തൊഴില്‍ രംഗത്ത് യുവാക്കളേക്കാള്‍ പ്രായമേറിയവര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനസംഖ്യ കൂട്ടാന്‍ തങ്ങളാലാവുന്നത് ചെയ്യുകയാണ് ട്രിപ്പ് ഡോട്ട് കോം എന്ന കമ്പനി. ജീവനക്കാർക്ക് ജനിക്കുന്ന ഓരോ കുട്ടിക്കും 50,0000 യുവാന്‍ നല്‍കാനാണ് ചൈനയിലെ പ്രധാന കമ്പനിയായ ട്രിപ്പ് ഡോട്ട് കോമിന്റെ തീരുമാനം. ജനസംഖ്യയിലെ ഇടിവ് ചൈനീസ് സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്ന വിലയിരുത്തല്‍ പുറത്തുവന്നതിന് ശേഷം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ സ്വകാര്യ കമ്പനിയാണ് ട്രിപ്പ് ഡോട്ട് കോം.
400 മില്യണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയാണ് ഇത്. ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാര്‍ക്ക് ജനിക്കുന്ന ഓരോ കുട്ടിക്കും അഞ്ചു വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10,000 യുവാനാണ് കമ്പനി നല്‍കുക. പദ്ധതിക്കായി ഏകദേശം ഒരു ബില്യണ്‍ രൂപ ചെലവ് വരുമെന്നാണ് കമ്പനിയുടെ വക്താക്കള്‍ പറയുന്നത്.
'' ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇത് ഒന്നിലധികം കുട്ടികളെ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് വലിയ ആശ്വാസം നല്‍കും,'' ട്രിപ്പ് ഡോട്ട് കോം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജെയിംസ് ലിയാങ് പറഞ്ഞു. ഇതിനായി കമ്പനികള്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ഒന്നിലധികം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കളെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
1980 മുതല്‍ 2015 വരെ നീണ്ടുനിന്ന 'ഒറ്റക്കുട്ടി നയം' എന്ന പദ്ധതി സമ്പദ്‌വ്യവസ്ഥയില്‍ വര്‍ധനവുണ്ടാക്കുന്നതിന് പകരം വലിയ തോതില്‍ ഇടിവുണ്ടാക്കുമെന്ന് ജനസംഖ്യ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തൊഴില്‍ ചെയ്യുന്ന യുവാക്കളുടെ എണ്ണം കുറച്ച് പ്രാദേശിക ഗവണ്‍മെന്റിനെ കൂടുതല്‍ കടക്കെണിയിലാക്കും വിധം പ്രായമായവരുടെ ജനസംഖ്യ കൂട്ടുന്നതിലേക്കും നയിച്ചു.
ചൈനയുടെ ജനനനിരക്ക് ആയിരം പേരെ എടുത്താല്‍ 2021 ലെ 7.52 ല്‍ നിന്നും കഴിഞ്ഞവര്‍ഷം 6.77 ആയി കുറഞ്ഞു. 2021ല്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വീതമെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം രാജ്യത്തെ ജനനനിരക്ക് വലിയ രീതിയിലാണ് കുറഞ്ഞിരിക്കുന്നത്. ശിശുപരിപാലനം, വിദ്യാഭ്യാസ ചെലവ്, കുറഞ്ഞ വരുമാനം, ദുര്‍ബലമായ സാമൂഹിക സുരക്ഷാ വലയം, ലിംഗ അസമത്വം എന്നിവ കാരണമാണ് ദമ്പതികള്‍ കുട്ടികളെ വളര്‍ത്താന്‍ ആഗ്രഹമുണ്ടായിട്ടും അതിന് വിമുഖത കാണിക്കുന്നത്.
ജനസംഖ്യാശാസ്ത്രജ്ഞന്‍ കൂടിയായ ലിയാങ് 'ജനസംഖ്യാ തന്ത്രങ്ങള്‍: ജനസംഖ്യ സമ്പദ് വ്യവ്സ്ഥയെയും നവീകരണത്തെയും എങ്ങനെ ബാധിക്കുന്നു' എന്ന പേരില്‍ ഈ വര്‍ഷം ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചൈനയുടെ ജിഡിപിയുടെ 2% ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായി മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.