ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് വ്യാജ മരുന്നുകളുടെ വില്‍പ്പനയും വിതരണവും കർശനമായി നിരീക്ഷിക്കണമെന്ന നിർദേശവുമായി ഡ്രഗ്സ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ). വിപണിയിലുള്ള രണ്ട് മരുന്നുകളുടെ വ്യാജ പതിപ്പുകളില്‍ കർശന ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്സ് കൺട്രോളേഴ്സിന് നല്‍കിയ നിർദേശം. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോയും ക്യാൻസർ രോഗത്തിനുള്ള അഡ്സെട്രിസ് കുത്തിവയ്പ്പും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഡിസിജിഐ മുന്നറിയിപ്പ് നല്‍കിയതായി ന്യൂസ് ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ടകെഡ ഫാർമസ്യൂട്ടിക്കൽ കമ്പനി ലിമിറ്റഡ് നിർമ്മിക്കുന്ന അഡ്‌സെട്രിസിന്റെ 50 മില്ലിഗ്രാം കുത്തിവയ്പ്പിനുള്ള മരുന്നിന്റെ നിരവധി വ്യാജ പതിപ്പ് ഇറങ്ങുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതായി സെപ്റ്റംബർ 5ന് ഡിസിജിഐ പുറത്തിറക്കിയ മാർഗനിർദേശങ്ങളില്‍ അറിയിച്ചു. ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിലാണ് ഈ മരുന്നുകള്‍ കണ്ടെത്തിയത്. വ്യാജ മരുന്നുകളുടെ എട്ട് വ്യത്യസ്ത ബാച്ച് നമ്പറുകൾ പ്രചാരത്തിലുണ്ടെന്നും പ്രധാനമായും ഓൺലൈൻ വഴിയാണ് ഈ മരുന്നുകളുടെ വിതരണം നടക്കുന്നതെന്നും ഡിസിജിഐ വ്യക്തമാക്കി.
ജെൻഷ്യം എസ്ആർഎൽ നിർമ്മിച്ച ഡിഫിറ്റെലിയോയുടെ 80 മില്ലിഗ്രാം മരുന്നിന്റെയും വ്യാജ പതിപ്പ് ഇറങ്ങിയതായി ലോകാരോഗ്യ സംഘടന നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ വ്യാജ പതിപ്പ് ഇന്ത്യയിലും തുർക്കിയിലും ഇറങ്ങിയതായിട്ടായിരുന്നു ലോകാരോഗ്യ സംഘടന ഡിസിജിഐക്ക് മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പ് നൽകിയ ഉത്പന്നം വ്യാജമാണെന്ന് ഡെഫിറ്റെലിയോയുടെ യഥാർഥ നിർമ്മാതാക്കൾ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. വ്യാജ ഡെഫിറ്റെലിയോ മരുന്നുപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശനങ്ങളും ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഐക്യാരാഷ്ട്ര സംഘടനയുടെ ആരോഗ്യ വിഭാഗം വ്യക്തമാക്കി.