WORLD

തടവുപുള്ളികൾക്ക് പാചക പരിശീലനം; ഭക്ഷണശാലകളിൽ ജോലി ലക്ഷ്യമിട്ട് ദുബായിൽ പുതിയ പദ്ധതി

ആശയവിനിമയവും പരിശീലനവും അതത് രാജ്യങ്ങൾക്കനുസൃതമായി ക്രമീകരിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

തടവ് പുള്ളികൾക്ക് പാചക കലയിൽ വിദഗ്ധ പരിശീലനം നൽകുന്ന പുതിയ പദ്ധതിക്ക് രൂപം നൽകി ദുബായ്. തടവുകാർ ഏതെങ്കിലും പുതിയ കാര്യത്തിൽ വൈദഗ്ധ്യം നേടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം. തൊഴിലധിഷ്ഠിത കഴിവുകൾ നേടുന്നത് വഴി മോചിതരായ ശേഷം പുതിയ ജോലി കണ്ടെത്താൻ എളുപ്പമാകുമെന്നും പുതിയ ജീവിതം സാധ്യമാകുമെന്നും ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.

കമ്മ്യൂണിറ്റി ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും ഭാഗമാണ് പദ്ധതി. കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിലാണ് 'കുക്കിംഗ് ഇനിഷ്യേറ്റീവ് ഫോർ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ' പദ്ധതി ദുബായ് അധികൃതർ അവതരിപ്പിച്ചത്. പ്രോഗ്രാം പൂർത്തിയാകുമ്പോൾ തടവുകാർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇതുവഴി അവർക്ക് റെസ്റ്റോറന്റുകളിൽ ജോലി ചെയ്യാനോ അല്ലെങ്കിൽ സ്വന്തമായി പ്രോജക്ടുകൾ തുടങ്ങാനോ സാധിക്കും. രണ്ട് മാസം മുൻപാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 30 തടവുകാർക്ക് ഇതുവഴി പാചക പരിശീലനം നൽകുന്നുണ്ട്.

ആശയവിനിമയവും പരിശീലനവും അതത് രാജ്യങ്ങൾക്കനുസൃതമായി ക്രമീകരിച്ചിട്ടുണ്ട്. തടവുകാരുമായി ചേർന്ന് തയ്യാറാക്കിയ പാചക കുറിപ്പുകൾ അടങ്ങിയ ഒരു പുസ്തകം ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള ഉപകരണങ്ങളും മൂർച്ചയുള്ള കത്തികളും മറ്റും പാചക പരിശീലനത്തിന് ഉപയോഗിക്കുന്നതിലെ സുരക്ഷ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് വിവിധ ഘട്ടങ്ങളിലായി ഇത്തരം കാര്യങ്ങൾ പരിശീലിപ്പിക്കുന്നു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

"തടവുകാർക്ക് ഒന്നിലധികം ഘട്ടങ്ങളിലായി പരിശീലനം നൽകുന്നു. മൂർച്ചയുള്ള ഉപകരണങ്ങൾ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും ഇതിൽ ഉൾപ്പെടുന്നു. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് ആരോഗ്യം, സുരക്ഷ, ശുചിത്വ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും അവർക്ക് ലഭിക്കുന്നു." അധികൃതർ വ്യക്തമാക്കി.

ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ചുള്ള സ്പോർട്സ് ഇനങ്ങളിലും വിദ്യാഭ്യാസ, കരകൗശല കോഴ്‌സുകൾ പോലുള്ള മറ്റ് തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലും തടവുകാർക്ക് നേരത്തെ തന്നെ പരിശീലനം നൽകുന്നുണ്ട്. നിർമ്മാണ ഘട്ടം മുതൽ വിൽപ്പന വരെയുള്ള വിവിധ ഘട്ടങ്ങളിലാണ് വിദഗ്ധ പരിശീലനം നൽകുന്നത്.

ഈ പ്രോഗ്രാമുകൾ തടവുകാർക്ക് തിരികെ സമൂഹത്തിലെത്തുമ്പോൾ ആവശ്യമായ പിന്തുണ നൽകുമെന്നും വീണ്ടും സഹിഷ്ണതയുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി