അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ബലാത്സംഗക്കേസില്‍ കൂടുതല്‍ നഷ്ടപരിഹാരം തേടി എഴുത്തുകാരി ജീന്‍ കരോള്‍ കോടതിയിൽ. ബലാത്സംഗ ആരോപണക്കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ജൂറി നേരത്തെ 50 ലക്ഷം ഡോളര്‍ (41.42 കോടി) നഷ്ടപരിഹാരം നല്‍കാൻ നേരത്തെ വിധിച്ചിരുന്നു. 10 ലക്ഷം ഡോളര്‍ (8.28 കോടി) കൂടി നഷ്പരിഹാരം വേണമെന്നാണ് ജീന്‍ കരോളിന്റെ ഇപ്പോഴത്തെ ആവശ്യം.
ട്രംപ് കുറ്റക്കാരനാണെന്ന കോടതി വിധി വന്നതിന് പിറ്റേദിവസം ടെലിവിഷന്‍ പരിപാടിക്കിടെ എഴുത്തുകാരിക്കെതിരെ വീണ്ടും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ജീന്‍ കരോളിന്റെ അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തത്. ''വെറുപ്പും വിദ്വേഷവും കൊണ്ട് വീണ്ടും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. ട്രംപിന്റെ ഈ പെരുമാറ്റം കൂടുതല്‍ ശിക്ഷാ നടപടികള്‍ അര്‍ഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് അദ്ദേഹത്തെയും മറ്റുള്ളവരെയും ഇത് തടയും,'' അഭിഭാഷകൻ പറഞ്ഞു.
1990ല്‍ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡ്രസ്സിങ് റൂമില്‍വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു ജീന്‍ കരോളിന്റെ ആരോപണം. ഇക്കാര്യം കോടതിയിലാണ് ജീന്‍ കരോള്‍ വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധം നടന്നതിന് തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കരോളിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ട്രംപ് ബാധ്യസ്ഥനാണെന്ന് ജൂറി കണ്ടെത്തിയെങ്കിലും ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടില്ല.