തെക്കൻ ഇറ്റലിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 12 കുട്ടികൾ അടക്കം 59 പേർ മരിച്ചു. കാലാബ്രിയ മേഖലയിലെ തീരദേശ നഗരമായ ക്രോട്ടോണിന് സമീപം ഇന്നലെ പുലർച്ചയോടെയാണ് ബോട്ട് പാറയിൽ ഇടിച്ച് അപകടം ഉണ്ടായത്. നൂറോളം ആളുകൾ ഉണ്ടായിരുന്ന ബോട്ട് തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രമായ സ്റ്റെക്കാറ്റോ ഡി കട്രോയ്ക്ക് സമീപമുള്ള കടൽത്തീരത്ത് നിന്ന് 28 മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ളവ കടലിൽ നിന്ന് കണ്ടെടുത്തതായി ഇറ്റാലിയൻ അഗ്നിശമന സേന അറിയിച്ചു.20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കായി കടലിലും കരയിലുമായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.140 നും 150 നും ഇടയിൽ യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ
ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ ബോട്ട് പാറയിൽ ഇടിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. കോസ്റ്റ്ഗാർഡിനോടൊപ്പം അഗ്നിശമന സേനാംഗങ്ങൾ, പോലീസ്, റെഡ്ക്രോസ് രക്ഷാപ്രവർത്തകർ എന്നിവർ കൂടി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ദുഃഖം രേഖപ്പെടുത്തി. " സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് നൽകുന്ന 'ടിക്കറ്റുകൾക്ക്' ഉള്ള വിലയായി ആളുകളുടെ ജീവൻ നൽകേണ്ടിവരുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്" മെലോണി പ്രതികരിച്ചു. ഒക്ടോബറിൽ അധികാരത്തിൽ വന്ന ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാർ അഭയാർത്ഥി പ്രവാഹം അവസാനിപ്പിക്കാനായി കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു.
യൂറോപ്പിലേക്ക് കടൽ മാർഗം എത്താൻ ശ്രമിക്കുന്ന അഭയാർഥികളുടെ പ്രധാന ലാൻഡിംഗ് പോയിൻ്റുകളിൽ ഒന്നാണ് ഇറ്റലി. സെൻട്രൽ മെഡിറ്ററേനിയൻ റൂട്ട് എന്ന് വിളിക്കപ്പെടുന്ന ഈ പാത ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. 2022 ൽ മാത്രമായി ഒരു ലക്ഷത്തിലധികം അഭയാർത്ഥികൾ കടൽമാർഗം ഇറ്റലിയിൽ എത്തി എന്നാണ് കണക്കുകൾ. കൂടാതെ സംഘർഷവും ദാരിദ്ര്യവും മൂലം ആഫ്രിക്കയിൽ നിന്ന് വലിയൊരു വിഭാഗം ആളുകൾ ഓരോ വർഷവും ഇറ്റലിയിലേക്ക് പലായനം ചെയ്യുന്നുണ്ട്.
ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ മിസ്സിംഗ് മൈഗ്രൻ്റ്സ് പ്രോജക്റ്റ് അനുസരിച്ച്, 2014 മുതൽ മെഡിറ്ററേനിയൻ പ്രദേശത്ത് 20,333 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.