്നു ലക്ഷ്യ സ്ഥാനം. ചൊവ്വാഴ്ച രാവിലെ അന്താരാഷ്ട്ര സമുദ്രത്തിൽ ഒരു മത്സ്യബന്ധന കപ്പൽ അപകടത്തിലാണെന്ന് ഇറ്റാലിയൻ അധികൃതർ ഗ്രീസിന്റെ തീരസംരക്ഷണസേനയെ അറിയിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആദ്യ മുന്നറിയിപ്പിന് ശേഷം, ഫ്രോണ്ടക്സ് വിമാനങ്ങളും രണ്ട് വ്യാപാര കപ്പലുകളും കപ്പൽ വടക്കോട്ട് അതിവേഗം പോകുന്നത് കണ്ടതായി ഗ്രീക്ക് കോസ്റ്റ് ഗാർഡ് പറഞ്ഞു. കൂടുതൽ വിമാനങ്ങളും കപ്പലുകളും പ്രദേശത്തേക്ക് അയച്ചു. എന്നാൽ സഹായം വാഗ്ദാനം ചെയ്ത് കപ്പലിലേക്ക് ആവർത്തിച്ചുള്ള കോളുകൾ നിരസിച്ചതായി കോസ്റ്റ്ഗാർഡ് പറഞ്ഞു.
ആദ്യ കോൾ വന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവസ്ഥലത്ത് സഹായവുമായി കപ്പലെത്തിയത്. ഉച്ചകഴിഞ്ഞ് ഒരു കച്ചവടക്കപ്പൽ കപ്പലിനെ സമീപിച്ച് ഭക്ഷണവും സാധനങ്ങളും നൽകി. അതേസമയം യാത്രക്കാർ കൂടുതൽ സഹായം നിരസിച്ചതായും അധികൃതർ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം പ്രാദേശിക സമയം രാത്രി 8 മണിയോടെ ഒരു കച്ചവടക്കപ്പൽ ബോട്ടിലുള്ളവർക്ക് വെള്ളം നൽകിയതായും പറയപ്പെടുന്നു. ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം പുലർച്ചെ 1 മണിക്ക് മുൻപാണ് അവസാനമായി അലാറം ഫോണിന് ബോട്ടുമായി ബന്ധപ്പെടാൻ കഴിഞ്ഞത്.
മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ യൂറോപ്യൻ യൂണിയനിലേക്ക് ഗ്രീസ് മാർഗമാണ് കടക്കുക. സാമ്പത്തിക അസമത്വം, കാലാവസ്ഥാ പ്രതിസന്ധി എന്നിവ കാരണം കടൽ മാർഗം യൂറോപ്യൻ തീരങ്ങളിൽ എത്തുന്നവരുടെ എണ്ണം ഈ വർഷം കുതിച്ചുയർന്നിരുന്നു. മെഡിറ്ററേനിയൻ കടലിലെ ഏറ്റവും ആഴമേറിയ പ്രദേശങ്ങളിലൊന്നാണ് കപ്പൽ മുങ്ങിയ സ്ഥലം.