WORLD

ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വെബ് ഡെസ്ക്

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകർന്ന് 111 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സർവെ നല്‍കുന്ന വിവരപ്രകാരം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

ഗാന്‍സു പ്രവശ്യയില്‍ മാത്രം 100 പേരാണ് മരിച്ചത്. ഹൈഡോങ്ങില്‍ 10 പേരും മരിച്ചതായാണ് ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്യുന്നത്. നിരവധി കെട്ടിടങ്ങള്‍ തകർന്നതുള്‍പ്പടെ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജന്‍സിയായ ഷിന്‍ഹുവ നല്‍കുന്ന വിവരം.

ദുരന്തം സംഭവിച്ച മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. ആളുകളെ തിരയുന്നതിനും ദുരിതാശ്വാസത്തിനുമായി എല്ലാവിധ പരിശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിർദേശിച്ചു. വടക്കന്‍ ഷാന്‍സി പ്രവശ്യയിലെ ഷിയാനിലും ഭൂചലനം ഉണ്ടായതായി ഷിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് പല ഗ്രാമങ്ങളിലേക്കുമുള്ള ജല-വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്.

ഭൂകമ്പം സംഭവിച്ച ഗാന്‍സുവിലെ കാലാവസ്ഥയും പ്രതികൂലമാണ്. മൈനസ് 14 ഡിഗ്രിയാണ് പ്രദേശത്തെ തണുപ്പ്. ജല-വൈദ്യുതി വിതരണത്തിന് പുറമെ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

ഭുകമ്പങ്ങള്‍ ചൈനയെ സംബന്ധിച്ച് അസാധാരണമായ ഒന്നല്ല. കഴിഞ്ഞ ഓഗസ്റ്റില്‍ കിഴക്കന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 23 പേർക്ക് പരുക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബറില്‍ സിചുവാന്‍ പ്രവശ്യയിലുണ്ടായ ഭൂചലനത്തില്‍ 100 പേരൊളം മരിച്ചിരുന്നു. 6.6 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.

2008-ലുണ്ടായ ഭുകമ്പത്തിലായിരുന്നു ചൈനയില്‍ 87,000ത്തിലധികം പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിരുന്നു. 7.9 തീവ്രതയിലായിരുന്നു അന്ന് ഭൂകമ്പം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും