അടിമത്തം നടപ്പാക്കിയ ഭൂതകാലത്തില്‍ ക്ഷമ ചോദിച്ച് ഡച്ച് രാജാവ് വില്ലം അലക്‌സാണ്ടര്‍. നെതര്‍ലന്‍ഡ്‌സ് അടിമത്തം നിര്‍ത്തലാക്കിയതിന്‌റെ 160ാം വാര്‍ഷിക ദിനത്തിലാണ് കൊളോണിയല്‍ കാലത്ത് അടിമത്തം നടപ്പാക്കിയതില്‍ വില്ലം ക്ഷമാപണം നടത്തിയത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞ വില്ലം, വംശീയ ഇപ്പോഴും രാജ്യം നേരിടുന്ന വലിയ പ്രശ്‌നമെന്നും കൂട്ടിച്ചേര്‍ത്തു.
നെതര്‍ലന്‍ഡ്‌സിലും അവര്‍ കൈവശമുണ്ടായിരുന്ന മറ്റ് പ്രദേശങ്ങളിലും നിയമപരമായി അടിമത്തം അവസാനിപ്പിക്കുന്നത് 1863 ജൂലൈ ഒന്നിനാണ്. 10 വര്‍ഷത്തിന് ശേഷമാണ് സമ്പ്രദായം പൂര്‍ണമായും അവസാനിക്കുന്നത്. '' രാജാവെന്ന നിലയിലും സര്‍ക്കാരിന്‌റെ പ്രതിനിധിയായുമാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ഈ ദിവസം അടിമത്തം നിലനിന്നിരുന്ന ഭൂതകാലം ഞാന്‍ ഓര്‍ക്കുന്നു. മനുഷ്യത്വത്തിനെതിരായ ഈ ക്രൂരതയില്‍ മാപ്പു ചോദിക്കുന്നു. എന്‌റെ ക്ഷമാപണം ഡച്ച് സമൂഹത്തിലെ എല്ലാവരും അംഗീകരിക്കില്ലെന്ന് അറിയാം, '' ആംസ്റ്റർഡാമിൽ നടന്ന ചടങ്ങില്‍ വില്ലം പറഞ്ഞു.
''രാജ്യത്തിന്‌റെ ഭൂതകാലത്തിൽ ഏറെക്കാലമായി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ക്ഷമാപണം നടത്തുക ഈ ഘട്ടത്തിൽ തന്‌റെ ധാര്‍മിക ഉത്തരവാദിത്വമായി കാണുന്നു. ചങ്ങലകള്‍ യഥാര്‍ത്ഥത്തില്‍ തകര്‍ക്കപ്പെട്ടിരിക്കുയാണ് ഇപ്പോള്‍,'' വില്ലം പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാരിന് വേണ്ടി പ്രധാനമന്ത്രി മാര്‍ക് റൂട്ടെ ക്ഷമാപണം നടത്തിയിരുന്നു. ഇതൊരു തുടക്കമെന്ന് അന്ന് പ്രതികരിച്ച വില്ലം ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
കരീബിയന്‍ രാജ്യങ്ങളിലാണ് നെതര്‍ലന്‍ഡ്‌സിന്‌റെ പ്രധാന കോളനികള്‍ ഉണ്ടായിരുന്നത്. അടിമക്കച്ചവടത്തിന്‌റെ ഭാഗമായി ആറ് ലക്ഷത്തോളം ആഫ്രിക്കന്‍ വംശജരേയാണ് ദക്ഷിണ അമേരിക്കന്‍- കരീബിയന്‍ രാജ്യങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് എത്തിച്ചത്. 16 ഉം 17 നൂറ്റാണ്ടില്‍ ഡച്ച് രാജവംശത്തിന്‌റെ മുഖ്യ ധനസമാഹരണ വഴിയായിരുന്നു അടിമക്കച്ചവടം. ഇപ്പോഴത്തെ മൂല്യം കണക്കാക്കിയാല്‍ 54.5 കോടി യൂറോയാണ് 1675 മുതല്‍ 1770 വരെ കോളണികളിലെ അടിമക്കച്ചവടത്തിൽ നിന്ന് രാജവംശം സമാഹരിച്ചത്. രാജ്യത്തിന്‌റെ സുവര്‍ണ ചരിത്രത്തിന്‌റെ ഭാഗമായാണ് അടിമത്ത സമ്പ്രദായം എഴുതപ്പെട്ടിരുന്നത്.
ഔദ്യോഗിക ചടങ്ങുകള്‍ക്കായി രാജാവ് യാത്ര ചെയ്തിരുന്ന പരമ്പരാഗത വാഹനമായ റോയല്‍ ഗോള്‍ഡന്‍ കോച്ച് 2022 ല്‍ വില്യം അലക്‌സാണ്ടര്‍ ഉപേക്ഷിച്ചിരുന്നു. അടിമത്തത്തിന്‌റെ പ്രതീകമാണ് റോയല്‍ ഗോള്‍ഡന്‍ കോച്ച് എന്ന് വില്ലം വിശദീകരിച്ചു. അടിമകളാക്കപ്പെട്ടവരുടെ പിന്‍മുറക്കാരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഔദ്യോഗിക ക്ഷമാപണത്തിന് ഡച്ച് രാജാവ് തീരുമാനമെടുത്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ക്ഷമാപണം നടത്താന്‍ വിസമ്മതിച്ചവരാണ്. എന്നാല്‍ മറ്റ് പല രാജ്യങ്ങളും ഇതിന് തയ്യാറായിട്ടുണ്ട്.